ഒരുനേരത്തെ അന്നത്തിനായി തെരുവില്‍ പെയിന്റിംഗ് ജോലികളുമായി നടന്നിരുന്ന പയ്യന്‍ ഇന്ന് ബ്രസീലിന്റെ മൊത്തം പ്രതീക്ഷകളുടെ ഭാരവുമായി റഷ്യയിലേക്ക്...
നാടോടി കഥകളിലെ താരങ്ങളുമായി ബ്രസീല്‍ സ്‌ട്രൈക്കര്‍ ഗബ്രിയേല്‍ ജീസസിനെ താരതമ്യപ്പെടുത്താം. ഒരുനേരത്തെ അന്നത്തിനായി തെരുവില്‍ പെയിന്റിംഗ് ജോലികളുമായി നടന്നിരുന്ന പയ്യന്‍ ഇന്ന് ബ്രസീലിന്റെ മൊത്തം പ്രതീക്ഷകളുടെ ഭാരവുമായിട്ടാണ് റഷ്യയിലേക്ക് പന്തുതട്ടാന്‍ പോകുന്നത്. 2014 ലോകകപ്പ് സ്വന്തം നാട്ടില്‍ നടക്കുമ്പോള്‍ ഉപജീവനത്തിനായി തെരുവില്‍ പെയിന്റ് ജോലി ചെയ്യുകയായിരുന്നു ജീസസ്.
ബ്രസീലില്‍ നാലുവര്‍ഷം മുമ്പ് നടന്ന ലോകകപ്പ് ബ്രസീലിലെ ജനങ്ങള്‍ക്ക് വലിയ തോതില്‍ തൊഴിലവസരങ്ങള്‍ കൊണ്ടുവന്നിരുന്നു. രാജ്യത്തിനായി കളിക്കണമെന്ന് സ്വപ്നം കണ്ടിരുന്ന ജീസസും അന്ന് തൊഴിലാളിയുടെ വേഷമണിഞ്ഞു. അന്ന് ഒരു ലക്ഷം രൂപയില്‍ താഴെയായിരുന്നു കൊച്ചു ജീസസിന്റെ വാര്‍ഷിക വരുമാനം. എന്നാല്‍ ഇപ്പോള്‍ ഒരാഴ്ച്ച താരം വാങ്ങുന്നത് കോടികളാണ്. 2014ലെ ലോകകപ്പില്‍ ബ്രസീല്‍ ജര്‍മനിയോട് നാണംകെട്ട് പുറത്താകുമ്പോള്‍ തെരുവിലെ കടയ്ക്കു മുന്നിലെ ടിവിയിലാണ് താരം കളി കണ്ടത്.
ഇത്തവണ റഷ്യയില്‍ നെയ്മര്‍ക്കൊപ്പം ആക്രമണത്തിന്റെ ചുമതല ഈ മാഞ്ചസ്റ്റര്‍ സിറ്റി സ്‌ട്രൈക്കര്‍ക്ക് കൂടിയാണ്. ദേശീയ ടീമിനായി 2016ല്‍ അരങ്ങേറിയ താരം ഇതുവരെ 15 കളികളില്‍ ഒന്‍പത് തവണ എതിര്‍വല കുലുക്കിയിട്ടുണ്ട്. ഇത്തവണ കന്നി ലോകകപ്പില്‍ ജീസസ് ഏവരെയും അത്ഭുതപ്പെടുത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
https://www.facebook.com/Malayalivartha