അച്ഛനോ ധരാധമനോ ഇവന്?
അമേരിക്കയിലെ മെരിലാന്റ് സംസ്ഥാനത്തുള്ള റോബര്‍ട്ട് ഡേവിഡ്സണ് എന്ന 24 കാരന് 50 വര്‍ഷത്തെ തടവുശിക്ഷാവിധി നേരിടേണ്ടി വരുമെന്ന് കരുതപ്പെടുന്നു. 10 ആഴ്ച മാത്രം പ്രായമുള്ള സ്വന്തം മകളെ പീഡിപ്പിച്ചതിനും മരണകാരണമാകുന്ന തരത്തിലുള്ള ശാരീരിക ക്ഷതം വരുത്തിയതിനുമാണ് ശിക്ഷ.
റോബര്‍ട്ട് ഡേവിഡ്സണിനും 22-കാരിയായ ലോറെന തോംപ്സണിനും ഒരു കുഞ്ഞു ജനിച്ചത് രണ്ടു മാസങ്ങള്‍ക്കു മുമ്പാണ്. കുഞ്ഞിനെ പരിചരിക്കാന്‍ ഒരു ദിവസം അമ്മയാണ് ഒപ്പം നില്ക്കുന്നതെങ്കില് അടുത്ത ദിവസം അച്ഛനാവും കുഞ്ഞിനോടൊപ്പം ഉണ്ടാവുന്നത്.
ഇപ്രകാരം കഴിഞ്ഞയാഴ്ച ഡേവിഡ്സണ് ബേബി സിറ്റിംഗ് നടത്തുന്നതിനിടെ പെട്ടെന്ന് കുഞ്ഞിന്റെ ശ്വാസം നിലച്ചുവെന്നു പറഞ്ഞു കൊണ്ട് അടിയന്തിര മെഡിക്കല്‍ സഹായം ലഭിക്കുന്ന നമ്പറായ 9-1-1 ലേയ്ക്ക് ഡേവിഡ്സണ് ഫോണ്‍ ചെയ്യുകയായിരുന്നു. എന്നാല്‍ പാരാമെഡിക്കുകളെത്തി കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിന് ജീവന് നഷ്ടപ്പെട്ടിരുന്നു.
ഒരു കാരണവുമില്ലാതെ പെട്ടെന്ന് കുഞ്ഞ് മരണപ്പെട്ടതിനാല്‍ പോസ്റ്റ്മോര്‍ട്ടം പരിശോധനകള്‍ നടത്താന്‍ തീരുമാനമായി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതായിരുന്നു.രണ്ടു മാസം മാത്രം പ്രായമായ ആ പിഞ്ചു കുഞ്ഞിന്റെ തോളെല്ലുകള്‍ ഒടിഞ്ഞിരുന്നു. തല, കണ്ണുകള്‍, സുഷുമ്നാനാഡി എന്നിവിടങ്ങളില്‍ പരുക്കേറ്റിരുന്നു. കൂടാതെ വാരിയെല്ലുകള്‍ 54 ഇടങ്ങളില്‍ ഒടിഞ്ഞിരുന്നു.
അതു കൊണ്ട് കുഞ്ഞിന്റേത് സ്വാഭാവിക മരണമല്ലെന്ന് അപ്പോള്‍തന്നെ സംശയമുണ്ടായി. ഡേവിഡ്സനെ പോലീസ് ചോദ്യം ചെയ്യാന്‍ തുടങ്ങി. അപ്പോഴാണ് രണ്ടു മാസം പ്രായമുള്ള തന്റെ മകളെ താന്‍ ലൈംഗികമായി ഉപയോഗിച്ചു കൊണ്ടിരുന്നു എന്ന് അയാള്‍ പോലീസിനു മുന്നില്‍ സമ്മതിച്ചത്. അതു പോലെ തന്നെ ഇടയ്ക്കിടെ ആ കുഞ്ഞിനെ കൈയ്യില്‍ നിന്നും മനപൂര്‍വ്വം താഴേക്കിടുമായിരുന്നുവെന്നും അയാള്‍ പോലീസിനെ അറിയിച്ചു. കൂടാതെ കുഞ്ഞു മരിച്ച ദിവസം ആ കുഞ്ഞിനെ അതിശക്തമായി പലതവണ കുടയുകയും കുലുക്കുകയും ചെയ്തിരുന്നുവെന്നും അയാള്‍ പറഞ്ഞു. കേസ് കോടതിയില്‍ വാദം നടക്കുന്നു. വിധി പറയുന്നതിനായി കേസ് അവധിക്കു വച്ചിരിക്കയാണ്.
കുഞ്ഞിന്റെ അമ്മ 22 കാരി ലൊറേന തോംപ്സണിനെയും അറസ്റ്റു ചെയ്തിട്ടുണ്ട്. മകള്‍ അലീയയുടെ ശരീരത്തില്‍ അവിടെയവിടെയായി പരുക്കുകള്‍ കണ്ടപ്പോള്‍ ഡേവിഡ്സണ് അവളെ ഉപദ്രവിക്കുന്നുണ്ടോ എന്നു സംശയം തോന്നിയെങ്കിലും അയാളെ ചോദ്യം ചെയ്തില്ല എന്ന് ലൊറേന സമ്മതിച്ചതിനാലാണ് അവളെ അറസ്റ്റു ചെയ്തത്. പിഞ്ചു കുഞ്ഞിനെ അവഗണിച്ചതിനായി അവള്‍ക്ക് 5 വര്‍ഷത്തെ പ്രൊബേഷനാണ് വിധിച്ചത്. ഇക്കാലയളവില്‍ അവള് അധികൃതരുടെ നിരീക്ഷണത്തിലായിരിക്കും.
https://www.facebook.com/Malayalivartha