ആരെ കണ്ടാലും ഓടിപ്പോയി ഇടിച്ചുതെറിപ്പിച്ചു, കാടിറങ്ങിയ ഒരു ആനക്കുട്ടി!
അവന്‍ കാടിറങ്ങിയത് കുറുമ്പു കാട്ടാന്‍ മാത്രമായിരുന്നു എന്നു തന്നെ കരുതണം. തലകുലുക്കി, ശരീരമിളക്കി ഒരു കൊച്ചുകുട്ടി കണക്കെ റോഡില്‍ താളം ചവിട്ടി അവന്‍ മണിക്കൂറുകളോളം മൂഴിയാറിലുണ്ടായിരുന്നു. ആളൊരു കുട്ടിയാനയാണെങ്കിലും സ്വഭാവത്തില്‍ ഒറ്റയാനായിരുന്നു. രാവിലെയാണ് അവന്‍ കൂട്ടം വിട്ടു പുറത്തിറങ്ങിയത്.
ആനക്കുട്ടി ആദ്യമെത്തിയത് മൂഴിയാര്‍ ഡാമിനു മുകളില്‍ താമസിക്കുന്ന ആദിവാസികളുടെ വീടുകളിലാണ്. കൂരകളില്‍ കയറി അവന്‍ കളി തുടങ്ങി. ആദിവാസികള്‍ കുട്ടികളെയും കൊണ്ട് പുറത്തേക്ക് ഓടി. സ്‌നേഹപ്രകടനമാണോ ആക്രമണമാണോ എന്നറിയില്ല ആരെ കണ്ടാലും ഓടിപ്പോയി ഇടിക്കലായിരുന്നു അവന്റെ പ്രധാന പണി. വീടുകളിലെ പരാക്രമം കഴിഞ്ഞപ്പോള്‍ റോഡിലേക്ക് ഇറങ്ങി. പവര്‍ ഹൗസ് റോഡിലൂടെ പോയ ആരെയും അവന്‍ വെറുതെ വിട്ടില്ല.
കുമളിക്കു പോയ കെഎസ്ആര്‍ടിസി ബസിനെ വരെ അവന്‍ ഓടിച്ചിട്ട് ഇടിച്ചു. മൂഴിയാര്‍ പവര്‍ ഹൗസിലെ ഓവര്‍സീയര്‍ എസ്.രഞ്ജിത്തിന്റെ ബുള്ളറ്റിനു പിന്നാലെ കൂടിയ ആന ഒറ്റയിടിക്കു ബുള്ളറ്റ് മറിച്ചു. ഓടി മാറിയതിനാലാണ് രഞ്ജിത് രക്ഷപ്പെട്ടത്.
രാവിലെ ആറിനു കാടിറങ്ങിയ കുട്ടിയാന 10 മണി വരെ മൂഴിയാറിലും പരിസരത്തും തുടര്‍ന്നു. കളിയും കുസൃതിയും പരാക്രമവും കഴിഞ്ഞതോടെ പതുക്കെ കാടുകയറി. പിന്‍കാലില്‍ രണ്ടു മുറിവുകള്‍ ഉള്ളതിനാല്‍ ഫോറസ്റ്റുകാരും പിന്നാലെ കൂടി.
കനത്ത കോടയിലേക്കു മറഞ്ഞ കുട്ടിയാനയെ കാത്ത് ആനക്കൂട്ടം വെറ്റാര്‍ ഭാഗത്ത് നിലയുറപ്പിച്ചിരുന്നു. കളികഴിഞ്ഞെത്തിയ കുട്ടിയാനയെ മറ്റുള്ളവര്‍ പൊതിഞ്ഞു. ആനക്കൂട്ടത്തിന്റെ നടുവിലാക്കി അവര്‍ കുട്ടിയാനയുമായി മടങ്ങി. കൂട്ടംതെറ്റി പോയതിനു വഴക്കു പറഞ്ഞോ എന്നറിയില്ല, കുട്ടിയാന വളരെ ശാന്തനായി അടങ്ങിയൊതുങ്ങിയാണ് കൂട്ടത്തിനൊപ്പം മടങ്ങിയത്.
പ്ലാപ്പള്ളി, കൊച്ചുകോയിക്കല്‍, ആങ്ങമൂഴി എന്നീ ഓഫിസുകളില്‍ നിന്ന് വനപാലകര്‍ കുട്ടിയാനയെ തേടി എത്തിയിരുന്നു. ആനയ്ക്കു പരുക്കേറ്റതിനാല്‍ ചികില്‍സ ഉറപ്പാക്കാന്‍ ഡിഎഫ്ഒ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, പരുക്ക് സാരമുള്ളതല്ലെന്നു വനപാലകര്‍ അറിയിച്ചു. ആനക്കൂട്ടം കുട്ടിയാനയെ കൂട്ടിക്കൊണ്ടു പോയതോടെ പിന്തുടര്‍ന്ന വനപാലകര്‍ പിന്മാറി, കാടിറങ്ങി. നാലു മണിക്കൂറിലേറെ നീണ്ട ആനക്കളിക്കു ശുഭ പരിസമാപ്തി.
https://www.facebook.com/Malayalivartha