കളിമണ്‍പാത്ര തൊഴിലാളികള്‍ പ്രതിസന്ധിയില്‍
ലോക് ഡൗണ്‍ മൂലം പരമ്പരാഗത കളിമണ്‍പാത്ര നിര്‍മാണ വിപണന തൊഴിലാളികള്‍ കടുത്ത പ്രതിസന്ധിയിലായി. കളിമണ്ണ് ശേഖരിക്കാന്‍ കഴിഞ്ഞിട്ടില്ല. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലാണ് മുഖ്യമായും വരുന്ന മഴക്കാലത്തേക്കുള്ള കളിമണ്ണ് ഖനനം ചെയ്യുന്നത്. ഇതിന് കഴിയാത്തത് മൂലം തൊഴിലും പ്രതിസന്ധിയിലായെന്നു മണ്‍പാത്ര തൊഴിലാളികള്‍ പറഞ്ഞു.
പാലക്കാട് ജില്ലയില്‍ കളിമണ്‍പാത്രം നിര്‍മിക്കുന്ന ആയിരത്തോളം കുടുംബങ്ങള്‍ അതോടെ ദുരിതത്തിലായി. ഉത്സവങ്ങള്‍ മാറ്റിയതോടെ പൊങ്കാല കലങ്ങള്‍ ഉള്‍പ്പെടെ വില്ക്കാന് കഴിഞ്ഞില്ല. വിഷുക്കണി ഒരുക്കാന്‍ മണ്‍പാത്രങ്ങള്‍ വാങ്ങിയിരുന്നതും ഇക്കുറി നടക്കില്ല.
കളിമണ്ണ് എടുക്കുവാനോ എത്തിക്കാനോ പറ്റാത്തു കാരണം തൊഴിലാളികള്‍ വര്‍ഷം മുഴുവന്‍ പട്ടിണിയോട് പൊരുതേണ്ടി വരും. മറ്റ് തൊഴില്‍ എടുത്ത് ജീവിക്കാനും ഇവര്‍ക്കറിയില്ല. നിലവില്‍ വിപണിയില്‍ തൊഴിലാളികള്‍ക്ക് കടുത്ത പ്രതിസന്ധിയാണ്. ലോക് ഡൗണിന് മുമ്പ് അയല്‍ജില്ലകളില്‍ അടക്കം പല സ്ഥലങ്ങളിലും എത്തിച്ച പാത്രങ്ങള്‍ വില്ക്കാന് കഴിയാത്ത അവസ്ഥയുമുണ്ട്. കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, എറണാകുളം, മലപ്പുറം ജില്ലകളില്‍ മണ്‍പാത്രങ്ങള്‍ എത്തിച്ചിട്ടുണ്ട്. ഇതു വന്‍ നഷ്ടമുണ്ടാക്കും.
മണ്‍പാത്ര തൊഴിലാളികള്‍ക്ക് കേരള സംസ്ഥാന കളിമണ്‍പാത്ര നിര്‍മാണ വിപണന ക്ഷേമ വികസന കോര്പറേഷന് മുഖേന സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനും സബ്സിഡിയോടെ പലിശരഹിത വായ്പ, സൗജന്യമായി അസംസ്കൃത വസ്തുക്കള്‍ നല്‍കുക എന്നിവയ്ക്ക് സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും കേരള മണ്‍പാത്രനിര്‍മാണ സമുദായ സഭ (കെഎംഎസ്എസ് ) ജനറല്‍ സെക്രട്ടറി രാജേഷ് പാലങ്ങാട്ട്, സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി.ഉണ്ണി, ജില്ലാ പ്രസിഡന്റ് വി.കണ്ണന്, ജില്ലാ സെക്രട്ടറി എ.ഗണേശന് എന്നിവര്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha