മദ്യാസക്തിക്ക് മരുന്നല്ല മദ്യം; ഡോക്ടറുടെ കുറിപ്പടി ഉണ്ടെങ്കില്‍ മദ്യം നല്‍കാമെന്ന നിര്‍ദ്ദേശവുമായി എക്സൈസ് കമ്മീഷണറുടെ റിപ്പോര്‍ട്ട്; തീരുമാനത്തിനെതിരെ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ അടക്കം നിരവധിപേര്‍ രംഗത്ത്
ഡോക്ടറുടെ കുറിപ്പടി ഉണ്ടെങ്കില്‍ മദ്യം നല്‍കാമെന്ന നിര്‍ദ്ദേശവുമായി എക്സൈസ് കമ്മീഷണറുടെ റിപ്പോര്‍ട്ട്. ശുപാര്‍ശക്ക് ആരോഗ്യ- നിയമവകുപ്പുകളുടെ അംഗീകാരം വേണം. ഇതിനായി എക്സൈസ് കമ്മീഷണര്‍ കരട് നിര്‍ദ്ദേശം സര്‍ക്കാരിന് മുമ്പാകെ സമര്‍പ്പിക്കും. മദ്യാസക്തിയുള്ളവര്‍ക്ക് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ കുറിപ്പടി നല്കിയാല് മദ്യം നല്‍കാമെന്നാണ് എക്സൈസ് കമ്മീഷണര്‍ പറയുന്നത്. ഡോക്ടറുടെ കുറിപ്പടി അടുത്തുള്ള എക്സൈസ് ഓഫീസില്‍ നല്‍കണം. എക്സൈസ് ഉദ്യോഗസ്ഥര്‍ ബിററേജസില്‍ നിന്നും മദ്യം വാങ്ങാന്‍ അനുമതി നല്‍കും.
അതേസമയം, മദ്യം കിട്ടാത്തതിന്റെ മനോവിഭ്രാന്തി ഉള്ളവര്‍ക്ക് ഡോക്ടറുടെ കുറിപ്പടിയോടെ മദ്യം നല്കുന്ന കാര്യം ആലോചിക്കാമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു. മദ്യം പെട്ടെന്ന് കിട്ടാതായതോടെ മനോ വിഭ്രാന്തിയില്‍ അകപ്പെടുകയും ആത്മഹത്യക്ക് ശ്രമിക്കുകയും എല്ലാം ചെയ്യുന്നവരെ കുറിച്ചുള്ള വാര്‍ത്തകള്‍ നിരന്തരം പുറത്ത് വരുന്നുണ്ട്. സംസ്ഥാനത്ത് ആറ് പേരാണ് ഇതിനോടകം മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തതെന്നാണ് വിവരം. ഇതെല്ലാം കണക്കിലെടുത്ത് കൂടിയാണ് മുഖ്യമന്ത്രി ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയത്. ലോക്ക് ഡൗണിനെ തുടര്‍ന്ന് മദ്യലഭ്യത കുറഞ്ഞ സാഹചര്യത്തില്‍ മദ്യാസക്തിയുള്ളവര്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജയും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
അതിനിടെ, തീരുമാനത്തിനെതിരെ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ അടക്കം നിരവധിപേര്‍ രംഗത്തെത്തി. മദ്യാസക്തിക്ക് മരുന്ന് മദ്യമല്ലെന്ന് ഡോക്ടര്‍മാരുടെ സംഘടനകള്‍ വ്യക്തമാക്കി. മദ്യാസക്തിയുള്ളവര്‍ക്ക് മദ്യം നല്‍കാനുള്ള തീരുമാനം അശാസ്ത്രീയവും അധാര്‍മികവുമാണ്. അത് ഉടന്‍ പിന്‍വലിക്കണം. സര്‍ക്കാര്‍ നിര്‍ദേശം ചികില്‍സാ പ്രോട്ടോക്കോളിന്റെ ലംഘനമാണ്. ഡോക്ടര്‍മാര്‍ മദ്യത്തിന് കുറിപ്പടി നല്‍കില്ല. എക്സൈസ് മാര്‍ഗരേഖ പുറത്തിറക്കിയതിനുപിന്നാലെയാണ് കെജിഎംഒയുടെ പ്രതികരണം. ഡോക്ടറുടെ കുറിപ്പടിയോടെ മദ്യം നല്കാന് സര്‍ക്കാര്‍ ഉത്തരവിറക്കിയാല്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് ടി.എന്‍.പ്രതാപന് എംപിയും മുന്നറിയിപ്പ് നല്കി.
അതേസമയം, കൊറോണ വൈറസിന്റെ സമൂഹവ്യാപനത്തിനുള്ള സാധ്യത സംസ്ഥാനത്തുണ്ടെന്നും അത് തള്ളിക്കളയാനാവില്ലെന്നും കെ.ജി.എം.ഒ.എ. ചൂണ്ടിക്കാണിക്കുന്നു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യകേന്ദ്രങ്ങളില്‍ ജലദോഷം, പനി എന്നിവ ബാധിച്ച് ചികിത്സയ്ക്ക് എത്തുന്നവരുടെ എണ്ണം കൂടുന്നുണ്ട്. ഇക്കാര്യത്തില്‍ ശാസ്ത്രീയ പരിശോധന ആവശ്യമുണ്ട്. കൂടാതെ ആരോഗ്യപ്രവര്‍ത്തര്‍ക്ക് കൂടുതല്‍ സുരക്ഷാ ഉപകരണങ്ങള്‍ ലഭ്യമാക്കണമെന്നും ഡോക്ടര്‍മാരുടെ സംഘടന ആവശ്യപ്പെടുന്നു.
അതിനിടെ, തൃശ്ശൂര്‍ കൊടുങ്ങല്ലൂരില്‍ യുവാവ് പുഴയില്‍ ചാടിമരിച്ചു. നാരായണമംഗലം സ്വദേശി കുണ്ടുപറമ്പില്‍ സുനേഷ്(32)ആണ് മരിച്ചത്. മദ്യം കിട്ടാത്തതിനെ തുടര്‍ന്നാണ് സുനേഷ് പുഴയില്‍ ചാടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് സുനേഷിനെ കാണാതായത്. കരൂപ്പടന്ന കടലായി പുഴയില്‍നിന്നാണ് സുനേഷിന്റെ മൃതദേഹം ലഭിച്ചത്. മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് സുനീഷ് അക്രമാസക്തനായിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha