തമ്പിയണ്ണന് ചെറുമീനല്ല... പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാധ്ര ഉള്‍പ്പെട്ട വിദേശ വസ്തു ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ സി.സി.തമ്പി അറസ്റ്റിലാകുമ്പോള്‍ നിരവധി ചോദ്യങ്ങള്‍ ബാക്കി; സാധാരണ മത്സ്യതൊഴിലാളിയുടെ മകനായി ജനിച്ച തമ്പിയുടെ വളര്‍ച്ചയില്‍ അമ്പരന്ന് മലയാളികള്‍
ദുബായിലെ മലയാളി വ്യവസായി സി.സി.തമ്പി അറസ്റ്റിലായതോടെ യഥാര്‍ത്ഥത്തില്‍ ഞെട്ടിയിരിക്കുന്നത് സോണിയയുടെ കുടുംബമാണ്. പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാധ്ര ഉള്‍പ്പെട്ട വിദേശ വസ്തു ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിലാണ് സി.സി.തമ്പി അറസ്റ്റിലായത്. ഡല്‍ഹിയിലേക്കു വരുത്തിയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.
വിവാദ പ്രതിരോധ ഇടനിലക്കാരന് സഞ്ജയ് ഭണ്ഡാരി വഴി 2009 ല്‍ വാധ്ര ലണ്ടനില്‍ കെട്ടിടം വാങ്ങിയെന്നും 288 കോടി രൂപയുടെ ഈ കള്ളപ്പണ ഇടപാടില്‍ തമ്പിക്കു പങ്കുണ്ടെന്നുമാണ് എന്‍ഫോഴ്സ്മെന്റിന്റെ വാദം. ഭണ്ഡാരിയും വാധ്രയുമായുള്ള ഇമെയില്‍ സന്ദേശങ്ങളില്‍ വിശദാംശങ്ങളുണ്ടെന്നും പറയുന്നു. കെട്ടിടം തന്റേതല്ലെന്നാണു വാധ്രയുടെ അവകാശവാദം.
മാധ്യമങ്ങളില്‍ മലയാളി വ്യവസായി നിറയുമ്പോള്‍ സി.സി. തമ്പിയാരാണെന്ന് മലയാളികള്‍ അന്വേഷിക്കുകയാണ്. കേരള രാഷ്ട്രീയത്തിലെ പല മുന്‍നിര നേതാക്കളുടെയും ഉദ്യോഗസ്ഥ പ്രമുഖരുടെയും ഇഷ്ട തോഴനാണ് സി.സി. തമ്പി. വളരെ സാധാരണനിലയില്‍ നിന്ന് വന്ന തമ്പിയുടെ ബിസിനസ് വളര്‍ച്ച റോക്കറ്റ് വേഗത്തിലായിരുന്നു. കുന്നംകുളം അക്കിക്കാവ് പഴഞ്ഞി റോഡില്‍ കോട്ടോല്‍ കമ്മ്യൂണിറ്റി ആരോഗ്യ കേന്ദ്രത്തിനു സമീപമാണു വീട്.
ഉള്‍നാടന്‍ മത്സ്യത്തൊഴിലാളി കോട്ടോല്‍ ചെറുവത്തൂര്‍ വീട്ടില്‍ ചാക്കുട്ടിയുടെ മകനായ തമ്പിയുടെ ബാല്യം ഇല്ലായ്മ നിറഞ്ഞതായിരുന്നു. ചങ്ങരംകുളത്ത് ഇരുമ്പുകടയിലും പിന്നീട് കുന്നംകുളത്ത് ഇലക്ട്രിക് കടയിലും ദിവസക്കൂലിക്കു ജോലി ചെയ്തു. നാട്ടിലെ സുഹൃത്തുകളുടെ സഹായത്തോടെ ഗള്‍ഫിലേക്കു പോയതോടെ ജീവിതം മാറി.
