കലിയടങ്ങാതെ പുടിന്‍... റഷ്യന്‍ ടാങ്കിലെ ദുരൂഹമായ അക്ഷരം ചര്‍ച്ചയാകുന്നു; ചര്‍ച്ചയോടൊപ്പം യുദ്ധവും കനക്കുന്നു; ഹര്‍കീവില്‍ റോക്കറ്റ് ആക്രമണത്തില്‍ പത്തിലധികം പേര്‍ മരിച്ചു; പാശ്ചാത്യ ഉപരോധം കനത്തതോടെ റഷ്യ കൂടുതല്‍ ഒറ്റപ്പെട്ടു

യുദ്ധം മൂലം യുക്രെയ്ന്‍ ജനതയുടെ കഷ്ടപ്പാട് തുടരുന്നു. അതിനിടെ ചെകുത്താന് സമാനമായ റഷ്യന്‍ സേനയുടെ ടാങ്കുകളില്‍ കാണുന്ന അക്ഷരവും ചര്‍ച്ചയാകുന്നു. യുക്രെയ്‌നില്‍ അധിനിവേശം നടത്തിയ റഷ്യന്‍ സേനയുടെ ടാങ്കുകളില്‍ വലിയ അക്ഷരത്തില്‍ ഇംഗ്ലിഷ് അക്ഷരമാലയിലെ ' സെഡ് ' എന്നെഴുതിയിരിക്കുന്നത് എന്തിനാണ് എന്ന തരത്തിലാണ് ചര്‍ച്ച പോകുന്നത്.
റഷ്യന്‍ അക്ഷരമാലയില്‍ സെഡ് എന്ന അക്ഷരമില്ല എന്നതാണു രസകരം. ശത്രുരാജ്യത്തിന്റെ യുദ്ധവാഹനങ്ങളില്‍ നിന്നു വേര്‍തിരിച്ചറിയുന്നതിനാണു റഷ്യ ടാങ്കുകളിലും വാഹനങ്ങളിലും സെഡ് എന്നെഴുതിയിരിക്കുന്നതെന്നു സൈനിക വിദഗ്ധര്‍ വിശദീകരിക്കുന്നു. യുക്രെയ്‌നും റഷ്യയും അയല്‍രാജ്യങ്ങളായതിനാല്‍ യുദ്ധവാഹനങ്ങള്‍ക്കു ചില സാമ്യമുണ്ട്.
ഇത്തരം സാഹചര്യത്തില്‍ സ്വന്തംസേന പരസ്പരം ആക്രമിക്കുന്ന സംഭവങ്ങള്‍വരെ ഉണ്ടായേക്കാം. എന്നാല്‍, ഓരോ യുദ്ധമേഖലകളിലും വിന്യസിച്ചിരിക്കുന്ന വാഹനങ്ങള്‍ തിരിച്ചറിയുന്നതിനാണ് ഇത്തരമെഴുത്തെന്നാണു മറ്റൊരു വാദം. യുദ്ധമുന്നേറ്റത്തെ അളക്കാന്‍ ഇതുവഴി കഴിയും. സെഡ് എന്ന അക്ഷരം പല രീതിയില്‍ ചതുരത്തിലും കള്ളികളിലുമായി ടാങ്കുകളില്‍ എഴുതിയിട്ടുണ്ട്.
അതേസമയം ബെലാറൂസ് അതിര്‍ത്തിയില്‍ യുക്രെയ്ന്‍ റഷ്യ ആദ്യഘട്ട ചര്‍ച്ച പൂര്‍ത്തിയായി. ഇരുകൂട്ടരും മറുപക്ഷത്തിന്റെ ആവശ്യങ്ങള്‍ ഭരണനേതൃത്വങ്ങളെ അറിയിച്ചശേഷം രണ്ടാംഘട്ട ചര്‍ച്ചയ്ക്കുള്ള സമയം നിശ്ചയിക്കും. ഇന്നലെയും യുക്രെയ്‌നില്‍ റഷ്യ കനത്ത ആക്രമണം തുടര്‍ന്നു. പാശ്ചാത്യ ഉപരോധം കനത്തതോടെ റഷ്യ കൂടുതല്‍ ഒറ്റപ്പെട്ടു.യൂറോപ്യന്‍ യൂണിയനില്‍ അംഗത്വത്തിനായി യുക്രെയ്ന്‍ അപേക്ഷ നല്‍കി.
യുക്രെയ്‌നിലെ രണ്ടാമത്തെ വലിയ നഗരമായ ഹര്‍കീവില്‍ പാര്‍പ്പിട സമുച്ചയത്തിനു നേരെ കനത്ത റോക്കറ്റ് ആക്രമണം. പത്തിലധികം പേര്‍ മരിച്ചു. ചെര്‍ണീവ് മേഖലയില്‍ മിസൈല്‍ വീണ് കെട്ടിടം കത്തി.
തെക്കുകിഴക്കന്‍ യുക്രെയ്‌നിലെ ബെര്‍ഡിയാന്‍സ്‌ക്, എനര്‍ഗൊദാര്‍ എന്നീ ചെറുപട്ടണങ്ങള്‍ റഷ്യ പിടിച്ചെടുത്തു. മറ്റെല്ലായിടത്തും കടുത്ത ചെറുത്തുനില്‍പ്. സാഫോറിഷ്യ ആണവനിലയം പിടിച്ചതായി റിപ്പോര്‍ട്ടുണ്ടെങ്കിലും യുക്രെയ്ന്‍ നിഷേധിച്ചു. യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയമാണിത്. തെക്കന്‍ തുറമുഖ നഗരമായ മരിയുപോളിലും ശക്തമായ ഏറ്റുമുട്ടല്‍.14 കുട്ടികളടക്കം 352 പൗരന്മാര്‍ കൊല്ലപ്പെട്ടതായി യുക്രെയ്ന്‍. പലായനം ചെയ്തവരുടെ എണ്ണം 5 ലക്ഷമെന്നു യുഎന്‍. ആണവരഹിത രാഷ്ട്രപദവി ഉപേക്ഷിക്കാന്‍ ബെലാറൂസ് തീരുമാനം. ബെലാറൂസിലെ യുഎസ് എംബസി അടച്ചു. റഷ്യന്‍ എംബസിയിലെ നിര്‍ബന്ധമായും തുടരേണ്ടതില്ലാത്തവരെ മടങ്ങാന്‍ അനുവദിച്ചു.
റൂബിളിന്റെ മൂല്യം 30% വരെ ഇടിഞ്ഞെങ്കിലും പിന്നീട് നില അല്‍പം മെച്ചപ്പെട്ടു. വെള്ളിയാഴ്ച ഡോളറിന് 85 റൂബിള്‍ എന്നതായിരുന്നു നിരക്കെങ്കില്‍ ഇന്നലെയത് 101 റൂബിളായി. തകര്‍ച്ച നേരിടാന്‍ റഷ്യന്‍ സെന്‍ട്രല്‍ ബാങ്ക് പലിശനിരക്ക് 9.5 ശതമാനത്തില്‍നിന്ന് 20% ആക്കി. റഷ്യന്‍ സെന്‍ട്രല്‍ ബാങ്കിനും റഷ്യന്‍ നിക്ഷേപനിധിക്കും യുഎസ് ഉപരോധം.
തകര്‍ച്ചാഭീതിയില്‍ മോസ്‌കോ ഓഹരിവിപണി തുറന്നില്ല. റഷ്യയില്‍ ബിസിനസുള്ള രാജ്യാന്തര കമ്പനികളുടെ ഓഹരിവില ഇടിഞ്ഞു. റഷ്യയില്‍ എടിഎമ്മുകള്‍ക്കു മുന്നില്‍ നീണ്ട ക്യൂ. പലയിടത്തും പണം തീര്‍ന്നു. ഇന്ത്യന്‍ ഓഹരിവിപണിയില്‍ ആശ്വാസം. സെന്‍സെക്‌സ് 388.76 പോയിന്റും നിഫ്റ്റി 135.5 പോയിന്റും ഉയര്‍ന്നു. അതേസമയം കേരളത്തില്‍ സ്വര്‍ണവില പവന് 520 രൂപ കൂടി 37,600 രൂപയായി.
യുക്രെയ്‌നില്‍ റഷ്യ നടത്തുന്ന ആക്രമണം അവസാനിപ്പിക്കണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു. സൈന്യത്തെ പിന്‍വലിക്കണം. ജനവാസമേഖലകള്‍ ആക്രമിക്കപ്പെട്ടതിന് തെളിവുണ്ട്. ആണവായുധ സംവിധാനങ്ങള്‍ സജ്ജമാക്കിയ റഷ്യന്‍ നടപടി നീതികരിക്കാനാകില്ല. ഇരുരാജ്യങ്ങളുമായി ചര്‍ച്ച നടത്താന്‍ തയാറെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ അറിയിച്ചു.
അതേസമയം, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിനുമായി ചര്‍ച്ച നടത്തി. റഷ്യന്‍ പ്രസിഡന്റിനു മുന്നില്‍ മക്രോ മൂന്ന് നിര്‍ദേശങ്ങള്‍ വച്ചു. ജനങ്ങള്‍ക്കും വീടുകള്‍ക്കും നേരെയുള്ള ആക്രമണം നിര്‍ത്തണമെന്ന് മക്രോ ആവശ്യപ്പെട്ടു. റോഡുകള്‍ തകര്‍ക്കരുതെന്നും ഫ്രഞ്ച് പ്രസിഡന്റ് ആവശ്യപ്പെട്ടു. മക്രോയുടെ മൂന്ന് നിര്‍ദേശങ്ങളില്‍ ചര്‍ച്ച നടത്താമെന്ന് പുട്ടിന്‍ അറിയിച്ചു.
https://www.facebook.com/Malayalivartha























