ചിറകരിഞ്ഞ് യുക്രെയ്ന്‍... റഷ്യയും യുക്രെയ്‌നും തമ്മിലുള്ള പോരാട്ടം രൂക്ഷമാകവെ നുഴഞ്ഞുകയറി യുക്രെയ്ന്‍ ഹാക്കര്‍മാര്‍; ഒറ്റ രാത്രി കൊണ്ട് റഷ്യന്‍ പ്രസിഡന്റ് പുട്ടിന്റേതുള്‍പ്പെടെയുള്ള ഔദ്യോഗിക വെബ്‌സൈറ്റുകളും റഷ്യന്‍ ടിവി ചാനലുകളും പ്രവര്‍ത്തന രഹിതമാക്കി

ജനങ്ങള്‍ ആയുധമെടുത്തതോടെ റഷ്യന്‍ സൈന്യത്തിന് കനത്ത തിരിച്ചടിയായി. എവിടെ നിന്നു വേണമോ ആക്രമണം ഉണ്ടാകാമെന്നുള്ള അവസ്ഥയാണുള്ളത്. പെട്രോള്‍ ബോംബുകളുമായി റഷ്യന്‍ സേനയ്ക്ക് നേരെ പാഞ്ഞടുക്കുന്ന സാധാരണക്കാര്‍ വലിയ പ്രഹരമാണ് ഉണ്ടാക്കുന്നത്.
അതേസമയം റഷ്യയും യുക്രെയ്‌നും തമ്മിലുള്ള പോരാട്ടം സൈബര്‍ ഇടങ്ങളിലേക്കും വ്യാപിക്കുന്നു. സൈബര്‍ ആക്രമണത്തിനായി സ്വന്തം ഐടി സേനയ്ക്ക് യുക്രെയ്ന്‍ രൂപം നല്‍കി. റഷ്യന്‍ പ്രസിഡന്റ് പുട്ടിന്റേതുള്‍പ്പെടെയുള്ള ഔദ്യോഗിക വെബ്‌സൈറ്റുകളും റഷ്യന്‍ ടിവി ചാനലുകളും പ്രവര്‍ത്തന രഹിതമാക്കിയത് ഇവരുടെ ശ്രമഫലമായാണെന്നാണ് കരുതപ്പെടുന്നത്.
കഴിഞ്ഞ ബുധനാഴ്ച യുക്രെയ്ന്‍ കംപ്യൂട്ടര്‍ ശൃംഖലയില്‍ പ്രത്യക്ഷപ്പെട്ട നശീകരണ വൈറസ് സര്‍ക്കാര്‍ ഓഫിസുകളുടെയും ധനകാര്യസ്ഥാപനങ്ങളുടെയും വെബ്‌സൈറ്റുകള്‍ പ്രവര്‍ത്തന രഹിതമാക്കിയിരുന്നു. ഇതിനു പിന്നില്‍ റഷ്യയാണെന്ന് ഉറപ്പായതിനെ തുടര്‍ന്നാണ് സ്വന്തം ഐടി ആര്‍മി രൂപീകരിക്കുന്നതായി യുക്രെയ്ന്‍ ഉപപ്രധാനമന്ത്രിതന്നെ പ്രഖ്യാപിച്ചത്.
ഇതിനായി മറ്റു ഹാക്കര്‍മാരുടെ സഹായം അഭ്യര്‍ഥിക്കുകയും നുഴഞ്ഞുകയറേണ്ട റഷ്യന്‍ വെബ്‌സൈറ്റുകളുടെ പട്ടിക കൈമാറുകയും ചെയ്തു. കഴിഞ്ഞദിവസം റഷ്യന്‍ ടിവി ചാനല്‍ ശൃംഖലയില്‍ കടന്നുകയറിയ യുക്രെയ്ന്‍ ഹാക്കര്‍മാര്‍ സ്വന്തം രാജ്യത്തെ പൗരന്മാരുടെ കഷ്ടതകള്‍ വ്യക്തമാക്കുന്ന വിഡിയോ സംപ്രേഷണം ചെയ്തു.
റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റേതുള്‍പ്പെടെയുള്ള വെബ്‌സൈറ്റുകള്‍ ഇവര്‍ കുറെ നേരത്തേക്ക് നിശ്ചലമാക്കി. യുക്രെയ്‌നും അവരെ അനുകൂലിക്കുന്ന വിദേശരാജ്യങ്ങളും ചേര്‍ന്ന സൈബര്‍ കൂട്ടായ്മയാണ് ഹാക്കിങ്ങിനു പിന്നിലെന്ന് റഷ്യ കരുതുന്നു. ഇതിനിടെ പ്രമുഖ ഹാക്കര്‍ സംഘമായ അനോണിമസ് റഷ്യയ്‌ക്കെതിരെ സൈബര്‍ യുദ്ധം പരസ്യമായി പ്രഖ്യാപിക്കുകയും റഷ്യന്‍ വിരുദ്ധ സന്ദേശങ്ങള്‍ ട്വീറ്റ് ചെയ്യുകയും ചെയ്തു.
അതേസമയം ആക്രമണം തുടരുന്നതിനിടയിലും ചര്‍ച്ചയ്ക്കു റഷ്യ സന്നദ്ധമായതു ലോകത്തിനു പ്രതീക്ഷ നല്‍കുന്നു. കഴിഞ്ഞ 24 ന് ആക്രമണം ആരംഭിച്ചതിനുശേഷം ആദ്യമാണ് റഷ്യയുടെ ഉപാധികളില്ലാതെ ചര്‍ച്ചാവാഗ്ദാനം. ബെലാറൂസ് അതിര്‍ത്തി നഗരമായ ഗോമലിലാണു ചര്‍ച്ച.
ബെലാറൂസ് നിഷ്പക്ഷ രാജ്യമല്ലാത്തതിനാല്‍ അവിടെ ചര്‍ച്ചയ്ക്കില്ലെന്നായിരുന്നു ആദ്യം യുക്രെയ്ന്‍ പ്രസിഡന്റ് വൊളിഡിമിര്‍ സെലെന്‍സ്‌കി പറഞ്ഞത്. തുര്‍ക്കിയിലോ അസര്‍ബൈജാനിലോ ചര്‍ച്ചയാകാമെന്നായിരുന്നു നിലപാട്. ബെലാറൂസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ ലുക്കാഷെന്‍കോയുമായി ഫോണ്‍ സംഭാഷണം നടത്തിയതിനു പിന്നാലെ അദ്ദേഹം ബെലാറൂസ് ചര്‍ച്ചയ്ക്കുള്ള സന്നദ്ധത അറിയിക്കുകയായിരുന്നു.
അതേസമയം, പ്രശ്‌നം തീര്‍ക്കാന്‍ മധ്യസ്ഥത വഹിക്കാന്‍ സന്നദ്ധത അറിയിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി നഫ്താലി ബെനറ്റ് രംഗത്തെത്തി. പുട്ടിനുമായുള്ള ഫോണ്‍ സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്. യുക്രെയ്‌നും റഷ്യയുമായി അടുത്ത ബന്ധമുള്ള ഇസ്രയേലിനോട് വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ നേരത്തേ യുക്രെയ്ന്‍ ആവശ്യപ്പെട്ടിരുന്നതാണ്.
എന്നാല്‍, യുദ്ധം നിര്‍ത്താതെ ചര്‍ച്ച നടത്തുന്നതിനോടു യോജിക്കാനാവില്ലെന്നു ബ്രിട്ടന്‍ പ്രതികരിച്ചു. യുക്രെയ്ന്‍കാരുടെ തലയ്ക്കുനേരെ തോക്കു ചൂണ്ടിക്കൊണ്ട് റഷ്യക്കാര്‍ക്കു സമാധാന ചര്‍ച്ച നടത്താനാവില്ല. ഇത്തരം ചര്‍ച്ചകളെ വിശ്വസിക്കുന്നില്ലെന്ന് യുകെ വിദേശകാര്യ മന്ത്രി ലിസ് ട്രസ് പറഞ്ഞു.
യൂറോപ്പിലെ കൂടുതല്‍ രാജ്യങ്ങള്‍ റഷ്യന്‍ വിമാനങ്ങള്‍ക്കു വ്യോമപാത നിഷേധിച്ചു. ജര്‍മനി, ഫിന്‍ലന്‍ഡ്, നെതര്‍ലന്‍ഡ്‌സ്, സ്വീഡന്‍, ഡെന്‍മാര്‍ക്ക്, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ ഇന്നലെ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചു. റഷ്യന്‍ വ്യോമാതിര്‍ത്തി ഒഴിവാക്കി പറക്കാന്‍ ഓസ്‌ട്രേലിയ സ്വന്തം വിമാനങ്ങള്‍ക്കു നിര്‍ദേശം നല്‍കി.
"
https://www.facebook.com/Malayalivartha






















