പോലീസില്‍ പരാതിപ്പെട്ടതോടെ ആസൂത്രണം കൈവിട്ടുപോയി!
ക്രിമിനല്‍ സംഭവങ്ങള്‍ ഒറ്റപ്പെട്ടതെന്ന് സര്‍ക്കാര്‍ പറയുമ്പോഴും നടിയെ തട്ടിക്കൊണ്ടു പോയ സംഭവം സിനിമാലോകത്ത് ഒറ്റപ്പെട്ടതല്ല. വന്സ്വര്ണക്കടകളില് മാനേജര്മാരറിഞ്ഞു നടക്കുന്ന മോഷണം പോലെ സിനിമാ ലോകത്ത് ഇത്തരം കുറ്റകൃത്യങ്ങള്‍ പലതുണ്ടായിട്ടുണ്ടെന്ന് പലരും സമ്മതിക്കുന്നു. കൂടുതല്‍ പറയാനോ പറയുന്നതിന്റെ ഉത്തരവാദിത്തമേല്‍ക്കാനോ ആരും തയാറല്ല.
സിനിമാ പ്രവര്‍ത്തകര്‍, പ്രത്യേകിച്ച് നടികള്‍ പലരും സാമ്പത്തികമായി കബളിപ്പിക്കപ്പെടുകയോ ബ്ലാക്ക്മെയിലിങ്ങിനിരയാകുകയോ ചെയ്തിട്ടുണ്ട്. മാനേജര്‍മാര്‍ തുടങ്ങി ഡ്രൈവര്‍മാര്‍ വരെ ഇങ്ങനെ പണം കൈക്കലാക്കിയ സംഭവങ്ങളുണ്ട്. പള്‍സര്‍ സുനിയുടെ തട്ടിക്കൊണ്ടുപോകലും ഇങ്ങനെയൊന്നാണെന്നാണ് പോലീസിന്റെ വ്യാഖ്യാനം.
എന്നാല്‍, ഈ സംഭവത്തില്‍ ആസൂത്രണം കൈവിട്ടു പോയത് സംഭവം പോലീസില്‍ പരാതിപ്പെട്ടതോടെയാണെന്നും അവര്‍ പറയുന്നു. നടി പോലീസില്‍ പരാതിപ്പെടുമെന്ന് പ്രതികള്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ല.
നടി, സംവിധായകന് ലാലിനെ കണ്ടതും ലാല്‍ പോലീസിനെ അറിയിച്ചതും എംഎല്‍എ പി.ടി. തോമസ് സംഭവമറിഞ്ഞ് ഉടന്‍ സ്ഥലത്തെത്തിയതുമാണ് സംഭവം കൈവിട്ടു പോകാന്‍ കാരണമെന്നും സുനിക്ക് കിട്ടിയ അവസരം അയാള്‍, നിര്‍ദ്ദേശിച്ചവരുടെ നിര്‍ദ്ദേശങ്ങള്‍ക്കപ്പുറം പോയതും വിനയായി എന്നും 'ജന്മഭൂമി ഓണ്‍ലൈന്‍' റിപ്പോര്‍ട്ട് ചെയ്തു.
ഭീഷണി, ഒത്തുതീര്‍പ്പ്, ചില പണമിടപാടുകളുടെ പറഞ്ഞു തീര്‍ക്കല്‍, ഇതായിരുന്നു പദ്ധതി. എന്നാല്‍, വിചാരിച്ചിരിക്കാതെ പദ്ധതി നടത്തിപ്പ് മാറിപ്പോവുകയായിരുന്നുവെന്ന് സിനിമാ ലോകത്തെ ചില വ്യക്തികള്‍ ചൂണ്ടിക്കാട്ടുന്നതായും പത്രത്തില്‍ പറയുന്നു.
https://www.facebook.com/Malayalivartha