മൊബൈല്‍ ഫോണ്‍ കൊലയാളിയായി... നവവരന് ദാരുണാന്ത്യം
മൊബൈല്‍ ഫോണില്‍ സംസാരിച്ചു റെയില്‍ പാളം മുറിച്ചുകടന്ന നവവരന് ദാരുണാന്ത്യം. ഞായറാഴ്ച വൈകുന്നേരം വിവാഹിതനാകേണ്ട നരേഷ് പാലിനാണ് (30) വീടിനു സമീപത്തുവച്ച് ഈ ദുരന്തം സംഭവിച്ചത്. രാവിലെ പാളം മുറിച്ചുകടക്കവെ രാജ്യറാണി എക്സ്പ്രസാണു നരേഷിനെ ഇടിച്ചിട്ടത്. മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ടു നടന്ന നരേഷ് മറ്റേ കൈ ഉപയോഗിച്ച് മറ്റൊരു ഫോണില്‍ മെസേജ് അയയ്ക്കുകയുമായിരുന്നു.
ശ്രദ്ധ തെറ്റിയപ്പോള്‍ ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല. നോയിഡയിലെ സ്വകാര്യ കമ്പനിയില്‍ എന്‍ജിനീയറാണു നരേഷ്. ഷാജഹാന്‍പുരിലെ ഉമാ ഗാങ്വറുമായാണു വിവാഹം നിശ്ചയിച്ചിരുന്നത്. അപകടവാര്‍ത്ത രാവിലെ ഒന്‍പതോടെയാണു കുടുംബം അറിയുന്നത്. വിവാഹത്തിന്റെ അവസാന വട്ട ഒരുക്കങ്ങള്‍ക്കിടെ വന്ന ദുരന്തവാര്‍ത്ത കുടുംബാംഗങ്ങളെ ദുഖത്തിലാഴ്ത്തി.
വീടിന് 50 മീറ്റര്‍ അകലെയുള്ള റെയില്‍ പാളത്തിനരികിലേക്കു നരേഷ് പോയതു സുഹൃത്തിനോടു ഫോണില്‍ സംസാരിച്ചാണെന്നും ബന്ധുക്കള്‍ അറിയിച്ചു. അപകടമാണെന്നാണു പൊലീസിന്റെ പ്രഥമിക വിലയിരുത്തല്‍. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും അവര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha