ദുബൈയില്‍ ഇനി കഥകളി രാവുകള്‍
യു.എ.ഇ ദേശീയദിനാഘോഷത്തിന് ദുബൈയില്‍ തുടക്കമായി. കോണ്‍സല്‍ ജനറല്‍ അനുരാഗ് ഭൂഷണ് ഉദ്ഘാടനം നിര്‍വഹിച്ചു. വ്യാഴാഴ്ച ജെംസ് ഇന്റര്‍നാഷനല്‍ വെല്ലിംഗ്ടണ്‍ സ്കൂളിലെ പ്രിന്‍സസ് ഹയ ബിന്ത് അല്‍ ഹുസൈന് തിയറ്ററിലാരംഭിച്ച ഉത്സവം കഥകളി, കൂടിയാട്ടം, മോഹിനിയാട്ടം, ഓട്ടന്‍ തുള്ളല്‍, സോപാനസംഗീതം തുടങ്ങിയ കേരളീയ കലകളുടെ സമന്വയമായി.
മൂന്നു ദിവസമാണ് ഈ ആഘോഷം നീണ്ടുനില്‍ക്കുന്നത്. പ്രമുഖ കളിയാശാന് പട്ടികാന്തൊടി രാവുണ്ണി മേനോനുള്ള പ്രണാമമായിരുന്നു പരിപാടിയുടെ ആദ്യനാള്‍. ആചാര്യവന്ദനത്തില്‍ കലാമണ്ഡലം ശങ്കര വാര്യര്‍, കലാമണ്ഡലം രാജനാരായണന്‍, കലാമണ്ഡലം അനീഷ് എന്നിവര്‍ മദ്ദളകേളി നടത്തി. ഉത്തരാസ്വയംവരം കഥകളിയില്‍ കലാമണ്ഡലം ബാലസുബ്രഹ്മണ്യന് ദുര്യോധനനായും കലാമണ്ഡലം വിജയകുമാര്‍ ഭാനുമതിയായും പകര്‍ന്നാടി. വിനീത നെടുങ്ങാടിയുടെ മോഹിനിയാട്ടം സോദോഹാരണ പ്രഭാഷണമുണ്ടായി. കൂടാതെ അതുല്യ സതീശന്, മാളവിക രവി മേനോന് എന്നിവരുമുണ്ടായിരുന്നു. രുഗ്മാംഗ്ദചരിതം കഥകളിയില്‍ ദുഗ്മാംഗദനായി കലാമണ്ഡലം ഗോപിയാശാനും മോഹിനിയായി മാര്‍ഗി വിജയകുമാറും ആസ്വാദകരെ രസിപ്പിച്ചു. ആദ്യ ദിവസത്തെ ആഘോഷങ്ങള്‍ സമാപിച്ചത് മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരുടെ സിംഗിള്‍ തായമ്പക വിരുന്നോടെയാണ്. വിനീതാ നെടുങ്ങാടിയുടെ മോഹിനിയാട്ടവും മട്ടന്നൂര്‍ ശ്രീകാന്ത്, മട്ടന്നൂര്‍ ശ്രീരാജ് എന്നിവരുടെ ഡബിള്‍ തായമ്പകയുമുണ്ടാവും.
https://www.facebook.com/Malayalivartha