ഭാര്യമാരെ ഉപേക്ഷിച്ച വിദേശത്തേക്ക് കടന്ന വിരുതന്മാര്ക്ക് എട്ടിന്റെ പണികൊടുത്ത് സര്‍ക്കാര്‍; രണ്ടുമാസത്തിനകം ലഭിച്ചത് 80 പരാതികള്‍; പ്രവാസികളുടെ പാസ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി; ലുക്കൗട്ട് നോട്ടീസും പുറത്തിറക്കി
ഭാര്യമാരെ നാട്ടില്‍ ഉപേക്ഷിച്ചശേഷം വിദേശത്തേക്ക് കടക്കുന്ന പ്രവാസികള്‍ക്കെതിരെ കര്‍ശന നടപടിയെടുത്ത് കേന്ദ്രസര്‍ക്കാര്‍. ഇത്തരത്തിലുള്ള എട്ട് പ്രവാസികളുടെ പാസ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ അസാധുവാക്കിയിട്ടുണ്ട്. ഇവര്‍ക്കെതിരെ ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയം വാര്‍ത്താ ഏജന്‍സിയെ അറിയിച്ചു.
കഴിഞ്ഞ രണ്ടു മാസത്തിനിടെ വിദേശകാര്യ മന്ത്രാലയത്തിന് ലഭിച്ച എണ്‍പതോളം പരാതികളുടെ ഗൗരവം കണക്കിലെടുത്താണ് ആദ്യഘട്ടത്തില്‍ എട്ടുപേര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. ഇതില്‍ അഞ്ചുപേരുടെ പാസ്പോര്ട്ടുകള് കഴിഞ്ഞമാസം തന്നെ വിദേശകാര്യ മന്ത്രാലയം റദ്ദാക്കിയിരുന്നു. ദേശീയ വനിതാ കമ്മീഷന് പരിശോധനയ്ക്ക് വിധേയമാക്കിയ പരാതികളില്‍ വനിതാ ശിശുവികസന മന്ത്രാലയ സെക്രട്ടറി നേതൃത്വം നല്കുന്ന സമിതിയാണ് പാസ്പോര്‍ട്ട് അസാധുവാക്കുന്നത് അടക്കമുള്ള തീരുമാനങ്ങളെടുക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെയും വിദേശകാര്യ മന്ത്രാലയത്തിലെയും പ്രതിനിധികള്‍ ഉള്‍പ്പെട്ടതാണ് സമിതി.
കുടുംബ ജീവിതത്തിലെ പ്രശ്നങ്ങളെത്തുടര്‍ന്ന് ക്രിമിനല്‍ കേസുകളില്‍പ്പെടുകയും അറസ്റ്റും കോടതിയില്‍ ഹാജരാകുന്നതും ഒഴിവാക്കുന്നതിനുവേണ്ടി വിദേശത്ത് കഴിയുകയും ചെയ്യുന്ന പ്രവാസികള്‍ക്കെതിരെയാണ് കേന്ദ്രസര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിച്ചിരിക്കുന്നത്
https://www.facebook.com/Malayalivartha