മറ്റൊരു വൈദികനെക്കൂടി കാണാതായി
മലയാളിയായ യുവ വൈദികനെ മൂന്നുദിവസം മുമ്പ് ദുരൂഹ സാഹചര്യത്തില്‍ കാണാതായി. സ്കോട്ട്ലന്‍ഡിലെ എഡിന്ബറോയില്നിന്നാണ് വൈദികനെ കാണാതായത്. സിഎംഐ സഭാംഗവും ആലപ്പുഴ പുളിങ്കുന്ന് സ്വദേശിയുമായ ഫാ. മാര്ട്ടിന് സേവ്യര്‍ വാഴച്ചിറ(33)യെയാണ് ചൊവ്വാഴ്ച മുതല്‍ കാണാതായത്. വൈദികനെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാണോ എന്നും ആശങ്കയുണ്ട്. വൈദികനെ ബുധനാഴ്ച മുതല്‍ കാണാനില്ലെന്ന് എഡിന്‍ബറ ബിഷപ് തിരുവനന്തപുരത്തെ സിഎംഐ പ്രൊവിന്‍ഷ്യലിനെ വിളിച്ചറിയിക്കുകയായിരുന്നു.
ഞായറാഴ്ച തിരുക്കര്‍മ്മങ്ങള്‍ക്കുശേഷം ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണിവരെ വൈദികനുമായി നേരിട്ടും ഫോണിലും സംസാരിച്ചവരുണ്ട്. എന്നാല്‍ അതിനുശേഷം രണ്ടുദിവസമായി ഒരു വിവരവും ഇല്ലാതായതോടെയാണ് രൂപതാധികൃതര്‍തന്നെ വിവരം പൊലീസില്‍ അറിയിച്ചത്. പഴ്സും പാസ്പോര്‍ട്ടും മറ്റ് സ്വകാര്യസാമഗ്രികളും എല്ലാം റൂമില്‍തന്നെയുണ്ട്. മുറിയുടെ വാതില്‍ തുറന്നുകിടക്കുന്നത് ദുരൂഹത വര്‍ധിപ്പിക്കുന്നു. ബുധനാഴ്ച രാവിലെ വിശുദ്ധ കുര്‍ബാനയ്ക്കെത്തിയ വിശ്വാസികളാണ് വൈദികന്റെ അസാന്നിധ്യം രൂപതാധികൃതരെ അറിയിച്ചത്.
പുളിങ്കുന്ന് കണ്ണാടി വാഴച്ചിറ മാമ്മച്ചന്റെ മകനായ ഫാ. മാര്ട്ടിന് ചെത്തിപ്പുഴ പള്ളിയില്‍ അസിസ്റ്റന്റ് വികാരിയായിരിക്കെ കഴിഞ്ഞവര്‍ഷം ജൂലൈയിലാണ് ഉപരിപഠനത്തിനായി സ്കോട്ലന്‍ഡിലേക്കു പോയത്. പഠനത്തിനൊപ്പം ഫാര്‍കിക് ഇടവകയില്‍ സേവനമനുഷ്ഠിച്ചു വരികയായിരുന്നു. കഴിഞ്ഞ ശനി, തിങ്കള്‍, ചൊവ്വാ ദിവസങ്ങളില്‍ നാട്ടിലുള്ള സഹോദരങ്ങള്‍ ഫാ. മാര്‍ട്ടിനുമായി ഫോണില്‍ സംസാരിച്ചിരുന്നു. ബുധനാഴ്ച മൂത്ത സഹോദരനെ ഫാ. മാര്ട്ടിന് വിളിച്ചെങ്കിലും സംസാരിക്കാന്‍ സാധിച്ചില്ല. പിന്നീട് തിരികെ വിളിച്ചെങ്കിലും ഫോണെടുത്തില്ല. വീണ്ടും വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയ നിലയിലായിരുന്നുവെന്നു ബന്ധുക്കള്‍ പറഞ്ഞു.
എഡിന്‍ബറോ രൂപതയിലെ ഫാല്‍കിര്‍ക്കിനു സമീപമുള്ള കോര്‍സ്ട്രോഫിന്‍ സെന്റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് റോമന്‍ കാത്തലിക് പള്ളിയിലായിരുന്നു ഫാ. മാര്‍ട്ടിന്റെ സേവനവും താമസവും. നിരവധി അരുവികളും കനാലുകളും നിറഞ്ഞ ഈ പ്രദേശം ഏറെക്കുറെ കുട്ടനാടിന് സമാനമായ ഭുപ്രകൃതിയുള്ള സ്ഥലമാണ്. പ്രഭാതസവാരിക്കിടെയിലോ മറ്റോ ഇത്തരത്തിലുള്ള വെള്ളക്കെട്ടിലോ കനാലിലോ അപകടം സംഭവിച്ചതാണോ എന്ന ശക്തമായ സംശയമുണ്ട്. കോര്‍സ്ട്രോഫിന്‍ മലനിരകളിലൂടെയുള്ള നടത്തം ഫാ. മാര്ട്ടിന് ഏറെ ആസ്വദിച്ചിരുന്നതായി കേസ് അന്വേഷിക്കുന്ന പൊലീസ് പറഞ്ഞതായി രാജ്യാന്തരമാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. മൂന്നു ദിവസമായി ഒരു വിവരവുമില്ലാത്ത വൈദികന്റെ ക്ഷേമത്തില്‍ ആശങ്കയുള്ളതായും പൊലീസ് പത്രക്കുറിപ്പില്‍ പറയുന്നുണ്ട്.
ഭീകരവാദസംഘടനകള്‍ക്ക് തിരോധാനവുമായി ബന്ധമുണ്ടായേക്കാമെന്ന തരത്തില്‍ ചില വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളിലും ബ്രിട്ടനിലെ ചില പ്രാദേശിക ഓണ്‍ലൈന്‍ മാധ്യമങ്ങളിലും വന്നിരുന്നെങ്കിലും ഇതിനെ സാധൂകരിക്കുന്ന തെളിവുകളൊന്നും ലഭ്യമായിട്ടില്ല.
https://www.facebook.com/Malayalivartha