കൂടെപ്പിറപ്പിന്റെ നീതിക്കായി പോരാടുന്ന ശ്രീജിത്തിനെ പിന്തുണച്ചുകൊണ്ടുള്ള മലയാള സിനിമാ സംഗീത കൂട്ടായ്മയുടെ ഗാനം വൈറലാകുന്നു...
സഹോദരന്റെ ദുരൂഹ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിലെത്തിക്കാൻ ശ്രീജിത്ത് നടത്തുന്ന നിരാഹാര സമരം തുടർന്നുകൊണ്ടിരിക്കുകയാണ്. കേരളം മുഴുവൻ ശ്രീജിത്തിനെ പിന്തുണയ്ക്കുകയാണ്. സിനിമാരംഗത്തുള്ളവരിൽ ചിലരും ശ്രീജിത്തിനൊപ്പം, നീതിക്കൊപ്പം പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ശ്രീജിത്തിനെ പിന്തുണച്ചുകൊണ്ട് ഒരു ഗാനം തന്നെ ഇറക്കിയിരിക്കുകയാണ് മലയാള സിനിമയിലെ സംഗീത കൂട്ടായ്മ.
ബികെ ഹരിനാരായണന് എഴുതിയ ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് ഗോപീ സുന്ദറാണ്. ഗോപീ സുന്ദറും സിതാരയും അഭയ ഹിരണ്മയിയും മുഹമ്മദ് മന്‍സൂറും ടീമുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനം ഇതിനോടകം സോഷ്യല്‍ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. കൂടെപ്പിറപ്പിന്റെ ഓര്‍മതന്‍ തീയില്‍, നീ തുടര്‍ന്നീടും നിരാഹാര യുദ്ധം എന്നുതുടങ്ങുന്ന ഗാനമാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. "നീതിയില്ലെങ്കിൽ നീ തീയാവണം" എന്ന തലക്കെട്ടോടെ ഗായിക സിത്താരയും ഗോപി സുന്ദറും ഈ ഗാനം തങ്ങളുടെ ഫേസ്ബുക്ക് പേജുകളിലൂടെ പങ്കുവച്ചിട്ടുണ്ട്.
ഈ ഗാനത്തെ പിന്തുണയ്ക്കുന്നവർ ഏറെയാണ്. ഗോപി സുന്ദറിനെ കോപ്പി സുന്ദർ എന്ന് വിളിച്ച് പരിഹസിച്ചവർപോലും ഈ ഗാനത്തിനുശേഷം മാപ്പ് ചോദിക്കുന്നുണ്ട്. യൂട്യൂബിൽ ഒരു ലക്ഷംപ്പേർ അടുപ്പിച്ച് ഈ ഗാനം കണ്ടു കഴിഞ്ഞു.
https://www.facebook.com/Malayalivartha