സന്തോഷ് ട്രോഫി: മണിപ്പൂരിനെ ഗോൾ മഴയിൽ മുക്കി കേരളം
സന്തോഷ് ട്രോഫി ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ കേരളത്തിന് തകർപ്പൻ ജയം. മണിപ്പൂരിനെതിരെ കേരളം എതിരില്ലാത്ത ആറു ഗോളുകള്‍ക്കാണ് വിജയിച്ചത്. ജിതിൻ ഗോപാലന്റെ ഹാട്രിക്കാണ് കേരളത്തിന് മികച്ച വിജയം സമ്മാനിച്ചത്. ടൂര്‍ണമെന്റില്‍ കേരളത്തിന്റെ തുടര്‍ച്ചയായ രണ്ടാം വിജയമാണിത്.
ഗോൾ രഹിതമായ ആദ്യ പകുതിക്കു ശേഷം രണ്ടാം പകുതിയിലാണ് കേരളം ആറ് ഗോളുകളും നേടിയത്. 48ആം മിനുട്ടിൽ കോഴിക്കോട് യൂണിവേഴ്സിറ്റി താരം അഫ്ദാലാണ് കേരളത്തിന് ആദ്യം ലീഡ് നേടിക്കൊടുത്തത്. പിന്നാലെ ആദ്യ ഗോളിന് വഴി ഒരുക്കിയ രാഹുൽ കേരളത്തിന്റെ രണ്ടാം ഗോളും നേടി. 59ആം മിനുട്ടിലായിരുന്നു രാഹുലിന്റെ ഗോൾ.
രണ്ട് മിനുട്ടിനകം ജിതിൻ ഗോപാലനിലൂടെ മൂന്നാം ഗോളും കേരളം കണ്ടെത്തി. 71ആം മിനുട്ടിൽ ജിതിൻ എം എസും ഗോൾ നേടി. തുടർന്ന് ജിതിൻ ഗോപാലൻ 82ആം മിനുട്ടിൽ മത്സരത്തിലെ തന്റെ രണ്ടാം ഗോളും 94ആം മിനുട്ടിൽ ഹാട്രിക്കും തികച്ച് ഗോൾപട്ടിക പൂർത്തിയാക്കി.
https://www.facebook.com/Malayalivartha