'രാജ്യാന്തര മത്സരങ്ങളില്‍ ഉള്‍പ്പെടുത്താന്‍ ബിസിസിഐയോട് നിര്‍ദേശിക്കണം'; ഹര്‍ജിയുമായി ശ്രീശാന്ത് ഹൈക്കോടതിയില്‍
അന്തര്‍ദേശീയ മത്സരങ്ങളിള്‍ ഉള്‍പ്പെടുത്താന്‍ ബിസിസിഐയോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീശാന്ത് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. ആജീവനാന്ത വിലക്ക് ഹൈക്കോടതി നീക്കിയ സാഹചര്യത്തിലാണ് ഹര്‍ജി. ഇക്കാര്യത്തില്‍ ഉത്തരവ് പുറപ്പെടുവിക്കണമെന്നാണ് ശ്രീശാന്തിന്റെ ആവശ്യം. സ്കോട്ടിഷ് ലീഗില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചിരുന്നു. എന്‍ഒസി നല്കാന് ആവശ്യപ്പെട്ട് ബിസിസിഐക്ക് കത്തയച്ചെങ്കിലും നടപടി ഉണ്ടായില്ല. ഈ സാഹചര്യത്തില്‍ എന്‍ഒസി നല്കാന് ക്രിക്കറ്റ് ബോര്‍ഡിനോട് നിര്‍ദേശിക്കണമെന്നാണ് ശ്രീശാന്തിന്റെ ആവശ്യം. ശ്രീശാന്തിന്റെ ഹര്‍ജി തിങ്കളാഴ്ച കോടതി പരിഗണിക്കും.
ഈ മാസം 7ന് ബിസിസിഐ ഏര്‍പ്പെടുത്തിയിരുന്ന ആജീവനാന്ത വിലക്ക് കേരള ഹൈക്കോടതി നീക്കിയിരുന്നു. പക്ഷെ ഇതിനെതിരെ അപ്പീല്‍ പോകാനാണ് ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനം. വിലക്ക് ഏര്‍പ്പെടുത്തിയതിന് ശേഷം ഒരു മത്സരത്തിലും കളിക്കാന്‍ ബിസിസിഐ ശ്രീശാന്തിനെ അനുവദിച്ചിരുന്നില്ല.
ഐപിഎല്ലില്‍ രാജാസ്ഥാന് റോയല്‍സിന്റെ താരമായിരുന്ന ശ്രീ 2013ലെ കുപ്രസിദ്ധമായ ഐപിഎല്‍ വാതുവെപ്പ് കേസില്‍ കുടുങ്ങുന്നതോടെയാണ് ക്രിക്കറ്റ് കരിയര്‍ പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടി വന്നത്. 2013 സെപ്തംബറില്‍ ശ്രീയെ ക്രിക്കറ്റില്‍ നിന്ന് ബിസിസിഐ ആജീവനാന്തം വിലക്കുകയായിരുന്നു. പിന്നീട് കേസില്‍ ശ്രീയെ കോടതി കുറ്റവിമുക്തനാക്കിയെങ്കിലും വിലക്ക് മാറ്റാന്‍ ബിസിസിഐ തയ്യാറായിരുന്നില്ല.
ഇന്ത്യക്കായി 27 ടെസ്റ്റും 53 ഏകദിനവും കളിച്ചിട്ടുളള ശ്രീശാന്ത് കേരളം ഇന്ത്യയ്ക്ക് സമ്മാനിച്ചിട്ടുളള ഏറ്റവും മികച്ച ക്രിക്കറ്റ് താരമാണ്. ഏകദിനത്തില്‍ 75 വിക്കറ്റും ടെസ്റ്റില്‍ 87 വിക്കറ്റും ശ്രീ അന്താരാഷ്ട്ര ക്രിക്കറ്റില്‍ സ്വന്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha