രാജ്യത്ത് അഴിമതി വർധിക്കുന്നു; ആഗോള അഴിമതി അവബോധ സൂചികയിൽ ഇന്ത്യയ്ക്ക് എൺപത്തിയൊന്നാം സ്ഥാനം
രാജ്യത്ത് അഴിമതി വർധിക്കുകയാണെന്ന് പുതിയ റിപ്പോർട്ട്. ട്രാൻസ്പരൻസി ഇന്റർനാഷണൽ കഴിഞ്ഞദിവസം പുറത്തിറക്കിയ ആഗോള അഴിമതി അവബോധ സൂചികയിൽ ഇന്ത്യയ്ക്ക് എൺപത്തിയൊന്നാം സ്ഥാനമാണ്. അഴിമതിയുടെയും മാധ്യമസ്വാതന്ത്ര്യത്തിന്റെയും കാര്യം പരിഗണിച്ചാൽ സൂചികയിൽ ഇന്ത്യ ഏറെ പിന്നിലാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇതിനു മുമ്പ് 176 രാജ്യങ്ങളെ ഉൾപ്പെടുത്തി പുറത്തിറക്കിയ റിപ്പോർട്ടിൽ ഇന്ത്യ എഴുപത്തിയൊൻപതാം സ്ഥാനത്തായിരുന്നു. എന്നാൽ ഇത്തവണ ഇന്ത്യ രണ്ടു സ്ഥാനങ്ങൾ പിന്നിലേക്കു പോകുകയായിരുന്നു.
അയൽരാജ്യമായ പാക്കിസ്ഥാൻ ഇന്ത്യയേക്കാൾ അഴിമതി നിറഞ്ഞ രാജ്യമാണെന്ന് സൂചിക വിശദീകരിക്കുന്നു. പട്ടികയിൽ 117-ാം സ്ഥാനത്താണ് പാക്കിസ്ഥാൻ. പൂജ്യം മുതൽ 100 വരെയുള്ള സംഖ്യകളിലാണ് സൂചിക കണക്കുകൾ പുറത്തുവിട്ടത്. പൂജ്യം ഏറ്റവും അഴിമതിയും 100 ഏറ്റവും ശുദ്ധവുമാണ്. ഇതിൽ 40 ആണ് ഇന്ത്യയുടെ സൂചിക. കഴിഞ്ഞ വർഷവും ഇന്ത്യയുടെ സൂചിക 40 ആയിരുന്നു. എന്നാൽ 2015ൽ ഇത് 38 ആയിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. പുതിയ റിപ്പോർട്ടിൽ പാക്കിസ്ഥാന്റെ സ്കോർ 32 ആണ്. ന്യൂസിലൻഡ്, ഡെൻമാർക്ക് എന്നീ രാജ്യങ്ങളാണ് അഴിമതി കുറഞ്ഞ രാജ്യങ്ങൾ. ഇവർക്ക് യഥാക്രമം 89, 88 എന്നിങ്ങനെയാണ് സ്കോർ. സിറിയ, സൗത്ത് സുഡാൻ, സൊമാലിയ എന്നീ രാജ്യങ്ങൾ പട്ടികയിൽ പിന്നിൽനിൽക്കുന്നു. കേവലം ഒമ്പത് മാത്രമാണ് ഇതിൽ സൊമാലിയയുടെ സ്കോർ.
https://www.facebook.com/Malayalivartha