കരസേന മേധാവി ലഡാക്ക് സന്ദര്‍ശിക്കും
ഡോംഗ്ലോംഗില്‍ ഇന്ത്യയും ചൈനയും ഇടഞ്ഞു നില്‍ക്കുന്നതിനിടെ കരസേന മേധാവി ബിബിന്‍ റാവത്ത് ലാഡാക്ക് സന്ദര്‍ശിക്കും. മൂന്ന് ദിവസം നീണ്ടു നില്ക്കുന്ന സന്ദര്‍ശനത്തില്‍ കിഴക്കന്‍ ലഡാക്കിലെ സുരക്ഷ സംബന്ധിച്ച് അവലോകനങ്ങളും നടക്കും. ചൈന അതിര്‍ത്തിയിലെ സൈനിക തയ്യാറെടുപ്പുകളെ സംബന്ധിച്ച് മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയും ചെയ്യും. ഞായറാഴ്ചയാണ് സന്ദര്‍ശനം ആരംഭിക്കുന്നത്.
കഴിഞ്ഞ ചൊവ്വാഴ്ച ലഡാക് മേഖലയിലെ പാന്‍ഗോംഗ് തടാകത്തിന്റെ തീരത്തുള്ള ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് അതിക്രമിച്ചു കടക്കാന്‍ ചൈനയുടെ സൈന്യമായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പി.എല്‍.എ) ശ്രമിച്ചിരുന്നു. ഇന്ത്യന്‍ സേനയുടെ നിയന്ത്രണത്തിലുള്ള ഫിംഗര്‍ ഫോര്‍, ഫിംഗര്‍ ഫൈവ് എന്നീ മേഖലകളിലേക്ക് കടന്നു കയറാനായിരുന്നു ചൈന്യയുടെ ശ്രമം. ഇവരെ ഇന്ത്യന്‍ സൈന്യം തടയുകയും ഇരുവിഭാഗവും തമ്മില്‍ രൂക്ഷമായ കല്ലേറുണ്ടാവുകയും ചെയ്തതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. 2005നു ശേഷം ആദ്യമായണ് ചൈനീസ് സൈന്യത്തിന്റെ ഭാഗത്തു നിന്ന് ഇത്തരമൊരു നീക്കമുണ്ടാകുന്നത്.
അതേസമയം പാന്‍ഗോംഗില്‍ ചൈനയുടെ ഭാഗത്തു നിന്നുണ്ടായ കടന്നു കയറ്റം സ്ഥിരീകരിച്ച വിദേശകാര്യ മന്ത്രാലയം സൈനികര്‍ തമ്മിലുള്ള കല്ലേറിനെ പറ്റി അറിയില്ലെന്ന് വ്യക്തമാക്കി.
https://www.facebook.com/Malayalivartha