തലസ്ഥാനത്ത് വന്‍ ലഹരിവേട്ട; നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ കടത്താന്‍ ശ്രമിച്ച ഒരു കോടിരൂപയുടെ ഹാഷിഷും 100 കിലോ കഞ്ചാവും പിടികൂടി; രണ്ടു പേര് അറസ്റ്റില്‍
തലസ്ഥാനത്ത് എക്സൈസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വന്‍ ലഹരി മരുന്നു വേട്ട. നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ കടത്താന്‍ ശ്രമിച്ച ഒരു കോടി രൂപ വിലവരുന്ന ഹാഷിഷും 100 കിലോ കഞ്ചാവുമാണ് പിടികൂടിയത്. സംഭവത്തില്‍ രണ്ടു പേരെ പോലീസ് അറസ്റ്റുചെയ്തു. എറണാകുളം കുന്നത്തുനാട് സ്വദേശി എല്‍ദോ(28), കൊല്ലം കുണ്ടറ സ്വദേശി സെബിന് (29) എന്നിവരെയാണ് പോലീസ് പിടികൂടിയത്. എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിലെ സര്‍ക്കിള്‍ ഇന്സ്പെട്ടര് ടി. അനില്‍കുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
പോത്തന്‍കോടു വച്ചാണ് ലോറി എക്സൈസ് സംഘം പിടികൂടിയത്. ആന്ധ്രപ്രദേശില്‍ നിന്നുമാണ് പ്രതികള്‍ ലഹരി മരുന്ന് കേരളത്തിലെത്തിച്ചത്. വളയാര്‍ വഴിയാണ് കേരളത്തിലേക്ക് കടന്ന്. സംസ്ഥാനത്തു നടന്ന ഏറ്റവും വലിയ ലഹരി മരുന്നു വേട്ടയാണ്. മയക്കുമരുന്ന് വിപണിയില്‍ കോടിക്കണക്കിന് രൂപ വിലവരുന്ന ഹാഷിഷും കഞ്ചാവുമാണ് പിടിച്ചെടുത്തത്. കോവിഡ് നിയന്ത്രങ്ങളുടെ പശ്ചാത്തലത്തില്‍ മറ്റു വാഹനങ്ങള്‍ക്ക് അതിര്‍ത്തി കടക്കാന്‍ പ്രയാസം നേരിട്ടിരുന്നു. പച്ചക്കറിയും മറ്റു ഭക്ഷ്യവസ്തുകളും കൊണ്ടു വരാന്‍ ഉപയോഗിക്കുന്ന നാഷണല്‍ പെര്‍മിറ്റ് വാഹനങ്ങളില്‍ ലഹരി കടത്ത് ആരംഭിച്ചത് ഇതിനെ തുടര്‍ന്നാണ്. വന്‍ തുക വര്ധാന നല്‍കിയാണ് ലഹരി മാഫിയ ഇത്തരത്തില്‍ ലഹരിമരുന്നു കടത്തുന്നത്. മുമ്പ് കര്‍ണാടകത്തില്‍ നിന്നും കാസര്‍ഗോഡു വഴി ആംബുലന്‍സിലും ലഹരി കടത്തിയ സംഭവമുണ്ടായിട്ടുണ്ട്. ഇത്തരം കള്ളക്കടത്തുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ എക്സൈസിന്റെ നേതൃത്വത്തില്‍ കര്‍ശന പരിശോധനകള്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha