ലൈഫ് പദ്ധതി: ചെലവ് ചുരുക്കി പദ്ധതിരേഖ പുതുക്കുന്നതിനിടെ പദ്ധതി നിര്‍ത്തുകയാണെന്ന് തങ്ങളെ അറിയിച്ചതായി ഹാബിറ്റാറ്റ് ചെയര്‍മാന്‍

ലൈഫ് മിഷന്റെ ആവശ്യപ്രകാരം ചെലവ് ചുരുക്കി പദ്ധതിരേഖ പുതുക്കുന്നതിനിടെ പദ്ധതി നിര്‍ത്തുകയാണെന്ന് തങ്ങളെ അറിയിക്കുകയായിരുന്നുവെന്ന് ഹാബിറ്റാറ്റ് ചെയര്‍മാന്‍ ജി. ശങ്കര്‍. ലൈഫ് മിഷന്‍ തങ്ങളെ അറിയിച്ചത് സ്പോണ്‍സര്‍ പിന്മാറിയെന്നാണെന്നും അദ്ദേഹം വെളിപ്പെടുത്തി.
തങ്ങളെ സമീപിച്ചത്് വിദേശ സഹായമുള്ള ഒരു പദ്ധതിയുടെ കണ്‍സല്‍ട്ടന്റ് എന്ന നിലയ്ക്കാണ്. അതിന്റെ അടിസ്ഥാനത്തില്‍ ആദ്യം 234 യൂണിറ്റുള്ള 32 കോടിയുടെ പദ്ധതി തയാറാക്കി. എന്നാല്‍, ലൈഫ് മിഷന്‍ തുക കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടു. പിന്നീട് 203 യൂണിറ്റ് വരുന്ന 27.50 കോടിയുടെ പദ്ധതിരേഖ നല്‍കി.
എന്നാല്‍ ജൂലൈ 18-ന്, ലൈഫ് മിഷനും റെഡ്ക്രെസന്റുമായുള്ള ധാരണപത്രത്തിനുശേഷം കത്തിലൂടെ സി.ഇ.ഒ: യു വി. ജോസ് സ്പോണ്‍സര്‍ നല്‍കുന്ന സാമ്പത്തിക സഹായത്തിന് അനുസരിച്ച് 15 കോടിയില്‍ താഴെ ചെലവ് ചുരുക്കാനാവശ്യപ്പെട്ടു. അതിന്റെ അടിസ്ഥാനത്തില്‍ പുനര്‍ രൂപരേഖ തയാറാക്കി നല്‍കിയിരുന്നു. അതിനുശേഷമാണ് മാറിയത്.
തങ്ങളോട് ആവശ്യപ്പെട്ട സമയത്ത് ആശുപത്രി ചിത്രത്തിലുണ്ടായിരുന്നില്ല. പദ്ധതി നിര്‍ത്തി എന്നറിയിച്ചതിനു പിന്നാലെ പല കാരണങ്ങളാല്‍ കഴിഞ്ഞ ഒക്ടോബറോടെ ഹാബിറ്റാറ്റ്, ലൈഫ് മിഷന്റെ കണ്‍സല്‍ട്ടന്‍സി പദവി ഒഴിഞ്ഞുവെന്നും ശങ്കര്‍ പറഞ്ഞു.
വടക്കാഞ്ചേരിയില്‍ ലൈഫ്മിഷന്റെ കീഴില്‍ നിര്‍മ്മിക്കുന്ന ഫ്ളാറ്റിന്റെ നിര്‍മ്മാണം തങ്ങളിലെത്തിയത് ഹാബിറ്റാറ്റ് വന്‍ തുക ക്വാട്ട് ചെയ്തതുകൊണ്ടാണെന്ന യൂണിടാക് എം.ഡിയുടെ വാദത്തിനു വിരുദ്ധമാണ് ശങ്കറിന്റെ വെളിപ്പെടുത്തല്‍. തങ്ങളെ പദ്ധതിയില്‍നിന്ന് ഒഴിവാക്കിയതല്ലെന്നും സ്വയം ഒഴിവായതാണെന്നും ശങ്കര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























