എണ്ണൂറ് കോടിയുടെ വായ്പാ തട്ടിപ്പ് നടത്തിയ റോട്ടോമാക് എം.ഡി വിക്രം കോത്താരി അറസ്റ്റില്‍; സ്ഥാപനങ്ങളില്‍ പരിശോധന തുടരുന്നു
എണ്ണൂറ് കോടിയുടെ വായ്പാ തട്ടിപ്പ് നടത്തിയ റോട്ടോമാക് എം.ഡി വിക്രം കോത്താരി അറസ്റ്റിലായി. കോത്താരി രാജ്യം വിട്ടെന്ന് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇയാളെ സി.ബി.ഐ പിടികൂടിയത്. ഇയാളുടെ വീടുകളിലും സ്ഥാപനങ്ങളിലും പരിശോധന തുടരുകയാണ്. കാണ്‍പൂരിലെ മൂന്ന് സ്ഥാപനങ്ങളില്‍ റെയ്ഡ് തുടരുന്നു. ലക്നൗവിലെ മാള്‍ റോഡിലെ ഓഫീസ് ഒരാഴ്ചയായി പൂട്ടിയിട്ടിരിക്കുകയാണ്.
'താന്‍ ഒളിച്ചോടിയിട്ടില്ലെന്ന് വിക്രം കോത്താരി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. താന്‍ തട്ടിപ്പ് നടത്തിയിട്ടില്ല, നാട്ടില്‍ തന്നെയുണ്ട്. വായ്പ എടുത്തിട്ടുണ്ട്, താമസിക്കാതെ ബാങ്ക് അധികൃതര്‍ക്ക് മറുപടി നല്‍കുമെന്നും വാര്‍ത്താകുറിപ്പില്‍ പറയുന്നു. കിട്ടാക്കടം നല്‍കാനുള്ള കമ്പനികളുടെ പട്ടികയില്‍ തന്റെ കമ്പനിയെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. തന്നെ കുടിശികക്കാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത് ശരിയില്ല. വായ്പ തിരിച്ചടയ്ക്കാന്‍ ഗതിയില്ലാത്തവനല്ല ഞാന്‍. കമ്പനിയുമായി ബന്ധപ്പെട്ട കേസ് ദേശീയ കമ്പനി നിയമ ട്രൈബ്യൂണലിന് മുന്നിലാണെന്നും കോത്താരി വ്യക്തമാക്കി.
അലഹബാദ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് , യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകള്‍ നിയമങ്ങളില്‍ വിട്ടുവീഴ്ച വരുത്തിയതാണ് വിക്രം കോത്താരിക്ക് 800 കോടി വായ്പ നല്‍കിയത്. വായ്പ തിരിച്ചടച്ചില്ലെങ്കില്‍ ജപ്തിനടപടികള്‍ സ്വീകരിക്കുമെന്ന് അലഹബാദ് ബാങ്ക് മാനേജര്‍ രാജേഷ് ഗുപ്ത അറിയിച്ചു. പാന്‍പരാഗ് കമ്പനി ഉടമ ദീപക് കോത്താരിയുടെ സഹോദരനാണ് വിക്രം കോത്താരി. 1980ലാണ് ഇരുവരും ബിസിനസ് ആരംഭിക്കുന്നത്. പിന്നീടാണ് റോട്ടോമാക് ആരംഭിച്ചത്. 1990ല്‍ സ്ഥാപനങ്ങള്‍ വിഭജിച്ചപ്പോള്‍ വിക്രമിന് റോട്ടോമാക്കും സഹോദരന് പാന്‍പരാഗും ലഭിച്ചു.
https://www.facebook.com/Malayalivartha