ഒരുതരത്തിലും വിട്ടുപോകില്ല... രണ്ടു വര്‍ഷത്തെ കോവിഡ് നിയന്ത്രണങ്ങള്‍ക്കു ശേഷം സംസ്ഥാനം ഏറെക്കുറെ സാധാരണ നിലയിലേക്കു മടങ്ങുന്നു; നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതിനിടെ കോവിഡ് നാലാം തരംഗം ജൂണിലെന്ന് പ്രവചനം; ഒക്ടോബര്‍ വരെ നീണ്ടുപോകും

കോവിഡ് ഉണ്ടാക്കിയ ആഘാതത്തിനിടയില്‍ രാജ്യവും സംസ്ഥാനവും ഇനിയും മോചനം നേടിയിട്ടില്ല. അതിനിടയ്ക്ക് നാലാം തരംഗ ഭീഷണി. കോവിഡ് മൂന്നാം തരംഗം കാര്യമായ അപകടം സൃഷ്ടിക്കാതെ കടന്നുപോകുന്ന ആശ്വാസത്തിലിരിക്കെ ഇന്ത്യയില്‍ ജൂണ്‍ മാസത്തില്‍ നാലാം തരംഗമുണ്ടാകുമെന്നു പ്രവചനം.
ഐഐടി കാന്‍പുര്‍ തയാറാക്കിയ പഠന റിപ്പോര്‍ട്ടിലാണ് ജൂണ്‍ 22നു രാജ്യത്ത് അടുത്ത കോവിഡ് തരംഗം തുടങ്ങുമെന്നും ഇത് ഒക്ടോബര്‍ 24 വരെ നീണ്ടുപോകുമെന്നും സൂചിപ്പിക്കുന്നത്. ഓഗസ്റ്റ് 23ന് പാരമ്യത്തിലെത്തുമെന്നാണു പ്രവചനം. പൊതുവേ സ്ഥിതി രൂക്ഷമാകുമോയെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ല.
കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് ഉത്തരവായത്. രണ്ടു വര്‍ഷത്തെ കോവിഡ് നിയന്ത്രണങ്ങള്‍ക്കു ശേഷം സംസ്ഥാനം ഏറെക്കുറെ സാധാരണ നിലയിലേക്കു മടങ്ങുന്നു. മാസ്‌ക്കും അകലം പാലിക്കലുമായിരിക്കും ഇനി പ്രധാന നിയന്ത്രണങ്ങള്‍.
സംസ്ഥാനത്ത് എല്ലാ പൊതുപരിപാടികളിലും 1500 പേരെ പങ്കെടുപ്പിക്കാന്‍ കലക്ടര്‍മാര്‍ക്ക് അനുമതി നല്‍കുന്നത് ഉള്‍പ്പെടെ ഇളവുകള്‍ നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി. 25 ചതുരശ്ര അടിയില്‍ ഒരാള്‍ എന്ന നിലയില്‍ അകലം പാലിക്കണം. ഇളവുകള്‍ പ്രാബല്യത്തിലായി.
തിയറ്ററുകളില്‍ 100% സീറ്റില്‍ ആളെ ഇരുത്താം. ഹോട്ടലുകള്‍, റസ്റ്ററന്റുകള്‍, മറ്റു ഭക്ഷണശാലകള്‍, ബാറുകള്‍, ക്ലബുകള്‍ എന്നിവിടങ്ങളിലും 100% ആളാകാം.സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ എല്ലാ ഓഫിസുകളിലെയും യോഗങ്ങളും പരിശീലന പരിപാടികളും ആവശ്യമെങ്കില്‍ നേരിട്ടും നടത്താം.
ആശുപത്രികളിലെ കോവിഡ് രോഗികളുടെ എണ്ണം അടിസ്ഥാനമാക്കി ജില്ലകളെ വിവിധ വിഭാഗങ്ങളായി തിരിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന നടപടി നിര്‍ത്തലാക്കി.
പരിപാടികള്‍ മാസ്‌ക്കും അകലവും സാനിറ്റൈസര്‍ ഉപയോഗവും ഉള്‍പ്പെടെയുള്ള കോവിഡ് നിബന്ധനകള്‍ പാലിച്ചു മാത്രമേ നടത്താവൂ എന്നും ഉത്തരവില്‍ വ്യക്തമാക്കി.
അതേസമയം പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ഒഴിവാക്കുന്നതടക്കം കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ മാറ്റങ്ങളുമായി യുഎഇ രംഗത്തെത്തി. കോവിഡ് രോഗികളുമായി സമ്പര്‍ക്കത്തില്‍ വരുന്നവര്‍ക്കുള്ള ക്വാറന്റൈന്‍ ചട്ടങ്ങളിലടക്കം വലിയ മാറ്റങ്ങളാണ് യുഎഇയില്‍ വെള്ളിയാഴ്ച പ്രഖ്യാപിച്ചത്. മാര്‍ച്ച് ഒന്ന് മുതല്‍ പുതുക്കിയ തീരുമാനങ്ങള്‍ പ്രാബല്യത്തില്‍ വരും. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ഒഴിവാക്കാമെങ്കിലും അടച്ചിട്ട സ്ഥലങ്ങളില്‍ മാസ്‌ക് നിയന്ത്രണം തുടരുമെന്നും ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചു.
അതേസമയം, കോവിഡ് ബാധിതരായവരുടെ ഐസോലേഷന്‍ രീതി മാറ്റമില്ലാതെ തുടരും. രോഗബാധിതരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമല്ല. എന്നാല്‍ ഇവര്‍ അഞ്ച് ദിവസത്തിനിടെ രണ്ട് ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍ക്ക് വിധേയരാകണം. കോവിഡ് കേസുകള്‍ കുത്തനെ കുറഞ്ഞ സാഹചര്യത്തിലാണ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്.
മുന്‍കരുതലും പ്രതിരോധ നടപടികളും പാലിക്കേണ്ടതിന്റെ ആവശ്യകത നിലനിര്‍ത്തിക്കൊണ്ട് തന്നെ, രാജ്യത്തെ സുപ്രധാന മേഖലകള്‍ക്കനുസരിച്ച്, പ്രാദേശിക തലത്തില്‍, ഓരോ എമിറേറ്റിനും ക്വാറന്റൈന്‍ കാലയളവിന്റെ ദൈര്‍ഘ്യം നിര്‍ണ്ണയിക്കാനും കോവിഡ് ബാധിതരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ക്കുള്ള പിസിആര്‍ ടെസ്റ്റുകള്‍ നിര്‍ണ്ണയിക്കുന്നതിലും തീരുമാനമെടുക്കാന്‍ സ്വാതന്ത്ര്യമുണ്ട്. ശാരീരിക അകലം പാലിക്കുന്നതും എല്ലായ്‌പ്പോഴും മാസ്‌ക് ധരിക്കുന്നതും ഇതില്‍ ഉള്‍പ്പെടുന്നു. വിനോദ സഞ്ചാര മേഖലയിലെ സാമൂഹ്യ അകലം പാലിക്കല്‍ വേണ്ടെന്നും ദേശീയ ദുരന്ത നിവാരണ സമിതി വ്യക്തമാക്കി.
"
https://www.facebook.com/Malayalivartha






















