മെസി ഗോളടിക്കാത്തതില്‍ വിഷമിക്കുന്നവരേ, കണ്ണീരണിയും ഈ കാഴ്ചയും നിങ്ങള്‍ കാണുക! സൗദിയില്‍നിന്ന് തിരികെയെത്തുമ്പോള്‍, കരിഞ്ചോല മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കുടുംബത്തിലെ എട്ടുപേര്‍ മണ്ണില്‍ മറഞ്ഞുപോയ റാഫിയ്ക്കായി ഒരു കുറിപ്പ്
നമ്മള് മെസ്സി ഗോളടിക്കാത്തതിന്റെ പേരില്‍ പരിതപിച്ചിരിക്കുമ്പോള് നമ്മുടെ തൊട്ടരികെ ഒരാളിരിക്കുന്നതു കണ്ടോ... എന്ന ആമുഖത്തോടെ ഷറഫുദീന്‍ സഹ്റ എഴുതിയ ഫെയ്സ്ബുക് പോസ്റ്റ് ഏതൊരാളുടെയും മനസ്സു നോവിക്കും. കോഴിക്കോട് താമരശേരി കട്ടിപ്പാറ സ്വദേശി മുഹമ്മദ് റാഫിയെക്കുറിച്ചാണ് ഷറഫുദീന്‍ വാക്കുകള്‍ കുറിച്ചത്.
ആ വാക്കുകള്‍ കണ്ണുനനഞ്ഞു വായിച്ചു തീരുന്നതിനപ്പുറം ഹൃദയം കൊണ്ടു നമ്മള് ആ ചെറുപ്പക്കാരനു വേണ്ടി പ്രാര്‍ഥിച്ചുപോകും. സമൂഹമാധ്യമത്തിലെ ഷറഫുദീന്റെ കുറിപ്പിനൊപ്പം ആയിരക്കണക്കിനു പേരാണ് പ്രാര്‍ഥനകള്‍ പങ്കുവച്ചത്. കരിഞ്ചോല മലയിലുണ്ടായ ഉരുള്‍പൊട്ടല്‍ റാഫിയുടെ കുടുംബത്തിലെ എട്ടുപേരുടെ ജീവനാണെടുത്തത്.
റാഫിയുടെ മാതാപിതാക്കളും ഭാര്യയും മൂന്നു വയസ്സുകാരി മകളും രണ്ടു സഹോദരിമാരും സഹോദരിയുടെ രണ്ടു കുട്ടികളും ഉള്‍പ്പെടെ മരിച്ചു. സൗദിയില്‍നിന്നു തിരികെയെത്തുമ്പോള്‍ കണ്മുന്നില് ഒരു മണ്ണിടിച്ചിലിനും മൂടി വയ്ക്കാനാകാത്ത ഓര്‍മകള്‍ മാത്രം ബാക്കിയായി...
ഷറഫുദീന്റെ കുറിപ്പ് ഇങ്ങനെ:
നമ്മള് മെസ്സി ഗോളടിക്കാത്തതിന്റെ പേരില്‍ പരിതപിച്ചിരിക്കുമ്പോള് നമ്മുടെ തൊട്ടരികെ ഒരാളിരിക്കുന്നതു കണ്ടോ... ഖല്‍ബ് തകര്‍ന്ന് ഒന്നു കരയാന്‍ പോലുമാവാതെ...
പിഞ്ചുമോളടക്കം സ്വന്തം ചോരയിലെ ഒന്‍പതു പേരെയാണ് ഒറ്റദിവസം കൊണ്ടു വിധി കൊണ്ടുപോയത്. വീടിന്റെ തരി പോലും കാണാനില്ല. സ്വപ്നങ്ങളും പ്രതീക്ഷകളുമെല്ലാം ഇതാ കിടക്കുന്നു ഈ മണ്ണിനടയില്‍...
ചെറുപ്പം മുതല്‍ ആ മലയുടെ മടിത്തട്ടിലായിരുന്നു കളിച്ചതും വളര്‍ന്നതും. അതാണിപ്പോള്‍ ഒരു രാത്രികൊണ്ട് ഒരു ദുരന്തമായി തന്റെ കുടുംബത്തിനു മേല്‍ വന്നു പതിച്ചത്. മണിക്കൂറുകള്‍ക്കു മുന്‍പേ എല്ലാവരുമായി ഫോണ്‍ ചെയ്തു സംസാരിച്ചതാണ്. പെരുന്നാളിനേക്കുറിച്ചുള്ള ഒരുക്കങ്ങളൊക്കെ ചോദിച്ചറിഞ്ഞു. മരണത്തെ സ്വീകരിക്കാനെന്നോണം കയറി വന്ന പെങ്ങളോടും കുശലം പറഞ്ഞു. ഒന്നുറങ്ങി എഴുന്നേറ്റപ്പോഴേക്കും എല്ലാം അവസാനിച്ചിരുന്നു.
ഒരു ദുഃസ്വപ്നം കണക്കെ വന്നെത്തിയ നാട്ടിലെ ഉരുള്‍ പൊട്ടല്‍ വാര്‍ത്തകള്‍... എത്രയും പെട്ടെന്നു നാട്ടിലെത്താനുള്ള കൂട്ടുകാരുടെ കോളുകള്‍... തന്റെ കുടുംബത്തിനൊന്നും സംഭവിച്ചിട്ടുണ്ടാകരുതേയെന്ന പ്രാര്‍ഥനകള്‍... നാട്ടിലെത്തിയപ്പോള്‍ കണ്ട ഭീകരമായ കാഴ്ചകള്‍... മണ്ണിനടിയില്‍നിന്നു പുറത്തെടുത്ത തന്റെ പിഞ്ചു മോളുടെയും പ്രിയതമയുടെയും മയ്യിത്തുകള്‍... എല്ലാം കണ്ടു ഖല്‍ബ് തകര്‍ന്ന്... തന്റെ സ്വപ്നങ്ങള്‍ക്കു മീതെ വന്നു പതിച്ച മണ്‍കൂനകള്‍ നോക്കി... ഒന്നുറക്കെ കരയാന്‍ പോലുമാവാതെ വിറങ്ങലിച്ചു നില്‍ക്കുകയാണീ സഹോദരന്.
സഹനം നല്‍കണേ നാഥാ... എല്ലാം താങ്ങാനുള്ള കരുത്തു നല്‍കണേ റബ്ബേ...
https://www.facebook.com/Malayalivartha