ശവപ്പെട്ടി വന്നാല്‍ വിവരമറിയും... യുക്രെയ്‌നുമായുള്ള യുദ്ധത്തില്‍ മരിച്ചു വീഴുന്ന സൈനികരെ ശവപ്പെട്ടിയില്‍ റഷ്യയിലെത്തിക്കാതിരിക്കാന്‍ പുടിന്‍; യുദ്ധഭൂമിയില്‍ മൊബൈല്‍ ക്രിമറ്റോറിയത്തില്‍ ഭസ്മമാക്കുന്നു; എത്ര റഷ്യന്‍ ഭടന്മാര്‍ കൊല്ലപ്പെട്ടു എന്ന കാര്യം മറച്ചുവച്ച് റഷ്യ

അപ്രതീക്ഷിതമായ തിരിച്ചടികള്‍ നേരിട്ട റഷ്യന്‍ സൈന്യത്തിലെ ആയിരക്കണക്കിന് സൈനികര്‍ മരിച്ചു വീഴുന്നുവെന്നാണ് യുക്രെയ്ന്‍ പറയുന്നത്. എന്നാല്‍ റഷ്യയാകട്ടെ തങ്ങളുടെ എത്ര സൈനികര്‍ മരിച്ചെന്ന് വെളിപ്പെടുത്തുന്നില്ല. യുദ്ധത്തില്‍ കൊല്ലപ്പെടുന്ന തങ്ങളുടെ സേനാംഗങ്ങളെ അവിടെത്തന്നെ റഷ്യ ഭസ്മമാക്കുന്നോ എന്ന സംശയമാണ് ഉയരുന്നത്.
യുദ്ധത്തിനിടെ കൊല്ലപ്പെട്ടാല്‍ തങ്ങളെ ബാഷ്പീകരിച്ചു കളയാന്‍ കെല്‍പുള്ള യന്ത്രം പിന്നാലെ വരുന്നുണ്ട് എന്ന അറിവോടെയാണ് റഷ്യന്‍ ഭടന്മാര്‍ യുദ്ധഭൂമിയിലേക്കു പോകുന്നത് എന്നാണ് പറയപ്പെടുന്നത്. ലോകത്തെ അസ്വസ്ഥപ്പെടുത്തുന്ന ഈ ചോദ്യം റഷ്യയ്ക്കു നേരെ ഉയരുകയാണ്. യുക്രെയ്‌നിലേക്ക് പട്ടാളത്തെ മാത്രമല്ല, അകമ്പടിയായി മൊബൈല്‍ ക്രിമറ്റോറിയം കൂടി അയച്ചിരിക്കുകയാണ് വ്‌ലാഡിമിര്‍ പുട്ടിന്‍ എന്നാണ് വെളിപ്പെടുത്തല്‍.
പുട്ടിന്‍ എന്ന ഏകാധിപതി സ്വന്തം നാട്ടുകാരെ ഭയപ്പെടാന്‍ തുടങ്ങിയതിന്റെ സൂചനയായി ഇതിനെ കാണുന്നു. ശവപ്പെട്ടികള്‍ വരാന്‍ തുടങ്ങിയാല്‍ റഷ്യയില്‍ ജനങ്ങള്‍ പുട്ടിനു നേരെ തിരിയും. ഇപ്പോള്‍ തന്നെ യുക്രെയ്‌നിലേക്കുള്ള കടന്നുകയറ്റത്തിനെതിരെ വലിയ ജനരോഷമാണ് റഷ്യയില്‍ ഉണ്ടായിട്ടുള്ളത്. എത്ര റഷ്യന്‍ ഭടന്മാര്‍ കൊല്ലപ്പെട്ടു എന്ന കാര്യം പേടിച്ച് ഇക്കാര്യം മറച്ചുവയ്ക്കുകയാണ് സര്‍ക്കാര്‍.
മൊബൈല്‍ ക്രിമറ്റോറിയം അയച്ചതിന്റെ ചിത്രങ്ങള്‍ ബ്രിട്ടിഷ് പ്രതിരോധ മന്ത്രാലയമാണ് പുറത്തുവിട്ടത്. മുന്‍ സൈനികന്‍ കൂടിയായ ബ്രിട്ടിഷ് പ്രതിരോധ സെക്രട്ടറി ബെന്‍ വാലസ് ഈ സ്‌തോഭജനകമായ വാര്‍ത്തയെപ്പറ്റി പ്രതികരിച്ചത് ഇങ്ങനെയാണ്: എന്റെ ജനറലിന് എന്നില്‍ വിശ്വാസമേയില്ല എന്നു വരികയും യുദ്ധഭൂമിയിലേക്ക് മൊബൈല്‍ ക്രിമറ്റോറിയവുമായി വരികയും ചെയ്താല്‍ എങ്ങനെയുണ്ടാവും? കൊല്ലപ്പെടുന്നത് ഒളിപ്പിച്ചുവയ്ക്കാന്‍ മൊബൈല്‍ ക്രിമറ്റോറിയമാണ് നല്ലതെന്ന് കരുതുന്നതിനെ ഒരു സേനാംഗത്തിന്റെ അമ്മയോ അച്ഛനോ എങ്ങനെ കാണും? അങ്ങേയറ്റം ദുഃഖകരമാണിത്. സ്വന്തം ഭടന്മാരെ റഷ്യ എത്ര നിസ്സാരമായാണ് കാണുന്നതെന്നതിന്റെ സൂചനയാണിത്.
