വിജയ്മല്യയെ ഇന്ത്യയില്‍ തിരിച്ചെത്തിക്കാത്തതിനെ വിമര്‍ശിച്ച് സുപ്രീംകോടതി
സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട വിജയ് മല്യയെയും ലളിത് മോദിയെയും ഇന്ത്യയില്‍ തിരിച്ചെത്തിക്കാനും നിയമനടപടികളുമായി മുന്നോട്ട് പോവാനും തയ്യാറാകാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടിയെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു. എന്തുകൊണ്ടാണ് ഇത്തരത്തിലുള നിലപാടുകളെന്നും ഉത്തരവുകള്‍ എന്തുകൊണ്ടാണ് മാനിക്കാത്തതെന്നും കോടതി ചോദിച്ചു. കഴിഞ്ഞ എട്ടു മാസമായി സുപ്രീംകോടതി ഉത്തരവുകള്‍ പുറപ്പെടുവിച്ചുകൊണ്ടിരിക്കുന്നു.
എന്നാല്‍ നിങ്ങളുടെ ഭാഗത്ത് നിന്ന് യാതൊരുവിധ നടപടികളും സ്വീകരിക്കുന്നില്ല. എന്താണ് ഇവിടെ നടക്കുന്നതെന്ന് പറഞ്ഞേ മതിയാകൂ കേന്ദ്രത്തിനും വിദേശകാര്യ മന്ത്രാലയത്തിനും വേണ്ടി ഹാജരായ അഡിഷണല്‍ സോളിറ്റര്‍ ജനറല്‍ മനീന്ദര്‍ സിംഗിനോട് കോടതി ആരാഞ്ഞു. ജസ്റ്റിസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ ബെഞ്ചാണ് രൂക്ഷ പരാമര്‍ശങ്ങള്‍ നടത്തിയത്.
ജാമ്യം ലഭിച്ചതിന് ശേഷം യു.കെയിലേക്ക് കടന്ന വനിതാ വ്യവസായി റിതികാ അവസ്തിയുടെ കേസ് പരിഗണിക്കവെയാണ് മല്യ മോദി വിഷയത്തില്‍ കോടതി പരാമര്‍ശം നടത്തിയത്.
https://www.facebook.com/Malayalivartha