ലോകത്തെ ഏറ്റവും വലിയ റേഡിയോ ടെലിസ്കോപ് ദക്ഷിണാഫ്രിക്കയില്‍
ദക്ഷിണാഫ്രിക്കയില്‍ ലോകത്തെ ഏറ്റവും വലിയ റേഡിയോ ടെലിസ്കോപ് അവതരിപ്പിച്ചു. വടക്കന്‍ മുനമ്പിലെ കാര്‍ണര്‍ വോണില്‍ സജ്ജമാക്കിയിരിക്കുന്നത് 64 ഡിഷ് റേഡിയോ ടെലിസ്കോപ്പാണ്. ദക്ഷിണാഫ്രിക്കന്‍ ഡെപ്യൂട്ടി പ്രസിഡന്റ് ഡേവിഡ് മബൂസ കഴിഞ്ഞ ദിവസം ഇത് ഉദ്ഘാടനം ചെയ്തു. സ്ക്വയര്‍ കിലോമീറ്റര്‍ അറേ (എസ് കെ എ) എന്ന ഈ പദ്ധതിക്ക് മീര്കാറ്റ് എന്ന ഓമനപ്പേരാണ് നല്‍കിയിരിക്കുന്നത്. ടെലിസ്കോപ് പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനസജ്ജമായിട്ടില്ല. 2030-ഓട് കൂടിയേ പൂര്‍ണതോതില്‍ പ്രവര്ത്തനമാരംഭിക്കയുള്ളൂ.
നിലവില്‍ ലോകത്തുള്ള ടെലിസ്കോപ്പുകളേക്കാളും 50 മടങ്ങ് കരുത്തുറ്റതും 10,000 മടങ്ങ് വേഗമേറിയതുമാണ് ഈ ടെലിസ്കോപ് എന്ന് അധികൃതര്‍ അവകാശപ്പെടുന്നുണ്ട്. ആകാശത്തെ മികച്ച രീതിയില്‍ നിരീക്ഷിക്കാന്‍ ഈ ടെലിസ്കോപ് വിന്യാസത്തിനാകും. ക്ഷീരപഥത്തിന്റെ 30,000 പ്രകാശവര്‍ഷം അകലെയുള്ള കേന്ദ്രത്തിന്റെ ചിത്രങ്ങള്‍ വരെ പകര്‍ത്താന്‍ ഇതിനു കഴിയുമെന്ന് പറയപ്പെടുന്നു.
ദക്ഷിണാഫ്രിക്കയിലാണ് ടെലിസ്കോപിന്റെ സ്ഥാനമെങ്കിലും അന്താരാഷ്ട്ര സഹകരണത്തോടെയാണ് നിര്‍മാണം. ഓസ്ട്രേലിയ, ബ്രിട്ടന്, കാനഡ, ചൈന, ഇന്ത്യ, ഇറ്റലി, ന്യൂസിലന്‍ഡ്, സ്വീഡന്, നെതര്‍ലന്‍ഡ്സ്, ആഫ്രിക്കന്‍ രാജ്യങ്ങള്‍ തുടങ്ങിയവ നിര്‍മാണ സഹകരണവുമായി പിന്നിലുണ്ട്. പൊട്ടിത്തെറിക്കുന്ന നക്ഷത്രങ്ങള്‍, തമോഗര്‍ത്തങ്ങള്‍ എന്നിവ നിരീക്ഷിക്കാനും 1400 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള പ്രപഞ്ചത്തിന്റെ ഉദ്ഭവം കണ്ടെത്താനുമാണ് മീര്കാറ്റ് ഉപയോഗിക്കുക.
മീര്കാറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി സൂപ്പര്കംപ്യൂട്ടറുകളാണ് ഉപയോഗിക്കുന്നത്. ഐബിഎം ആണ് ഇവ നല്‍കുന്നത്. മീര്കാറ്റിന്റെ ആദ്യഘട്ടം പൂര്‍ത്തിയാകണമെങ്കില്‍ ഇനി 133 ഡിഷുകള്‍ കൂടി സ്ഥാപിക്കണം. ഇതിനു രണ്ടു വര്‍ഷമെങ്കിലും വേണ്ടിവരും.
https://www.facebook.com/Malayalivartha