പുറപ്പെടാന്‍ വൈകിയ വിമാനത്തിനുള്ളില്‍ കാത്തിരുന്ന യാത്രക്കാരെ പുറത്താക്കാന്‍ പൈലറ്റിന്റെ കുതന്ത്രം!
പുറപ്പെടാന്‍ വൈകിയ വിമാനത്തിനുള്ളില്‍ ഒന്നര മണിക്കൂര്‍ ഭക്ഷണവും വെള്ളവും ലഭിക്കാതെ കഴിയേണ്ടിവന്ന യാത്രക്കാരെ പുകച്ചു പുറത്തു ചാടിക്കാനുള്ള പൈലറ്റിന്റെ ശ്രമം ഒടുവില്‍ വാക്കേറ്റത്തിലും കയ്യാങ്കളിയിലും അവസാനിച്ചു. കൊല്‍ക്കത്തയില്‍നിന്നു ബഗ്ദോഗ്രയിലേക്കുള്ള എയര്‍ ഏഷ്യ വിമാനത്തിലാണു സംഭവം. യാത്രക്കാരെ പുറത്തുചാടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി വിമാനത്തിലെ എസി പൂര്‍ണതോതില്‍ പ്രവര്‍ത്തിപ്പിച്ചതും തുടര്‍ന്നുള്ള കയ്യാങ്കളിയും ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
രാവിലെ ഒന്പതിനു പുറപ്പെടേണ്ടിയിരുന്ന വിമാനം വൈകിയതിനെ തുടര്‍ന്ന് ഭക്ഷണവും വെള്ളവും ലഭിക്കാതെ യാത്രക്കാര്‍ക്ക് ഒന്നര മണിക്കൂറാണ് വിമാനത്തിനുള്ളില്‍ കഴിയേണ്ടിവന്നത്. ഒന്നര മണിക്കൂറിനുശേഷം യാത്രക്കാരോട് പുറത്തിറങ്ങാന്‍ പൈലറ്റ് ആവശ്യപ്പെട്ടു. മഴ കാരണം പുറത്തിറങ്ങാന്‍ വിസമ്മതിച്ച യാത്രക്കാരെ പുറത്തിറക്കാന്‍ പൈലറ്റ് എയര്‍ കണ്ടീഷണര്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിപ്പിക്കുകയായിരുന്നു. ഇതോടെ വിമാനത്തിനുള്ളില്‍ പുക നിറഞ്ഞു. ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുട്ടികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ നിലവിളിക്കുകയും ചിലര്‍ ഛര്‍ദ്ദിക്കുകയും ചെയ്തു.
തുടര്‍ന്ന്, എസി പ്രവര്‍ത്തിപ്പിക്കുന്നത് നിര്‍ത്താന്‍ ആവശ്യപ്പെട്ട് യാത്രക്കാര്‍ വിമാനത്തിലെ ജീവനക്കാരോടു വാക്കുതര്‍ക്കത്തിലേര്‍പ്പെടുന്ന രംഗങ്ങള്‍ ഉള്‍പ്പെടുന്ന വിഡിയോ, യാത്രക്കാരനായിരുന്ന ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ (ബംഗാള്‍) ദീപാങ്കര്‍ റേ ആണ് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. എയര്‍ലൈന്‍ സ്റ്റാഫിന്റെ ഭാഗത്തുനിന്നു വളരെ മോശമായ പെരുമാറ്റമാണുണ്ടായതെന്നും അദ്ദേഹം ആരോപിച്ചു.
സംഭവം പുറത്തറിഞ്ഞതോടെ, സാങ്കേതിക കാരണങ്ങളാല്‍ വിമാനം വൈകിയെന്നും യാത്രക്കാര്‍ക്കു നേരിട്ട ബുദ്ധിമുട്ടില്‍ ഖേദിക്കുന്നുവെന്നും കാട്ടി എയര്‍ഏഷ്യ വിശദീകരണക്കുറിപ്പ് പുറത്തിറക്കിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha