ആണ്സിംഹങ്ങള്, രാജാവായി ജീവിച്ച് ദൈന്യത നിറഞ്ഞ അന്ത്യം സ്വന്തമാക്കും!
ആണ് സിംഹം തന്റെ കൂട്ടത്തിന്റെ രാജാവാണ്. ഒരു സിംഹക്കൂട്ടത്തെ നയിക്കുന്ന ആണ്‍സിംഹത്തിനാകട്ടെ പെണ്സിംഹങ്ങള് കൊണ്ടു വരുന്ന ഭക്ഷണം തിന്നായിരിക്കും മിക്കവാറും ശീലം. അതിനാല്‍ വേട്ടയാടല്‍ അത്ര എളുപ്പം അതിന് വഴങ്ങുകയുമില്ല. യുവാവും കരുത്തനുമായ ഒരു ആണ് സിംഹം എത്തുമ്പോള്‍ ആരോഗ്യമുണ്ടായിരുന്ന കാലത്ത് താന്‍ നേതൃത്വം കൊടുത്ത തന്റെ കൂട്ടം തന്നെ പഴയ ആണ് സിംഹത്തെ ചവിട്ടി പുറത്താക്കും. ഈ തോല്‍വിയോടെ ആണ്‍സിംഹത്തിന്റെ കൂട്ടത്തിലെ അംഗങ്ങളായ പെണ്സിംഹങ്ങള് പുതിയ ജേതാവിനൊപ്പം കൂടും.
പുതിയ ആണ് സിംഹത്തോട് തോറ്റ് മുന്‍രാജാവ് പടിയിറങ്ങുന്നത് തന്റെ ദയനീയമായ അന്ത്യനാളുകളിലേക്കാണ്. ഒറ്റയ്ക്ക് വേട്ടയാടുക എന്നത് ഒരു സിംഹത്തിന്റെ ആരോഗ്യം നശിച്ച അവസ്ഥയില്‍ സാധ്യമല്ല. ഭക്ഷണം ലഭിക്കാതെ അവശനാകുന്നതോടെ സിംഹം മെലിയാന്‍ തുടങ്ങും. ആരോഗ്യം നഷ്ടപ്പെട്ടതോടെ, തന്നെ ഒരിക്കല്‍ ഭയപ്പെട്ടിരുന്ന ആന മുതല്‍ കഴുതപ്പുലിയും സീബ്രയും ഉള്‍പ്പടെയുള്ള മൃഗങ്ങളെ വരെ പേടിക്കേണ്ട അവസ്ഥയിലാകും വയസ്സന് സിംഹം.
ലാറി ആന്റണി എന്ന ഫൊട്ടോഗ്രഫര്‍ എടുത്ത, ദക്ഷിണാഫ്രിക്കയിലെ ക്രൂഗര്‍ ദേശീയ പാര്‍ക്കിലെ രാജാവായിരുന്ന സ്കൈബെഡ് സ്കാര്‍ എന്ന സിംഹത്തിന്റെ അന്ത്യനിമിഷങ്ങളിലെ ചിത്രങ്ങള്‍ കാഴ്ചക്കാരുടെ ഹൃദയം തകര്‍ക്കുന്നവയാണ്. കാഴ്ചയിലെ ഗാംഭീര്യവും നോട്ടത്തിലെ തീക്ഷ്ണതയും സിംഹങ്ങള്‍ ഉള്‍പ്പടെ മറ്റു മൃഗങ്ങള്‍ക്കുള്ള ഭയവും ഉള്‍പ്പെടെ കഥകളില്‍ നാം കേട്ട് പരിചയിച്ച സിംഹരാജാവിന്റെ ജീവനുള്ള രൂപമായിരുന്നു ഒരുകാലത്ത് സ്കൈബെഡ് സ്കാര്‍. എന്നാല്‍ ഇപ്പോള്‍ എല്ലും തോലും മാത്രം ശരീരത്തില്‍ ബാക്കിയായ സ്കൈബഡ് സ്കാര്‍ മരണത്തിലേക്ക് തളര്‍ന്ന് അടുക്കുന്നത് ഈ ചിത്രങ്ങളില്‍ കാണാം.
തന്നെ ഒരിക്കല്‍ ഭയപ്പെട്ടിരുന്ന ആന മുതല്‍ കഴുതപ്പുലിയും സീബ്രയും ഉള്‍പ്പടെയുള്ള മൃഗങ്ങളുടെ ആക്രമണത്തിലേറ്റ പരിക്കുകളെല്ലാം സ്കൈബെഡ് സ്കാറിന്റെ ശരീരത്തിലും കാണാമായിരുന്നു.
ആണ്‍സിംഹങ്ങളുടെ ദയനീയമായ അന്ത്യത്തെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് നേരില്‍ കാണുന്നതെന്നും 64-കാരനായ ആന്റണി പറഞ്ഞു.സിംഹത്തിന്റെ ദയനീയത സഹിക്കാവുന്നതിലും അപ്പുറമായിരുന്നുവെന്നാണ് ഈ അനുഭവത്തെക്കുറിച്ച് ലാറി ആന്റണി പറയുന്നത്.
https://www.facebook.com/Malayalivartha