ജനങ്ങളുടെ പണം അപഹരിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും സാമ്പത്തിക തട്ടിപ്പു കേസുകളില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും പ്രധാനമന്ത്രി
പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ മുംബയ് ബ്രാഡി ഹൗസ് ശാഖയില്‍ 11,000 കോടിയുടെ തട്ടിപ്പ് നടത്തി രത്നവ്യാപാരി നീരവ് മോദി രാജ്യം വിട്ട സംഭവത്തില്‍ ആദ്യമായി പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി. ജനങ്ങളുടെ പണം അപഹരിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും സാമ്പത്തിക തട്ടിപ്പു കേസുകളില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കണോമിക് ടൈംസ് സംഘടിപ്പിച്ച ആഗോള ബിസിനസ് ഉച്ചകോടിയില്‍ പങ്കെടുക്കുകയായിരുന്നു മോദി. പൊതുപണം കൊള്ളയടിക്കുന്നതു സഹിക്കാനാവില്ലെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. ഇത്ര വലിയ തട്ടിപ്പ് നടന്നിട്ടും പ്രധാനമന്ത്രി ഏറെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
നേരത്തെ, നീരവ് മോദിയുടെയും അമ്മാവനും ഗീതാഞ്ജലി ഗ്രൂപ്പ് ഉടമസ്ഥനുമായ മെഹുല്‍ ചോക്സിയുടെയും സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് കണ്ടുകെട്ടിയിരുന്നു. മോദിയുടെ 94.52 കോടിയുടെ സ്വത്തുക്കളും ഒന്‍പത് അത്യാഡംബര കാറുകളുമാണ് പിടിച്ചെടുത്തത്. മോദിയുടേയും ബന്ധപ്പെട്ട സ്ഥാപനങ്ങളുടെയും 145 കോടി രൂപ നിക്ഷേപമുള്ള അക്കൗണ്ടുകളും കണ്ടുകെട്ടിയിട്ടുണ്ട്. ചോക്സിയുടെ 86.72 കോടിയുടെ മ്യൂച്ച്വല്‍ ഫണ്ടുകളും ഓഹരികളുമാണ് മരവിപ്പിച്ചിരിക്കുന്നത്. ബാക്കി 7.8 കോടിയുടെ ഓഹരികളും മ്യൂച്വല്‍ ഫണ്ടുകളും നീരവ് മോദിയുടേതാണ്.
https://www.facebook.com/Malayalivartha