ഇന്ത്യനേരിടുന്ന പ്രധാന പ്രശ്നങ്ങൾ അസഹിഷ്ണുതയും തൊഴിലില്ലായ്മയുമെന്നു രാഹുൽ ഗാന്ധി
അസഹിഷ്ണുതയും തൊഴിലില്ലായ്മയും ഇന്ത്യയുടെ സുരക്ഷയ്ക്കും വികസനത്തിനും വെല്ലുവിളി ഉയർത്തുന്ന പ്രധാന പ്രശ്നങ്ങളാണെന്നു കോൺഗ്രസ് വൈസ് പ്രസിഡന്റ് രാഹുൽഗാന്ധി. സെന്റർ ഫോർ അമേരിക്കൻ പ്രോഗ്രസ്(സിഎപി)തിങ്കളാഴ്ച സംഘടിപ്പിച്ച വട്ടമേശ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ. രണ്ടാഴ്ചത്തെ അമേരിക്കൻ സന്ദർശനത്തിനെത്തിയതാണ് അദ്ദേഹം.
സിഎപി അധ്യക്ഷ നീര ടാണ്ഡൻ, ഇന്ത്യയിലെ മുൻ അമേരിക്കൻ അംബാസഡർമാരായ റിച്ചാർഡ് വർമ, ടിം റോമർ, മുൻ യുഎസ് പ്രസിഡന്റുമാരായ ബിൽ ക്ലിന്റൺ, ബറാക് ഒബാമ എന്നിവരുടെ ഉപദേശകനും ഹില്ലരി ക്ലിന്റന്റെ പ്രചാരണ വിഭാഗം തലവനുമായിരുന്ന ജോൺ പോഡെസ്റ്റ, സാം പിത്രോദ തുടങ്ങിയവർ വട്ടമേശ സമ്മേളനത്തിൽ സംബന്ധിച്ചു. രാഹുൽഗാന്ധിയുടെ പ്രഭാഷണം ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. രാഷ്ട്രീയ തന്ത്രജ്ഞർ, പാർലമെന്റ് അംഗങ്ങൾ തുടങ്ങി സമൂഹത്തിലെ ഉന്നതരായ വ്യക്തികളാണു വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്തത്. രാഹുലിന്റെ പ്രഭാഷണം പ്രതീക്ഷിച്ചതിലും ഏറെ മികച്ചതാണെന്നും തന്റെ ആശയങ്ങൾ യുക്തിസഹമായി സ്ഥാപിക്കാൻ രാഹുലിനായെന്നും സമ്മേളനത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
https://www.facebook.com/Malayalivartha