യുഎഇയിലെ അജ്മാന് കേന്ദ്രീകരിച്ചാണു ബിസിനസ്. യുഎഇയിലെ ഹോളിഡേ ഗ്രൂപ്പിന്റെ ചെയര്‍മാനാണ്. തുടക്കം മദ്യവ്യാപാര മേഖലയിലായിരുന്നു. തുടര്‍ന്ന് ദുബായില്‍ ഉള്‍പ്പെടെ റസ്റ്ററന്റുകള്‍ തുറന്നു. ഏതാനും വന്‍കിട ഹോട്ടലുകളുടെ ബാര്‍ ഏറ്റെടുത്തു നടത്തിയിരുന്നു. ഇപ്പോള്‍ ട്രേഡിങ്, ഹോസ്പിറ്റാലിറ്റി, റിയല്‍ എസ്റ്റേറ്റ് രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. അജ്മാനിലും ഹത്തയിലും ഫുജൈറയിലും റിസോര്‍ട്ടുകളുണ്ട്. 'സ്വരലയ' യുഎഇ രക്ഷാധികാരി തുടങ്ങിയ ചുമതലകളിലൂടെ പ്രവാസി സംഘടനാ രംഗത്തും സജീവമായി.
കേരള സര്‍ക്കാര്‍ ആഭിമുഖ്യത്തിലുള്ള ലോക കേരള സഭയില്‍ 2018 ല്‍ പ്രത്യേക ക്ഷണിതാവായിരുന്നു. കേരളത്തില്‍ തമ്പി എറ്റവും മുതല്‍മുടക്കിയത് റിയല്‍ എസ്റ്റേറ്റ് രംഗത്താണ്. പാര്‍ട്ടി വ്യത്യാസമില്ലാതെ രാഷ്ട്രീയ നേതാക്കള്‍ക്കും സമുദായ സംഘടനകള്‍ക്കും സഹായങ്ങളും നല്കി.
കുന്നംകുളം വെള്ളറക്കാട്ടു മകന്റെ പേരില്‍ തുടങ്ങിയ തേജസ് എന്‍ജിനീയറിങ് കോളജിന് എഐസിടിഇ അനുമതി നേടിയതു വഴിവിട്ടാണെന്നു പറഞ്ഞ് 2009 ല്‍ സിബിഐ തമ്പിയെ തേടിയെത്തിയിരുന്നു. തമ്പി ചെയര്‍മാനായ ഫൗണ്ടേഷന്റെ ഭരണത്തിലുള്ള മറ്റൊരു കോളജിനെതിരെയും ആരോപണമുയര്‍ന്നു. സ്ഥല, കെട്ടിട സൗകര്യങ്ങള്‍ ഇല്ലാതിരുന്നിട്ടും വ്യാജ സത്യവാങ്മൂലം നല്കി അനുമതി തരപ്പെടുത്തിയെന്നായിരുന്നു പരാതി.
എഐസിടിഇ സൗത്ത് വെസ്റ്റ് റീജന്‍ ഡയറക്ടര്‍ മഞ്ജു സിങ് അടക്കമുള്ളവര്‍ പ്രതികളായി. തമ്പിയുടെ ഓഫിസ് സിബിഐ റെയ്ഡ് ചെയ്തു. മഞ്ജു സിങ്ങിനു വന്‍തുക കോഴ കൊടുത്തതിന്റെ രേഖകള്‍ കിട്ടിയതായും പറഞ്ഞു. തെളിവുകളില്ലെന്നു പറഞ്ഞ് സിബിഐ അന്വേഷണം അവസാനിപ്പിക്കുന്നതാണു പിന്നീട് കണ്ടത്.
എന്നാല്‍ 2017 ജനുവരിയില്‍ ഈ കേസ് സിബിഐ വീണ്ടും തുറന്നു. മുന്‍പു ചില സുപ്രധാന കാര്യങ്ങള്‍ അന്വേഷിക്കാതെ വിട്ടെന്നു പറഞ്ഞായിരുന്നു പുനരന്വേഷണം. ഇന്ത്യയിലും ഗള്‍ഫിലുമായി ഒന്നിലേറെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തമ്പിയുടെ ഉടമസ്ഥതയിലുണ്ട്. ഈ തമ്പിയാണ് കുടുങ്ങിയത്.
https://www.facebook.com/Malayalivartha