പോലീസ് അന്വേഷണം ശക്തമാക്കുന്നു: ബ്ലൂ വെയ്ല് ഗെയിം വാട്സാപ്പില്‍
അടിമയാകുന്നവരെ മരണത്തിലേക്കു വരെ തള്ളിവിടുന്ന ബ്ലൂവെയ്ല്‍ ഗെയിമിന്റേതെന്നു കരുതുന്ന ലിങ്കുകള്‍ വാട്ട്സ് ആപ്പില്‍ പ്രചരിക്കുന്നു. യുവാക്കളുടെ ഗ്രൂപ്പുകളിലും സ്വകാര്യ മെസേജായുമൊക്കെയാണ് ഇതു പ്രചരിക്കുന്നത്. ഘട്ടംഘട്ടമായി മരണത്തിലേക്ക് അടുപ്പിക്കുന്ന അസാധാരണമായ ഒരു ഗെയിമാണ് ബ്ലൂവെയ്ല്‍. ദി സൈലന്റ് ഹൗസ്, ദി വെയില് ഇന്‍ ദി സീ എന്നീ പേരുകളിലും ബ്ലൂവെയ്ല്‍ പ്രചരിക്കുന്നുണ്ട്. രഹസ്യ ലിങ്കുകള്‍ വഴിയും കമ്യൂണിറ്റി വഴിയുമാണു ഗെയിമിന്റെ ലിങ്കുകള്‍ വ്യാപിക്കുന്നത്. ഇവ വാട്ട്സ് ആപ്പിലൂടെ എത്തുന്നതോടെ കൂടുതല്‍ പേരിലേക്ക് അതിവേഗം എത്തപ്പെടും. തലയിലും ശരിരത്തിലും മുറിവേല്‍പ്പിക്കുക, സാഹസികതയും ധൈര്യവും പരീക്ഷിക്കാന്‍ പുലര്‍ച്ച ഒറ്റയ്ക്കിരുന്നു പ്രേത സിനിമകള്‍ കാണുക എന്നിങ്ങനെയുള്ള ടാസ്കുകളിലൂടെ ഗെയിമിനു പൂര്‍ണമായും അടിമപ്പെടുകയും ഗെയിമിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചു പ്രവര്‍ത്തിക്കാനുള്ള മാനസിക നിലയിലേക്കു വ്യക്തികള്‍ എത്തിച്ചേരുകയും ചെയ്യുന്നു. ഇടയ്ക്ക് എപ്പോഴെങ്കിലും അപകടസാധ്യത മനസിലാക്കി പിന്മാറാനോ നിര്‍ത്താനോ ശ്രമിച്ചാല്‍ നേരത്തേ എപ്പോഴെങ്കിലും ഹാക്ക് ചെയ്തു വച്ചിട്ടുള്ള വിവരങ്ങള്‍ വച്ചു ഭീഷണിപ്പെടുത്തുന്നതിനു പുറമേ ചെയ്യാത്ത കുറ്റങ്ങള്‍ ചെയ്തു എന്നു കാണിച്ചു ഭയപ്പെടുത്തുകയും ചെയ്യുന്നു. കളിക്കുന്നവര്‍ ഓരോ ലെവല്‍ കഴിയും തോറും കൂടുതല്‍ അടിമപ്പെടുകയാണു ചെയ്യുന്നത്. മനഃശാസ്ത്രപരമായ കൗണ്‍സിലിങ്ങിലൂടെ മാത്രമേ ഗെയിമിന് അടിമപ്പെട്ടവരെ തിരിച്ചുകൊണ്ടുവരാന്‍ കഴിയൂ. എന്നാല്‍ ഇത്തരക്കാരെ തിരിച്ചറിയുക എന്നതാണ് ഏറെ ദുഷ്കരം.
https://www.facebook.com/Malayalivartha