യോഗയുടെ അംബാസിഡറാക്കാന്‍ ഒരു രാജകുമാരിയെ കിട്ടിയാലോ ? ബ്രിട്ടീഷ് രാജകുമാരനായ ഹാരിയെ കെട്ടുന്ന പെണ്ണ് തികഞ്ഞ യോഗാഭ്യാസി; മേഗന്റെ ആസനങ്ങള്‍ ലോകശ്രദ്ധ നേടിയതോടെ യോഗയ്ക്ക് നല്ല കാലം വരും?
ആരോഗ്യത്തെക്കുറിച്ചും അഴകളവുകളെക്കുറിച്ചും എല്ലാം ഏറെ വ്യാകുലപ്പെടുന്ന ആധുനിക ലോകത്തിന്റെ ഹോട്ട് ലൈഫ് സ്റ്റൈലായി മാറിയിരിക്കുകയാണ് ഇപ്പോള്‍ യോഗ. ഇന്ത്യന്‍ ആചാര്യന്മാരുടെ യോഗശാസ്ത്രം ലോകത്തിന്റെ പൊതു സ്വത്താക്കി മാറ്റാന്‍ മോഡി സര്‍ക്കാര്‍ നടത്തിയ തീവ്ര ശ്രമങ്ങള്‍ യോഗയെ ലോകത്തിലെ അനേകം രാജ്യങ്ങളില്‍ എത്തിച്ചു. യുഎന്‍ പോലും അന്താരാഷ്ട്ര യോഗാ ദിനം തുടങ്ങിയതോടെ ഏറ്റവും ശാസ്ത്രീയമായ വ്യായാമം ആയാണ് യോഗ മാറിയത്. അതേ യോഗയ്ക്ക് ഇപ്പോള്‍ ഒരു ലോക അംബാസിഡറെ ലഭിച്ചിരിക്കുകയാണ്. ആരാണെന്നോ? അമേരിക്കക്കാരിയും ബ്രിട്ടീഷ് രാജകുമാരനായ ഹാരിയുടെ പ്രതിശ്രുത വധുവുമായ മേഗന് മെര്‍കിള്‍ ആണത്. മേഗന്റെ യോഗാസനചിത്രങ്ങള് അടുത്ത കാലത്ത് ലോകശ്രദ്ധ നേടിയതോടെ യോഗയ്ക്ക് നല്ല കാലം വരുമെന്ന പ്രതീക്ഷ ശക്തമായിരിക്കുകയാണ്.
യോഗ തന്റെ ജീവിതത്തിലെ അനിവാര്യമായ കാര്യമാണെന്ന് മേഗന് തുറന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. തന്റെ ആരോഗ്യത്തിന്റെയും സൗന്ദര്യത്തിന്റെയും അടിസ്ഥാനമിതാണെന്നും അവര്‍ വെളിപ്പെടുത്തുന്നു. താന്‍ ഇത് ചുമ്മാ ജാഡയ്ക്കു വേണ്ടി പറയുന്നതല്ലെന്ന് അടുത്ത കാലത്ത് പുറത്തിറങ്ങിയ മേഗന്റെ ഫോട്ടോഗ്രാഫുകള്‍ സാക്ഷ്യപ്പെടുത്തുന്നുമുണ്ട്. വളരെ ചെറിയ പെണ്‍കുട്ടിയായിരുന്ന കാലം മുതല്‍ക്ക് തന്നെ മേഗന് യോഗ അഭ്യസിക്കുന്നുണ്ടായിരുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നത്. മേഗന്റെ മാതാവ് ഡോറിയ റാഗ്ലാന്ഡായിരുന്നു ലോസ് ഏയ്ഞ്ജല്‍സിലെ വീട്ടില്‍ വച്ച് മേഗന് യോഗയുടെ ബാലപാഠങ്ങള്‍ പറഞ്ഞ് കൊടുത്തിരുന്നത്.
ഇത്തരത്തില്‍ ചെറുപ്പം മുതല്‍ക്ക് തന്നെ തന്റെ രക്തത്തില്‍ കലര്‍ന്ന യോഗയ്ക്ക് വേണ്ടി വീട്ടിലായാലും സ്റ്റുഡിയോയില്‍ ആയാലും മേഗന് ആഴ്ചയില്‍ ഏതാനും മണിക്കൂറുകള്‍ കണ്ടെത്താറുണ്ട്. വരുന്ന മേയ് മാസത്തിലാണ് 36-കാരിയായ മേഗന്, ഹാരിയെ വിവാഹം കഴിക്കുന്നത്. യോഗ തന്റെ രക്തത്തില്‍ കലര്‍ന്നതാണെന്നാണ് 2015-ല്‍ കാനഡയിലെ വുമണ്‍സ് ഹെല്‍ത്ത് മാഗസിന് നല്കിയ അഭിമുഖത്തില്‍ മേഗന് വെളിപ്പെടുത്തിയിരുന്നത്. ഇത്തരത്തില്‍ ഹാരിയെ കാണുന്നതിന് മുമ്പ് തന്നെ മേഗന് തന്റെ യോഗപ്രേമം വെളിപ്പെടുത്തിയിരുന്നു.
യോഗയ്ക്ക് നിരവധി ഗുണ ഗണങ്ങളുണ്ടെന്നും അതിലൂടെ ശരീരത്തിന് വഴക്കവും മസിലുകള്‍ക്ക് ശക്തിയും വര്‍ധിച്ച സന്തോഷവും ലഭിക്കുമെന്നും ഏകാഗ്രത വര്‍ധിക്കുമെന്നും ഉത്കണ്ഠ കുറഞ്ഞ് ആശ്വാസം ലഭിക്കുമെന്നും നല്ല രീതിയില്‍ ഉറങ്ങാനാവുമെന്നുമാണ് മേഗന് സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയുന്നത്. വില്യം, ഹാരി, കേയ്റ്റ് എന്നിവര്‍ക്കെല്ലാം തങ്ങളുടേതായ കായിക ഇനങ്ങളില്‍ താല്പര്യമുണ്ടെങ്കിലും കെന്‍സിംഗ്ടണ്‍ പാലസ് മേഗനെ പോലെ ഇത്രയും അയവുള്ള ആളെ കണ്ടിരിക്കില്ല. രാവിലെ വൈകി എഴുന്നേറ്റ് തന്റെ പ്രിയപ്പെട്ട നായകള്‍ക്കൊപ്പം നടന്ന് പിന്നീട് യോഗ ചെയ്ത് തന്റെ പ്രിയപ്പെട്ട സാഷിമി ലഞ്ച് ആസ്വദിക്കുന്നതാണ് തനിക്ക് ഇഷ്ടപ്പെട്ട ഏതാനും കാര്യങ്ങളെന്ന് മേഗന് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha