വിമാനം തകരുന്നതിന് തൊട്ടു മുമ്പുള്ള ദൃശ്യങ്ങള്‍ പുറത്ത്
രണ്ട് ഓസ്ട്രേലിയന്‍ വൈമാനികര്‍ക്ക് അതീവ ഗുരുതര പരിക്കിനും മറ്റുരണ്ടു പേര് മരിക്കുന്നതിനും ഇടയാക്കിയ വിമാനാപകടത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നു. ദക്ഷിണാഫ്രിക്കയില്‍ കഴിഞ്ഞാഴ്ച തകര്‍ന്നു വീണ വിന്റേജ് വിമാനത്തിന്റെ അവസാന നിമിഷങ്ങള്‍ തന്റെ ഐഫോണ്‍ ഉപയോഗിച്ച് ഒരു യാത്രികന് പകര്‍ത്തിയതാണ്. എന്ജിന് കുലുങ്ങി തീ പിടിക്കാന്‍ തുടങ്ങുന്നതു മുതലുള്ള ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്.
എന്തു കൊണ്ടാണ് ഇത്ര കുലുക്കം അനുഭവപ്പെടുന്നതെന്നും റണ്‍വേയില്‍ എത്തണമെങ്കില്‍ എന്തെങ്കിലും അടിയന്തരമായി ചെയ്യേണ്ടതുണ്ടെന്നും ദൃശ്യങ്ങള്‍ പകര്‍ത്തിയ വ്യക്തിയും ഒരു സ്ത്രീയും തമ്മില്‍ നടത്തുന്ന സംഭാഷണം വ്യക്തമായി വീഡിയോയില്‍ കേള്‍ക്കാം. മരങ്ങളെയും കെട്ടിടങ്ങളെയും തൊട്ടുരുമ്മി വിമാനം താഴോട്ട് നീങ്ങുമ്പോള്‍ അയ്യോ ഇത് അപകടത്തിലേക്കാണ് പോകുന്നതെന്ന് പറയുന്നുമുണ്ട്.
വിമാനം നിലംപൊത്തുന്ന ശബ്ദത്തിനു ശേഷം വേദനയില്‍ യാത്രക്കാരുടെ നിലവിളി കേള്‍ക്കാം. പരിഭ്രാന്തരാകരുതെന്നും മുന്നോട്ട് പോകേണ്ടതുണ്ടെന്നും ഒരാള്‍ ഇംഗ്ലീഷില്‍ പറയുന്നുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പ്രിറ്റോറിയയിലെ വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന് അധികം വൈകാതെ വിമാനം നിലംപൊത്തിയത്.
എന്ജിന് തകരാറിനെ തുടര്‍ന്ന് പറന്നുയര്‍ന്ന് അധികം വൈകുന്നതിന് മുന്‍പു തന്നെ ഡെയറി ഫാക്ടറിയുടെ മുകളില്‍ വിമാനം തകര്‍ന്നു വീഴുകയായിരുന്നു. പരിക്കേറ്റ രണ്ട് വൈമാനികരും ഇപ്പോഴും കോമയിലാണ്.
https://www.facebook.com/Malayalivartha