ജനജാഗ്രതാ സദസ് നടത്താന്‍ തുനിഞ്ഞ ബി.ജെ.പിക്ക് വീണ്ടും തിരിച്ചടി; പൗരത്വ നിയമഭേദഗതി വിശദീകരിക്കാനെത്തിയ അബ്ദുള്ളക്കുട്ടിക്ക് മുന്പില് കടയടച്ച് വ്യാപാരികള്‍
പൗരത്വ നിയമഭേദഗതി വിശദീകരിക്കാനായി ജനങ്ങള്‍ക്ക് മുന്പില് ജനജാഗ്രതാ സദസ് നടത്താന്‍ തുനിഞ്ഞ ബി.ജെ.പിക്ക് ഇത്തവണയും കടകള്‍ അടച്ചിട്ട് പ്രതിഷേധത്തെയാണ് നേരിടേണ്ടി വന്നത്. തിരുവനന്തപുരത്ത് പോത്തന്‍കോട്, കല്ലറ, പേട്ട എന്നീ ഭാഗങ്ങളിലാണ് പൗരത്വ നിയമഭേദഗതി സംബന്ധിച്ച് വിശദീകരണ യോഗങ്ങള്‍ ബി.ജെ.പി സംഘടിപ്പിച്ചത്.
യോഗത്തിലെ മുഖ്യ പ്രഭാഷകനായി പാര്‍ട്ടി നിശ്ചയിച്ചത് ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷനായ എ.പി അബ്ദുള്ളക്കുട്ടിയെയാണ്. എന്നാല്‍ യോഗത്തിനെത്തി അബ്ദുള്ളക്കുട്ടി തന്റെ പ്രഭാഷണം ആരംഭിക്കും മുന്‍പുതന്നെ പോത്തന്‍കോട് ജംഗ്ഷനിലെ 90 ശതമാനം കടക്കും ഷട്ടര്‍ വീഴുകയായിരുന്നു. കല്ലറയിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ഇവിടെയും പാര്‍ട്ടിയുടെ ജനജാഗ്രതാ സദസ് തുടങ്ങും മുന്‍പുതന്നെ കടകളെല്ലാം അടയുകയായിരുന്നു. പേട്ടയിലും സ്ഥിതി സമാനമായിരുന്നു. ബി.ജെ.പി നേതാവ് വി.ടി രമയാണ് പേട്ടയിലെ യോഗം ഉത്ഘാടനം ചെയ്തത്.
മുന്‍പും സംസ്ഥാനത്ത് നിരവധി സ്ഥലങ്ങളില്‍ പൗരത്വ നിയമഭേദഗതി വിശദീകരിക്കാനായി യോഗങ്ങള്‍ നടത്തിയ ബി.ജെ.പിക്ക് ജനങ്ങളില്‍ നിന്നും വ്യാപാരികളില്‍ നിന്നും ബഹിഷ്കരണം നേരിടേണ്ടതായി വന്നിരുന്നു. ഇതുമൂലം പലയിടത്തും വിശദീകരണ യോഗങ്ങള്‍ ചടങ്ങ് മാത്രമായി മാറുകയായിരുന്നു. ബഹിഷ്കരണത്തെ ചെറുക്കാനായി ഭാരതീയ വ്യാപാരി വ്യവസായ സംഘം എന്ന പേരില്‍ മറ്റൊരു വ്യാപാരി സംഘടനയും ബി.ജെ.പി രൂപീകരിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha