കസ്റ്റഡിയിൽ മരണപ്പെട്ട യുവാവിൻ്റെ ജീവന് ആരോടാണ് മറുപടി ചോദിക്കേണ്ടത്?...ഈ മരണത്തിന് ഉത്തരവാദികൾ ആരാണ്?...കേരളത്തിൽ ഇന്ന് മനുഷ്യ ജീവന് ഒരു വിലയും ഇല്ലാ എന്ന സ്ഥിതിയാണുള്ളത്...പോലീസ് വകുപ്പ് നാഥനില്ലാക്കളരിയായി മാറിയിരിക്കുകയാണ്...കസ്റ്റഡിയിലിരുന്ന യുവാവ് മരണപ്പെട്ട സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം തിരുവല്ലത്ത് പോലീസ് കസ്റ്റഡിയിലിരുന്ന യുവാവ് മരണപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് പൂർണ്ണ പരാജയമാണെന്ന് അദ്ധേഹം വിമർശിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ധേഹം സംസ്ഥാന സർക്കാരിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്. കേരളത്തിലെ പോലീസ് വകുപ്പ് നാഥനില്ലാക്കളരിയായി മാറിയിരിക്കുകയാണ്. കേരളത്തിൽ ഇന്ന് മനുഷ്യ ജീവന് ഒരു വിലയും ഇല്ലാ എന്ന സ്ഥിതിയാണുള്ളത്. പോലീസിനെ കടിഞ്ഞാണിടാൻ കഴിയാത്ത ആഭ്യന്തരവകുപ്പ് പരാജയത്തിൽ നിന്നും പരാജയത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് അദ്ധേഹം പറഞ്ഞു.
രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ്
ഇന്ന് സംസ്ഥാന തലസ്ഥാനത്ത് നടന്ന ദൗർഭാഗ്യകരമായ സംഭവം അടിവരയിട്ട് പറയുന്നത് ആഭ്യന്തരവകുപ്പ് സമ്പൂർണ്ണ പരാജയം എന്നതാണ്.
തിരുവനന്തപുരത്ത് ഇന്നൊരു കസ്റ്റഡി മരണം രേഖപ്പെടുത്തി ഇരിക്കുകയാണ്. തിരുവല്ലം പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലെടുത്ത യുവാവ് മരണപ്പെട്ടിരിക്കുന്നു. ഒന്നാം പിണറായി വിജയൻ സർക്കാരിൻ്റെ കാലത്തും, തുടർ ഭരണത്തിലും ഇതുവരെ നടന്ന കസ്റ്റഡി മരണങ്ങൾ കേരള ചരിത്രം കണ്ടിട്ടില്ലാത്ത രീതിയിൽ ഉയർന്ന അക്കങ്ങളിൽ ആണ്.
പൊതു ജനങ്ങളോടുള്ള കേരള പോലീസിൻ്റെ സമീപനവും പെരുമാറ്റവും മെച്ചപ്പെടുത്തണം, അവർ ജനങ്ങളോട് കൂടുതൽ സൗഹൃദമായി ഇടപെടണമെന്നും പല അവസരങ്ങളിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പക്ഷേ ഇന്നത്തെ കേരളത്തിലെ പോലീസ് വകുപ്പ് നാഥനില്ലാക്കളരിയായി മാറിയിരിക്കുകയാണ്. കസ്റ്റഡി മരണങ്ങളും പോലീസ് അതിക്രമങ്ങളും വർദ്ധിച്ചുവരികയാണ്.
ഇന്ന് കസ്റ്റഡിയിൽ മരണപ്പെട്ട യുവാവിൻ്റെ ജീവന് ആരോടാണ് മറുപടി ചോദിക്കേണ്ടത്? ഈ മരണത്തിന് ഉത്തരവാദികൾ ആരാണ്? അടുത്ത കാലത്തെ സംഭവവികാസങ്ങൾ കോർത്തിണക്കി നോക്കുമ്പോൾ കേരളത്തിൽ ആഭ്യന്തരവകുപ്പ് എന്ന സംവിധാനം ഉണ്ടോ എന്ന സംശയം ഇന്ന് കേരള ജനതയുടെ മനസ്സിൽ ഉദിച്ചിരിക്കുകയാണ്. സ്വന്തം പോലീസിനെ കടിഞ്ഞാണിടാൻ കഴിയാത്ത ആഭ്യന്തരവകുപ്പ് പരാജയത്തിൽ നിന്നും പരാജയത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. കേരളത്തിൽ ഇന്ന് മനുഷ്യ ജീവന് ഒരു വിലയും ഇല്ലാ എന്ന സ്ഥിതിയാണുള്ളത്.
ഉറക്കം നടിക്കുന്ന ആഭ്യന്തരവകുപ്പ് ഉണർന്നു പ്രവർത്തിക്കണം. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട ചുമതല ഈ സർക്കാരും, ആഭ്യന്തര വകുപ്പും ഏറ്റെടുക്കണം.
https://www.facebook.com/Malayalivartha























