ആന ഓടിക്കയറിയ അങ്കണവാടിയില്‍ നിന്ന് കുട്ടികളുമായി അധ്യാപിക രക്ഷപ്പെട്ടു
ഇന്നലെ രാവിലെ പത്തരയ്ക്കു മീനാട് ക്ഷേത്രത്തിനു സമീപത്തെ അങ്കണവാടിയിലേക്ക് വിരണ്ട കുട്ടിക്കൊമ്പന് ഓടിക്കയറി; ഭയന്നു വിറച്ച അധ്യാപികയും കൂട്ടരും കുട്ടികളെ വാരിയെടുത്തു രക്ഷപ്പെട്ടു. സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള ആനയാണ് വിരണ്ടത്. മീനാട് പള്ളിക്കു സമീപം ചാത്തന്നൂര്‍ തോട്ടില്‍ കുളിപ്പിച്ച ശേഷം മടക്കി കൊണ്ടുപോകുമ്പോഴാണു സംഭവം. ചാത്തന്നൂര്‍-പരവൂര്‍ റോഡിലേക്ക് ഇടച്ചങ്ങലയോടെ നീങ്ങിയ ആനയുടെ പിന്നാലെ പാപ്പാനും ഉണ്ടായിരുന്നു.
പ്രധാന റോഡിലൂടെ ആന വരുന്നതു കണ്ട് എതിരെ വന്ന വാഹനത്തിന്റെ ഡ്രൈവര്‍ നീട്ടി ഹോണടിച്ചു. ഇതോടെ വെട്ടിത്തിരിഞ്ഞ ആന വാടകവീട്ടില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടിയുടെ ഗേറ്റ് ചവിട്ടിത്തുറന്ന് അകത്തേക്കു കയറി. ആന വരുന്നതു കണ്ട് അധ്യാപിക ജയ കുട്ടികളെ അകത്താക്കി കതക് അടച്ചു. വീടിന്റെ ഒരു ഭാഗത്താണ് അങ്കണവാടി പ്രവര്‍ത്തിക്കുന്നത്. കെട്ടിടത്തിന്റെ പൂമുഖത്തോടു ചേര്‍ന്ന് ആന നിലയുറപ്പിച്ചു.
മുറിക്കുള്ളില്‍ ജയയും മൂന്നു കുട്ടികളും ഒരു കുട്ടിയുടെ അമ്മയും കെട്ടിട ഉടമയായ യുവതിയും ഭയന്നു വിറച്ചു നിന്നു. മുന്നില്‍ നിന്ന ആന പതുക്കെ വശത്തെ ഇടുങ്ങിയ ഭാഗത്തുകൂടി പിന്നിലേക്കു നീങ്ങി പിന്‍വശത്തെ കിണറിന്റെ തുണുകള്‍ മറിച്ചിട്ടു. ഇതോടെ മുന്നിലെ കതക് തുറന്നു ജയയും മറ്റുള്ളവരും ചേര്‍ന്നു കുട്ടികളെ വാരിയെടുത്തു രക്ഷപ്പെട്ടു. പിന്നാലെ പാപ്പാന്മാര് ആനയെ ബന്ധിച്ചു കൊണ്ടുപോയി.
https://www.facebook.com/Malayalivartha