16-ാം നൂറ്റാണ്ടിലെ ചുമര്‍ചിത്രങ്ങള്‍ മുഗള്‍ ഭരണകാലത്തെ നിര്‍മിതിയില്‍
ആഗാ ഖാന് ട്രസ്റ്റ് ഫോര്‍ കള്‍ച്ചര്‍, ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ എന്നിവയുടെ കീഴിലുള്ള സംരക്ഷണോദ്യോഗസ്ഥര് മുഗള്‍ ഭരണകാലത്തെ ഒരു നിര്‍മിതിയില്‍ 16-ാം നൂറ്റാണ്ടിലെ ചുമര്‍ചിത്രങ്ങള്‍ കണ്ടെത്തി. ഹൂമയൂണിന്റെ ശവകുടീരത്തിനു സമീപമുള്ള മുഗള്‍ കാലത്തെ നിര്‍മിതിയുടെ മിനാരത്തില്‍ നിന്നാണ് മുഗള്‍ സാമ്രാജ്യത്തിന്റെ കലാപ്രാവീണ്യം തെളിയിക്കുന്ന പുതിയ കണ്ടെത്തല്‍ നടത്തിയിട്ടുള്ളത്. റൂഫിനുള്ളില്‍ വരച്ചിരിക്കുന്ന ചിത്രങ്ങളില്‍ നീല, മഞ്ഞ, ചുവപ്പ്, വെള്ള, സ്വര്‍ണ നിറങ്ങളാണുള്ളത്.
ടിമുറിഡ് വാസ്തുവിദ്യയില്‍ നിര്‍മിച്ചിരിക്കുന്ന സബ്സ് ബുര്‍ജ് (ഹരിത ഗോപുരം എന്നും അറിയപ്പെടുന്ന ഇതിന്റെ പുറത്തെ മിനാരത്തിന് നീല നിറമാണ്) എന്ന ഈ കെട്ടിടത്തിനുള്ളില്‍ ആഡംബര രചനകളെ പ്ലാസ്റ്റര്‍ വര്‍ക്ക് കൊണ്ട് വേര്‍തിരിച്ചിട്ടുമുണ്ട്. തിളക്കമുള്ള സെറാമിക് ടൈലുകള്‍, അലങ്കരിക്കാന്‍ കല്ലുകൊണ്ടുള്ള പണികള്‍ എന്നിവയും ഇതിനുണ്ട്. ഈ കെട്ടിടം സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ വൈകാതെ തുടങ്ങും.
20-ാം നൂറ്റാണ്ടില്‍ അറ്റകുറ്റപ്പണി നടത്തിയിരുന്ന കെട്ടിടം വീണ്ടും പുതുക്കിപ്പണിയാനായുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് 16-ാം നൂറ്റാണ്ടിലെ ചിത്രരചന കണ്ടെത്തിയത്. മഴവെള്ളം അകത്തു കടന്നതിനാല്‍ ചിത്രങ്ങളുടെ ചില ഭാഗങ്ങള്‍ക്ക് മങ്ങലേറ്റിട്ടുണ്ട്. ഇത് വീണ്ടെടുക്കാനുള്ള ശ്രമം നടത്തുന്നുണ്ടെങ്കിലും വിജയിക്കാന്‍ സാധ്യതയില്ലെന്നാണ് അധികൃതര്‍ നല്കുന്ന സൂചന.
https://www.facebook.com/Malayalivartha