ഐ.പി.എല്‍ പോരാട്ടത്തില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ ഹൈദരാബാദിന് തകര്‍പ്പന്‍ ജയം
ഒന്നു പകച്ചെങ്കിലും സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പതറിയില്ല. ഇന്നലെ നടന്ന ഐ.പി.എല്‍ പോരാട്ടത്തില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ അവര്‍ 13 റണ്‍സിന്റെ തകര്‍പ്പന്‍ ജയം നേടി പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്തെത്തി. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിനെ അഞ്ച് വിക്കറ്റ് നേട്ടവുമായി മിന്നിത്തിളങ്ങിയ അങ്കിത് രാജ്പുത്തിന്റെ മാരക പ്രഹരത്തിന്റെ പിന്‍ബലത്തില്‍ പഞ്ചാബ് 20 ഓവറില്‍ 132/6 എന്ന സ്‌കോറില്‍ ഒതുക്കി.
എന്നാല്‍ അതേ നാണയത്തില്‍ തന്നെ മറുപടി നല്‍കിയ ഹൈദരാബാദ് 19.2 ഓവറില്‍ പഞ്ചാബിനെ 119 റണ്‍സിന് ആള്‍ഔട്ടാക്കി വിജയം സ്വന്തമാക്കുകയായിരുന്നു.3 വിക്കറ്റ് നേടിയ റഷീദ് ഖാന്‍, 2 വിക്കറ്റ് വീതം നേടിയ മലയാളി താരം ബേസില്‍ തമ്പി, ഷാക്കിബ് അല്‍ ഹസന്‍, സന്ദീപ് ശര്‍മ്മ എന്നിവരുടെ മികച്ച ബൗളിംഗാണ് ഹൈദരാബാദിന് ജയമൊരുക്കിയത്.
ഹൈദരാബാദുയര്‍ത്തിയ വിജയ ലക്ഷ്യം പിന്തുടന്നിറങ്ങിയ പഞ്ചാബിന് ഓപ്പണര്‍മാരായ കെ.എല്‍.രാഹുലും (32) ക്രിസ് ഗെയ്‌ലും (23) ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. എന്നാല്‍ രാഹുലിനെ റഷീദ് ഖാനും ഗെയ്‌ലിനെ ബേസിലും അടുത്തടുത്ത ഓവറുകളില്‍ പുറത്താക്കിയതോടെ പഞ്ചാബിന്റെ തകര്‍ച്ച തുടങ്ങുകയായിരുന്നു.നേരത്തേ ഹൈദരാബാദിന്റെ ഇന്നിംഗ്‌സില്‍ നാലോവറില്‍ 14 റണ്‍സ് വഴങ്ങിയാണ് രാജ്പുത്ത് അഞ്ചുപേരെ പുറത്താക്കിയത്. തന്റെ ആദ്യമൂന്നോവര്‍ സ്‌പെല്ലില്‍ മൂന്നുപേരെ പുറത്താക്കിയ രാജ്പുത്ത് അവസാന ഓവറില്‍ മനീഷ് പാണ്ഡെയെയും മുഹമ്മദ് നബിയെയും (4) പുറത്താക്കി.
അര്‍ദ്ധസെഞ്ച്വറി നേടിയ മനീഷ് പാണ്ഡെയുടെയും (54), ഷാക്കിബ് അല്‍ഹസന്റെയും (28), യൂസഫ് പഠാന്റെയും (21 നോട്ടൗട്ട്) പോരാട്ടമാണ് ഹൈദരാബാദിനെ 132 ലെത്തിച്ചത്.
യുവരാജ് സിംഗിനെ ഒഴിവാക്കി മനോജ് തിവാരിയെ പ്‌ളേയിംഗ് ഇലവനില്‍ ഇറക്കിയാണ് പഞ്ചാബ് ഇന്നലെ കളത്തിലിറങ്ങിയത്.
https://www.facebook.com/Malayalivartha