ഇത് മധുര പ്രതികാരം; വമ്പൻ ജയവുമായി ടീം ഇന്ത്യ
ക്യാപ്റ്റൻ രോഹിത് ശർമയുടെ ഇരട്ട സെഞ്ചുറി കരുത്തിൽ ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് 141 റൺസിന്റെ വമ്പൻ ജയം. ഇന്ത്യ ഉയർത്തിയ 392 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ലങ്കക്ക് എട്ടു വിക്കറ്റിന് 251 റൺസ് എടുക്കാനെ കഴിഞ്ഞുള്ളു. ഏയ്ഞ്ചലോ മാത്യൂസിന്റെ സെഞ്ചുറി മാത്രമാണ് ലങ്കയ്ക്ക് ആശ്വാസത്തിനു വക നൽകിയത്.
വലിയ വിജയലക്ഷ്യവുമായി ബാറ്റിങ് തുടങ്ങിയ ലങ്കയുടെ തുടക്കം തകർച്ചയോടെയായിരുന്നു. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ട്ടപ്പെടുമ്പോഴും ഒരറ്റത്ത് മാത്യൂസ് നിലയുറപ്പിച്ചു. എന്നാൽ മാത്യൂസിന് പിന്തുണ കിട്ടാതെ വന്നതോടെ ലങ്ക കളി കൈവിട്ടു. ആദ്യ ഏകദിനത്തിൽ ഏറ്റ നാണംകെട്ട തോൽവിക്കുള്ള മധുരപ്രതികാരം കൂടിയായിരുന്നു ഇന്ത്യയുടെ വിജയം.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 208 റണ്‍സോടെ പുറത്താകാതെ നിന്ന രോഹിതിന്റെ മികവിൽ 50 ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് 392 റണ്‍സ് നേടിയത്. 153 പന്തിൽ 13 ഫോറും 12 സിക്സും ഉൾപ്പെട്ടതായിരുന്നു രോഹിതിന്റെ ഇന്നിംഗ്സ്. ശ്രേയസ് അയ്യർ (88), ശിഖർ ധവാൻ (68) എന്നിവർ മികച്ച പിന്തുണ നൽകി.
https://www.facebook.com/Malayalivartha