സുഷമ സ്വരാജ് ആവശ്യപ്പെട്ടു; ഗീതയ്ക്ക് ഫേസ്ബുക്കിലൂടെ ലഭിച്ചത് 20 വിവാഹാലോചനകള്‍
കുട്ടിയായിരിക്കെ അബദ്ധത്തില്‍ പാക്കിസ്ഥാനില്‍ എത്തപ്പെടുകയും പിന്നീട് തിരികെ ഇന്ത്യയിലെത്തിക്കുകയും ചെയ്ത, കേള്‍വിശക്തിയും സംസാര ശേഷിയുമില്ലാത്ത യുവതിയെ തേടി ഇരുപത് വിവാഹാലോചനകള്‍.
എട്ടു വയസുള്ളപ്പോള്‍ ഇന്ത്യയില്‍ നിന്നും പാക്കിസ്ഥാനിലേക്കുള്ള ട്രെയിനില്‍ കയറി അവിടെ എത്തപ്പെട്ട ഇവരുടെ പേര് ഗീത എന്നാണ്. പിന്നീട് കറാച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏദി ഫൗണ്ടേഷന്റെ സംരക്ഷണയിലാണ് ഇവര്‍ വളര്‍ന്നത്.
കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടാണ് 2015-ല്‍ ഗീതയെ ഇന്ത്യയില്‍ തിരികെ എത്തിച്ചത്. പത്തു ദിവസങ്ങള്‍ക്കു മുമ്പ് ഗീതയുടെ മാതാപിതാക്കളെ കണ്ടെത്തുവാനായി ആരംഭിച്ച 'റീയൂണൈറ്റ് ഗീത' എന്ന ഫേസ്ബുക്ക് പേജില്‍ കൂടിയാണ് വരനെ തേടിയുള്ള വിവാഹപരസ്യവും നല്‍കിയത്.
വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് മധ്യപ്രദേശിലെ ഇന്ദോറിലുള്ള സാമൂഹിക പ്രവര്‍ത്തകനായ ഗ്യാനേന്ദ്ര പുരോഹിത് എന്നയാളാണ് ഈ വിവാഹ പരസ്യം നല്‍കിയത്. ഒരു ക്ഷേത്ര പുരോഹിതനും എഴുത്തുകാരനും ഉള്‍പ്പടെ ഇരുപത് പേരാണ് തങ്ങളുടെ വിലാസമുള്‍പ്പെടെ ഗീതയെ വിവാഹം ചെയ്യുവാന്‍ താല്‍പര്യപ്പെട്ട് മുമ്പോട്ടു വന്നത്. ഇവരില്‍ പന്ത്രണ്ട് പേര്‍ ഭിന്നശേഷിക്കാരാണ്.
ലഭിച്ച പ്രതികരണങ്ങളില്‍ നിന്നും അനുയോജ്യനായ ആളെ ഗീത കണ്ടെത്തുമെന്നും തുടര്‍ നടപടി കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുമെന്നും പരസ്യത്തില്‍ വിശദീകരിച്ചിരുന്നു. ഗീതയ്ക്ക് ഇപ്പോള്‍ ഇരുപത്തിയാറു വയസുണ്ട്.
ഗീതയുടെ മാതാപിതാക്കളാണെന്ന് അവകാശപ്പെട്ട് പത്തലധികം ദമ്പതികള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇവരിലാര്‍ക്കും ആവശ്യമായ തെളിവുകള്‍ സമര്‍പ്പിക്കുവാന്‍ സാധിച്ചിരുന്നില്ല. ഇന്ദോറിലെ സന്നദ്ധ സംഘടനയായ മുക്ബധിര്‍ സംഘതന്‍ വഴി സംസ്ഥാന സാമൂഹിക നീതി വകുപ്പാണ് ഗീതയെ സംരക്ഷിക്കുന്നത്.
https://www.facebook.com/Malayalivartha