കേരളത്തിന് ആദ്യ സന്തോഷ് ട്രോഫി കിരീടം സമ്മാനിച്ച ക്യാപ്റ്റന്‍ മണി അന്തരിച്ചു
കേരളത്തിന് ആദ്യ സന്തോഷ് ട്രോഫി കിരീടം സമ്മാനിച്ച ടി.കെ.എസ്. മണി (ക്യാപ്റ്റന്‍ മണി -77) അന്തരിച്ചു. ഉദരരോഗത്തെത്തുടര്‍ന്ന് കഴിഞ്ഞ 17നാണ് മണിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം മൂര്‍ച്ഛിച്ചതോടെ വ്യാഴാഴ്ച രാത്രി ഒമ്പതരയോടെ അന്തരിക്കുകയായിരുന്നു. മൃതദേഹം വെള്ളിയാഴ്ച ഉച്ചക്ക് 12ഓടെ ഇടപ്പള്ളി പോണേക്കര ശ്മശാനത്തില്‍ സംസ്‌കരിക്കും. ഭാര്യ: പരേതയായ രാജമ്മ: മക്കള്‍: ആനന്ദ്, ജ്യോതി, ഗീത, അരുണ്‍.
കണ്ണൂര്‍ തളാപ്പ് സ്വദേശിയായ മണി ഏറെക്കാലമായി കൊച്ചി ഇടപ്പള്ളിയില്‍ മകനോടൊപ്പമായിരുന്നു താമസം. 1973ല്‍ എറണാകുളം മഹാരാജാസ് കോളജ് മൈതാനത്ത് റെയില്‍വേസിനെതിരെ നടന്ന ഫൈനലിലാണ് മണി കേരളത്തിന് ഹാട്രിക് ഗോള്‍ നേടി കന്നി കിരീടം സമ്മാനിച്ചത്. 2-2 എന്ന സ്‌കോറില്‍ നില്‍ക്കവെ മണി നേടിയ അവസാനഗോളാണ് കേരളത്തിന് തുണയായത്. അന്നത്തെ മന്ത്രിയായിരുന്ന കെ. കരുണാകരനാണ് മണിയെ ക്യാപ്റ്റന്‍ മണിയെന്ന് സംബോധന ചെയ്തത്. വിക്ടര്‍ മഞ്ഞില, സി.സി. ജേക്കബ്, ചേക്കു, സേതുമാധവന്‍, സേവ്യര്‍ പയസ് തുടങ്ങിയവര്‍ക്കൊപ്പമാണ് മണി കിരീടനേട്ടത്തില്‍ പങ്കാളിയായത്.
ജിംഖാന കണ്ണൂരിനുവേണ്ടിയാണ് മണി ആദ്യമായി ബൂട്ടുകെട്ടുന്നത്. പിന്നീട് ഏറെക്കാലം ഫാക്ട് ഫുട്ബാള്‍ ടീമില്‍ അംഗമായിരുന്നു. 1969ഫ70 കാലത്താണ് കേരള ടീമില്‍ അംഗമാകുന്നത്. പിന്നീട് അഞ്ചുവര്‍ഷം കേരളടീമിനുവേണ്ടി കളിച്ചു.
https://www.facebook.com/Malayalivartha