പുതിയ കോച്ചിന് കീഴിൽ സർവ്വ സന്നാഹവുമായി ബ്ലാസ്റ്റേഴ്സ്; സൂപ്പർ താരങ്ങളെ നിരത്തി പൊരുതാൻ ഉറച്ച് കേരളം; ബെർബ,ബ്രൗൺ, ഹ്യൂം,റിനോ ആദ്യ ഇലവനിൽ; ആരാധകർ ആവേശത്തിൽ
പുതിയ പരിശീലകന്റെ കീഴിൽ സൂപ്പർ താരങ്ങളെ അണി നിരത്തി പൊരുതാൻ ഉറച്ച് കേരള ബ്ലാസ്റ്റേഴ്സ്. പൂനെ എഫ് സിക്കെതിരെ സ്വന്തം തട്ടകത്തിൽ നടക്കുന്ന മത്സരത്തിൽ ജയത്തിൽ കുറഞ്ഞതൊന്നും ബ്ലാസ്റ്റേഴ്സ് പ്രതീക്ഷിക്കുന്നില്ല. മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളായിരുന്ന ദിമിറ്റർ ബെർബറ്റോവും വെസ് ബ്രൗണും മഞ്ഞക്കുപ്പായത്തിൽ ആദ്യമായി ഒരുമിച്ചു കളിക്കുന്നതിന് കൊച്ചിയിൽ അരങ്ങൊരുങ്ങി. ഇവർക്ക് പുറമെ ഇയാൻ ഹ്യൂം, മാർക് സിഫ്നിയോസ് തുടങ്ങിയ പ്രമുഖരെല്ലാം ടീമിലുണ്ട്. പരിക്ക് ഭേദമായി റിനോ ആന്റോയും ടീമിൽ തിരിച്ചെത്തി.
എന്നാൽ പരിക്ക് മൂലം സി.കെ. വിനീതിന് ഇന്നത്തെ മൽസരവും നഷ്ടമാകും. സീസണിൽ അഞ്ചു വിജയങ്ങളുമായി മികച്ച ഫോമിലുള്ള പൂനെ എഫ് സിയെ പിടിച്ചുകെട്ടാൻ ബ്ലാസ്റ്റേഴ്സ് വിയർപ്പൊഴുക്കേണ്ടി വരും. അതെ സമയം സൂപ്പർ താരങ്ങൾ എല്ലാം ഒരുമിച്ചു കളിക്കുന്നതിനാൽ വിജയപ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ. കഴിഞ്ഞ മത്സരത്തിൽ ബെംഗളൂരു എഫ്സിയോട് ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് തോറ്റ ബ്ലാസ്റ്റേഴ്സിന്റെ തിരിച്ചുവരവിനയാണ് ആരാധകർ കാത്തിരിക്കുന്നത്.
അഞ്ചു വിജയങ്ങളുമായി പോയിന്റ് പട്ടികയിൽ രണ്ടാമതാണ് പൂനെ എഫ് സി. നാലു സമനിലയും ഒരു വിജയവും ഉൾപ്പെടെ ഏഴു പോയിന്റാണ് ബ്ലാസ്റ്റേഴ്സിനുള്ളത്. സീസണിൽ പ്രതീക്ഷ നിലനിർത്താൻ ഇന്നത്തെ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് ജയിച്ചേ തീരു.
https://www.facebook.com/Malayalivartha