രോഗിയുടെ രക്തസാമ്പിള്‍ മാറ്റിയെന്ന കേസില്‍ മലയാളി നഴ്സായ തൊടുപുഴ സ്വദേശി എബിന് തോമസിന് അഞ്ചു വര്‍ഷം തടവും പിഴയും
രോഗിയുടെ രക്തസാമ്പിള്‍ മാറ്റിയെന്ന കേസില്‍ മലയാളിയായ നഴ്സിന് കുവൈറ്റ് കോടതി അഞ്ചു വര്‍ഷം തടവും പിഴയും വിധിച്ചു. തൊടുപുഴ സ്വദേശി എബിന് തോമസിനെയാണ് ശിക്ഷിച്ചത്. നിലവില്‍ ജാമ്യത്തിലുള്ള എബിന് വിധിയുടെ പശ്ചാത്തലത്തില്‍ അപ്പീല്‍ നല്കാന് കോടതി സാവകാശം അനുവദിച്ചിട്ടുണ്ട്. വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കുമെന്നും എബിന്റെ അഭിഭാഷകന് അറിയിച്ചു.
മാര്‍ച്ച് മുതല്‍ വിചാരണ തടവുകാരനായി ജയിലില്‍ കഴിഞ്ഞിരുന്ന എബിന് ഓഗസ്റ്റില്‍ കോടതി ജാമ്യം അനുവദിച്ചിരുന്നു. അറബിയുടെ വീട്ടില്‍ പാചക ജോലിക്ക് നിയോഗിച്ചിരുന്ന ബംഗ്ലാദേശ് സ്വദേശിക്ക് മഞ്ഞപ്പിത്തമുണ്ടെന്ന വിവരം മറച്ചുവെച്ചുവെന്ന കുറ്റമാണ് എബിന്റെ മേല്‍ ചുമത്തിയിരുന്നത്. കുവൈറ്റിലെ അല്ഫാഹീല് മെഡിക്കല്‍ സെന്ററില്‍ നഴ്സായിരുന്നു എബിന്. ബംഗ്ലാദേശ് സ്വദേശി ക്ലിനിക്കില്‍ പരിശോധനയ്ക്ക് എത്തിയപ്പോള്‍ നടത്തിയ രക്തപരിശോധനയില്‍ മഞ്ഞപ്പിത്തമുള്ളതായി കണ്ടെത്തിയിരുന്നില്ല.
എന്നാല്‍ അറബിയുടെ വീട്ടില്‍ ജോലി ചെയ്യവേ ഇയാള്‍ രോഗബാധിതനാണെന്ന് രക്തപരിശോധനയില്‍ മഞ്ഞപ്പിത്തം കണ്ടെത്തി. ഇതേതുടര്‍ന്നാണ് രോഗവിവരം മറച്ചുവെച്ചുവെന്ന് ആരോപിച്ച് രാജ്യദ്രോഹകുറ്റം ചുമത്തിയാണ് എബിനെ കുവൈറ്റ് പൊലീസ് അറസ്റ്റു ചെയ്തത്. എബിന് ഉള്‍പ്പെടെ ഏഴു പേരാണ് കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. മറ്റുള്ളവരെല്ലാം ബംഗ്ലാദേശികളാണ്.
എന്നാല്‍ സംഭവത്തില്‍ എബിന് ചതിക്കപ്പെടുകയായിരുന്നുവെന്നാണ് സുഹൃത്തുക്കളും വീട്ടുകാരും പറയുന്നത്. ബംഗ്ലാദേശിയായ ഹസന് എന്നയാള്‍ രോഗബാധിതനായ ബംഗ്ലാദേശി യുവാവില്‍ നിന്നും പണം കൈപ്പറ്റി രക്തസാമ്പിള്‍ മാറ്റുകയായിരുന്നു എന്ന് അവര്‍ പറയുന്നു.
https://www.facebook.com/Malayalivartha