മെഡിക്കല്‍ ട്രാന്‍സ്ക്രിപ്ഷന്‍ സാങ്കേതികവിദ്യ കേരളത്തില്‍ ആദ്യമായി കൊണ്ടുവന്ന കേരളത്തിലെ ആദ്യകാല ഐടി വ്യവസായികളില്‍ പ്രമുഖനായ ആര്.പി. ലാലാജിക്ക് കേരളം വിട നല്കി
ഞായറാഴ്ച അന്തരിച്ച ആര്.പി ലാലാജിക്ക് വിട. ടെക്നോപാര്‍ക്കിലെ ആദ്യ 5 കമ്പനികളിലൊന്നിന്റെ സ്ഥാപകനും കേരളത്തിലെ ആദ്യകാല ഐടി വ്യവസായികളിലൊരാളുമായ ലാലാജി പക്ഷാഘാത്തെത്തുടര്ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംസ്കാരം നടത്തി.
'ഐടി: പുതിയ വ്യവസായങ്ങളും നിറയെ തൊഴിലവസരങ്ങളും' എന്ന പുസ്തകത്തിന്റെ രചയിതാവായ ലാലാജി മനോരമയടക്കം വിവിധ മാധ്യമങ്ങളില്‍ ടെക്നോളജി കോളങ്ങള്‍ കൈകാര്യം ചെയ്തിരുന്നു.
1995-ല്‍ ആരംഭിച്ച സീവ്യൂ സപ്പോര്‍ട്ട് സിസ്റ്റം എന്ന കമ്പനിയടക്കം ഇന്ത്യയിലും വിദേശത്തുമായി ഐടി, ബയോടെക്നോളജി മേഖലകളില്‍ 8 വ്യവസായസ്ഥാപനങ്ങള്‍ക്കു തുടക്കം കുറിച്ച ലാലാജിയാണ് മെഡിക്കല്‍ ട്രാന്‍സ്ക്രിപ്ഷന്‍ സാങ്കേതികവിദ്യ കേരളത്തില്‍ ആദ്യമായി കൊണ്ടുവന്നത്.
ഒഡെപെക് എംഡിയായിരുന്നപ്പോള്‍ സൗദിയുമായി ഒപ്പിട്ട കരാറനുസരിച്ചാണ് ഇവിടെനിന്ന് ഇപ്പോഴും വന്‍ തോതില്‍ ഡോക്ടര്‍മാരെയും നഴ്സുമാരെയും റിക്രൂട്ട് ചെയ്യുന്നത്.
കൊല്ലം കേന്ദ്രമാക്കി 1985-ല്‍ ലാലാജി ആരംഭിച്ച 'നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കംപ്യൂട്ടര്‍ ടെക്നോളജി' എന്ന കംപ്യൂട്ടര്‍ പരിശീലന കേന്ദ്രത്തിന്റെ 50-ല്‍ അധികം ശാഖകളില്‍ നിന്നു പഠിച്ചിറങ്ങിയത് ആയിരങ്ങളാണ്. 1987-ല്‍ കംപ്യൂട്ടര്‍ എയഡ്ഡഡ് ട്രെയിനിങ് സിസ്റ്റംസ്, 1993-ല്‍ സോഫ്ടെക്സ് കംപ്യൂട്ടര്‍ കണ്‍സള്‍ട്ടന്റ്സ്, 1997-നു ശേഷം ടോട്ടല്‍ ഫെസിലിറ്റീസ്, കോസ്മോമാര്ട്ട്, സോഫ്റ്റ്എക്സ്എല് എന്നീ സംരംഭങ്ങള്‍ക്കും തുടക്കം കുറിച്ചു.
റോയല്‍ ഫൊട്ടോഗ്രഫിക് സൊസൈറ്റി ഓഫ് ഗ്രേറ്റ് ബ്രിട്ടന്റെ എല്ആര്പിഎസ് പദവി, എസ്എന്‍ വേള്‍ഡ് കൗണ്‍സില്‍ (ന്യൂയോര്‍ക്ക്) അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
പത്തനംതിട്ട കവിയൂര്‍ കോട്ടൂര്‍ചാമയ്ക്കല്‍ തറവാട്ടിലാണു ലാലാജി ജനിച്ചത്. പ്രശസ്ത കര്‍ണാടക സംഗീതജ്ഞയും പഴയകാല ചലച്ചിത്ര പിന്നണി ഗായികയുമായ പരേതയായ കവിയൂര്‍ രേവമ്മ സഹോദരിയാണ്.
പരേതയായ വത്സല ലാലാജിയാണ് ഭാര്യ. മക്കള്‍: ഇന്ദുലക്ഷ്മി (കോ-ഫൗണ്ടര്‍, നീഡ്സ്ട്രീറ്റ്), ശങ്കര്‍ ലാല്‍ (ഡയറക്ടര്‍, സീവ്യു). മരുമക്കള്‍: രാജു ഹരിലാല്‍ (സിഇഒ, സീവ്യൂ), ചെഞ്ചു വേണുഗോപാല്‍ (കസ്റ്റമര്‍ ഡവലപ്മെന്റ് ഡയറക്ടര്‍, നീഡ്സ്ട്രീറ്റ്).
https://www.facebook.com/Malayalivartha