അങ്ങനെ സ്റ്റെവിന്‍ എസ്ഐ ആയി; നന്ദി, ചെന്നൈ പൊലീസ് നൂറു നന്ദി
ചെന്നൈ പോലീസിന് സല്യൂട്ട്. ഡൗണ്‍ സിന്‍ഡ്രം ബാധിച്ച യുവാവ് രണ്ടുമണിക്കൂര്‍ 'പൊലീസ്' ആയ ഈ വാര്‍ത്ത മനസ്സില്‍ മൂന്നു സല്യൂട്ട് അടിച്ചു വായിച്ചുതുടങ്ങാം. ഒന്ന്: സ്റ്റെവിന്‍ എന്ന പത്തൊന്പതുകാരന്റെ ഇച്ഛാശക്തിക്ക് രണ്ട്: മകന്റെ സ്വപ്നങ്ങള്‍ക്കു പരിധി കല്പിക്കാതിരുന്ന അവന്റെ മാതാപിതാക്കള്‍ക്ക് മൂന്ന്: കാക്കി ഹൃദയവിശാലതയുടെ നിറം കൂടിയാണെന്നു തെളിയിച്ച ചെന്നൈ പൊലീസിന്.
ഖത്തര്‍ ഫൗണ്ടേഷനില്‍ ഉദ്യോഗസ്ഥനായ തിരുവല്ല ആമല്ലൂര്‍ നെല്ലിമൂട്ടില്‍ സ്വദേശി ഡോ. രാജീവ് തോമസിന്റെ മകനാണു സ്റ്റെവിന്‍. ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി അമ്മ സിബി ഖത്തറില്‍ നടത്തുന്ന ഹോപ് സ്കൂളിലെ വിദ്യാര്‍ഥി. പരിമിതികളെ തോല്പിച്ചു കംപ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ഡിപ്ലോമ നേടിയ മിടുക്കന്.
രാജീവും കുടുംബവും കുടുംബം വര്‍ഷങ്ങളായി ചെന്നൈ അശോക് നഗറിലാണു താമസം. ഇത്തവണ അവധിക്കെത്തിയപ്പോള്‍ മകന്റെ ആഗ്രഹം അറിയിച്ച് ചെന്നൈ പൊലീസ് കമ്മിഷണര്‍ എ.കെ.വിശ്വനാഥനു രാജീവ് കത്തയച്ചു. രണ്ടു ദിവസത്തിനകം അശോക്നഗര്‍ എസിപി വിന്‍സെന്റ് ജയരാജും ഇന്‍സ്പെക്ടര്‍ സൂര്യലിംഗവും വീട്ടിലെത്തി. കാക്കി യൂണിഫോമിനുള്ള അളവെടുത്തു.
തോളില്‍ രണ്ടു നക്ഷത്രചിഹ്നമുള്ള എസ്ഐ യൂണിഫോമണിഞ്ഞു കഴിഞ്ഞ ദിവസം സ്റ്റെവിന്‍ അശോക്നഗര്‍ സ്റ്റേഷനിലെത്തിയപ്പോള്‍ പൊലീസുകാര്‍ സല്യൂട്ടടിച്ചു. ഒടുവില്‍ പട്രോളിങ് ജീപ്പിന്റെ മുന്‍സീറ്റിലിരുന്നു രണ്ടു കോസ്റ്റബിള്‍മാര്‍ക്കൊപ്പം നഗരത്തിലേക്കിറങ്ങി. സ്വപ്നത്തിലെ പൊലീസായി രണ്ടു മണിക്കൂര്‍ ജീവിച്ചതിന്റെ സന്തോഷവുമായി മടക്കം.
https://www.facebook.com/Malayalivartha