കോണ്‍ഫിഡറേഷന്‍ കപ്പ്;ഇന്ന് ആദ്യ സെമിയില്‍ പോര്‍ച്ചുഗല്‍ ചിലിയെ നേരിടും
ഫിഫ കോണ്‍ഫിഡറേഷന്‍ കപ്പിന്റെ ആദ്യ സെമിഫൈനലില്‍ ഇന്ന് യുറോപ്പിയന്‍ രാജാക്കന്മാരും ലാറ്റിനമേരിക്കന്‍ രാജാക്കന്മാരും നേര്‍ക്കുനേര്‍. ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ അലക്‌സിസ് സാഞ്ചെസിന്റെ ചിലിയെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 11:30നാണ് മത്സരം.
അട്ടിമറിയിലൂടെ യൂറോ കപ്പ് നേടിയ പോര്‍ച്ചുഗലിന് രണ്ട് വട്ടം കോപ്പ അമേരിക്ക ചാമ്പ്യന്മാരായ ചിലിയെ നേരിടുമ്പോള്‍ കാര്യങ്ങള്‍ ഒട്ടും എളുപ്പമായിരിക്കില്ല. എ ഗ്രൂപ്പില്‍ നിന്ന് രണ്ട് വിജയവും ഒരു സമനിലയുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് പോര്‍ച്ചുഗലിന്റെ വരവ്. എന്നാല്‍ വളരെ കഷ്ടപ്പെട്ടാണ് ചിലി ഗ്രൂപ്പ് ബിയില്‍ രണ്ടാം സ്ഥാനക്കാരായി സെമി പ്രവേശനം നേടിയത്. ഒരു വിജയവും രണ്ട് സമനിലയും.
താരത്തിളക്കത്തിന്റെ മൂല്യം അനുസരിച്ച് നോക്കുകയാണെങ്കില്‍ ചിലി തന്നെയാണ് ഒരുപടി മുന്നില്‍. ആഴ്‌സണലിന്റെ അലക്‌സിസ് സാഞ്ചസും ബയേണ്‍ മ്യുണിക്കിന്റെ വിദാലും മറ്റൊരു സൂപ്പര്‍ താരമായ വര്‍ഗാസും ചേരുമ്പോള്‍ ചിലി നിര അതിശക്തം. എന്നാല്‍ അനുഭവ സമ്പത്തില്ലാതെ ഇറങ്ങിയ ജര്‍മ്മന്‍ യുവനിരയോട് സമനില വഴങ്ങിയതും ഓസ്‌ട്രേലിയയോട് കഷ്ടിച്ച് സമനില നേടിയതും അവരുടെ പോരാട്ട വീര്യത്തെ ചോദ്യം ചെയ്യുന്നു.
മറുഭാഗത്ത് കളിച്ച മൂന്ന് കളിയിലും മാന്‍ ഓഫ് ദി മാച്ച് നേടിയെങ്കിലും ഇത് വരെ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ച വെച്ചിട്ടില്ല. എന്തായാലും ഇന്നത്തെ മത്സരം ഒരു തീപ്പൊരി പോരാട്ടമായിരിക്കും എന്നതില്‍ സംശയമില്ല.
https://www.facebook.com/Malayalivartha