മൊബൈല്‍ ക്രിമറ്റോറിയം 2013ലാണ് റഷ്യ പരീക്ഷിച്ചത്. മരിച്ച സൈനികരുടെ മാതാപിതാക്കള്‍ക്ക് മകന്റെ സംസ്‌കാരം നടത്താനുള്ള അവസരമെങ്കിലും നല്‍കണമെന്നും അതിന് റെഡ്‌ക്രോസ് ഇടപെട്ട് മൃതദേഹങ്ങള്‍ തിരിച്ചയയ്ക്കണമെന്നുമാണ് യുക്രെയ്ന്‍ ആവശ്യപ്പെടുന്നത്. കൊല്ലപ്പെട്ട റഷ്യക്കാരുടെ വിവരങ്ങള്‍ കൈമാറുന്നതിന് വെബ്‌സൈറ്റും യുക്രെയ്ന്‍ തുടങ്ങി.
അതതേസമയം ആണവ ഭീഷണിയുമായി റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍ രംഗത്തെത്തി. ആണവായുധങ്ങള്‍ സജ്ജമാക്കാന്‍ സേനാ തലവന്മാര്‍ക്ക് പുട്ടിന്‍ നിര്‍ദേശം നല്‍കി. പാശ്ചാത്യ രാജ്യങ്ങളെ രൂക്ഷമായി വിമര്‍ശിച്ച പുട്ടിന്‍, റഷ്യയ്‌ക്കെതിരെ നാറ്റോ പ്രകോപനപരമായ പ്രസ്താവനകള്‍ പുറത്തിറക്കുന്നെന്നും അഭിപ്രായപ്പെട്ടതായാണ് റിപ്പോര്‍ട്ട്. റഷ്യന്‍ സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയിലാണ് നാറ്റോ റഷ്യയെ പ്രകോപിപ്പിക്കുന്നതായി പുട്ടിന്‍ പറഞ്ഞത്.
ആണവ പ്രതിരോധ സേനയെ സ്‌പെഷ്യല്‍ ഡ്യൂട്ടിയില്‍ ഉള്‍പ്പെടുത്താന്‍ പ്രതിരോധ മന്ത്രിക്കും സൈനിക മേധാവിക്കും പുട്ടിന്‍ നിര്‍ദേശം നല്‍കിയെന്നാണ് വിവരം. യുക്രെയ്ന്‍ അധിനിവേശത്തെ തുടര്‍ന്ന് റഷ്യയ്ക്കു മേല്‍ പാശ്ചാത്യ രാജ്യങ്ങള്‍ ഉപരോധം കടുപ്പിക്കുന്നതും നാറ്റോ സഖ്യം യുക്രെയ്‌നെ സഹായിക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമാണ് ഇത്തരത്തില്‍ ഒരു ഉത്തരവിനു പിന്നിലെന്നാണ് റിപ്പോര്‍ട്ട്.
റഷ്യയോടുള്ള പാശ്ചാത്യ രാജ്യങ്ങളുടെ നിലപാട് സൗഹാര്‍ദപരമല്ല. സാമ്പത്തിക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതു മാത്രമല്ല, നാറ്റോ നേതാക്കള്‍ നമ്മുടെ രാജ്യത്തിനെതിരെ വളരെ പ്രകോപനപരമായ പ്രസ്താവനകളും പുറപ്പെടുവിക്കുന്നു എന്നും പുട്ടിന്‍ ടെലിവിഷന്‍ ചാനലിനെ അഭിസംബോധന ചെയ്തു കൊണ്ട് പറഞ്ഞു.
യുക്രെയ്‌നിലെ സംഘര്‍ഷത്തില്‍ നേരിട്ട് ഇടപെടുന്ന ഏതൊരു രാജ്യത്തിനും എതിരെ ശക്തമായി തിരിച്ചടിക്കുമെന്ന് റഷ്യ പറഞ്ഞിരുന്നു. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ആണവ ശക്തിയാണ് റഷ്യ. ആണവായുധങ്ങള്‍ സജ്ജമാക്കാനുള്ള പുട്ടിന്റെ നിര്‍ദേശം അതിനാല്‍ തന്നെ കനത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്.
"
https://www.facebook.com/Malayalivartha






















