കൈപ്പുറം അബ്ബാസിന്റെ വീട്ടില്‍ വിരിഞ്ഞിറങ്ങിയത് മൂര്‍ഖന്‍ പാമ്പിന്റെ 33 കുഞ്ഞുങ്ങള്‍
കൈപ്പുറം അബ്ബാസിന്റെ വീട്ടില്‍ തയ്യാറാക്കിയ ഇന്‍ക്യുബേറ്ററിന്റെ ഇളംചൂടിലേക്ക് മൂര്‍ഖന്‍പാമ്പിന്റെ 33 കുഞ്ഞുങ്ങളും വിരിഞ്ഞിറങ്ങി. മനുഷ്യന്‍ അതിര്‍ത്തി തിരിച്ചുകെട്ടിയ ഇടങ്ങളിലേക്ക് കയറുമ്പോള്‍ കൈയില്‍ കിട്ടിയതെന്തുമെടുത്ത് പാമ്പുകളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന സ്ഥിരം കാഴ്ചയില്‍ നിന്ന് സഹജീവിസ്‌നേഹത്തിന്റെ സുഖമുള്ള കാഴ്ചയാണ് കൈപ്പുറം അബ്ബാസിന്റെ വീട്ടില്‍ കണ്ടത്.
കഴിഞ്ഞയാഴ്ച മുളയങ്കാവ് അമ്പലത്തിന് സമീപത്തെ രാജന്മാസ്റ്ററുടെ വീടിന്റെ മതിലിനുള്ളില്‍ ഉഗ്രവിഷമുള്ള മൂര്‍ഖന്‍ പാമ്പിനെ മുട്ടകളോടുകൂടി കണ്ടെത്തിയിരുന്നു. ഉടന്‍ തന്നെ അബ്ബാസിന്റെ ഫോണിലേക്ക് വിളി വന്നു. അബ്ബാസെത്തി പാമ്പിനെ പിടികൂടി. രണ്ട് മീറ്റര്‍ നീളമുള്ളതാണ് മൂര്‍ഖന്‍.
പാമ്പിനെ അന്നുതന്നെ ഫോറസ്റ്റ് അധികൃതരെ ഏല്‍പ്പിച്ചു. മുട്ടകള്‍ ഇല്ലാതാക്കാന്‍ കൂടിനിന്നവര്‍ പറഞ്ഞുവെങ്കിലും അബ്ബാസ് 33 മുട്ടകളും സുരക്ഷിതമായി തന്റെ വീട്ടിലെത്തിച്ച് അവിടെ തയ്യാറാക്കിയ ഇന്‍ക്യുബേറ്ററില്‍ സൂക്ഷിച്ചു.
ഇലക്ട്രിക് സംവിധാനത്തില്‍ പാമ്പിന്‍ മുട്ടകള്‍ വിരിയാന്‍ പ്രത്യേക കാലാവസ്ഥയൊരുക്കിയിട്ടുള്ള ഇന്‍ക്യുബേറ്ററില്‍ ഒരാഴ്ചയ്ക്കുശേഷം പതിയെപ്പതിയെ മുട്ടകള്‍ പൊട്ടി കുഞ്ഞുങ്ങള്‍ പുറത്തുവന്നു. ഇപ്പോള്‍ ചില്ലിട്ട കൂട്ടില്‍ മുഴുവന്‍ കുഞ്ഞുങ്ങളും ഇഴയാന്‍ തുടങ്ങിയിട്ടുണ്ട്. പാമ്പിന്‍ കുഞ്ഞുങ്ങളെ കാണാന്‍ നാട്ടുകാരുടെ തിരക്കുമുണ്ട്.
https://www.facebook.com/Malayalivartha