മുന്നറിയിപ്പുമായി മോദി... 24 മണിക്കൂറിനിടെ മൂന്നാമത്തെ യോഗം വിളിച്ച് നരേന്ദ്രമോദി; വിദ്യാര്‍ഥികളുടെ സുരക്ഷയില്‍ അതീവ ആശങ്കയുമായി പ്രധാനമന്ത്രി; ഓപ്പറേഷന്‍ ഗംഗ ഏകോപിപ്പിക്കാന്‍ കേന്ദ്രമന്ത്രിമാരെ യുക്രെയ്‌ന്റെ അയല്‍ രാജ്യങ്ങളിലേക്ക് അയക്കാന്‍ തീരുമാനിച്ചു

യുക്രെയ്ന്‍ ഇന്ത്യുടെ സഹായം അഭ്യര്‍ത്ഥിക്കുന്നുണ്ടെങ്കിലും അവിടത്തെ പോലീസും പട്ടാളവും ഇന്ത്യന്‍ വിദ്യാര്‍ത്ഥികളോട് കാണിക്കുന്ന വിവേചനത്തിനെതിരെ അതീവ ആശങ്കയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. യുക്രെയ്ന്‍ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ വീണ്ടും യോഗം. 24 മണിക്കൂറിനിടെ മൂന്നാമത്തെ യോഗമാണ്. പ്രധാനമന്ത്രി വിദ്യാര്‍ഥികളുടെ സുരക്ഷയില്‍ അതീവ ആശങ്ക പ്രകടിപ്പിച്ചു.
ഞായറാഴ്ച വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായും പ്രധാനമന്ത്രി ചര്‍ച്ച നടത്തിയിരുന്നു. ഓപ്പറേഷന്‍ ഗംഗ ഏകോപിപ്പിക്കാന്‍ കേന്ദ്രമന്ത്രിമാരെ യുക്രെയ്‌ന്റെ അയല്‍ രാജ്യങ്ങളിലേക്ക് അയക്കാന്‍ തീരുമാനിച്ചു. ഹര്‍ദീപ് സിങ് പുരി, ജ്യോതിരാദിത്യ സിന്ധ്യ, കിരണ്‍ റിജിജു, വി.കെ.സിങ് എന്നിവര്‍ക്കാണ് ഏകോപന ചുമതല.യുക്രെയ്‌നില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരില്‍ കൂടുതലും വിദ്യാര്‍ഥികളാണ്. അവരെ നാട്ടില്‍ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
ട്രെയിനുകളില്‍ ഉടന്‍ പടിഞ്ഞാറന്‍ മേഖലയിലേയ്ക്ക് പോകാന്‍ വിദ്യാര്‍ഥികള്‍ക്ക് എംബസി നിര്‍ദേശം നല്‍കിയിരുന്നു. യുക്രെയ്‌നില്‍ നിന്ന് ഇന്ത്യക്കാരുമായി ആറാമത്തെ വിമാനം എത്തിയിരുന്നു. ഇതുവരെ ആയിരത്തിലധിം ആളുകളെയാണ് രാജ്യത്ത് തിരിച്ചെത്തിച്ചത്.
യുക്രെയിനിന്റെ തലസ്ഥാനമായ കീവില്‍ നിന്ന് അടക്കം ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ മടക്ക യാത്ര തുടങ്ങിയിട്ടുണ്ട്. കര്‍ഫ്യു ഇളവു ചെയ്തതോടെ വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ ഹോസ്റ്റലുകള്‍ വിട്ട് സമീപത്തെ റെയില്‍വേ സ്‌റ്റേഷനുകളിലേക്ക് പോവുകയാണ്. പോളണ്ട് അതിര്‍ത്തിയിലേക്കാണ് കൂടുതല്‍ ആളുകളും പോകുന്നത്. ഇന്ത്യന്‍ എംബസിയില്‍ താമസിച്ചിരുന്ന 200ഓളം വിദ്യാര്‍ഥികള്‍ രാവിലെ തന്നെ ട്രെയിനില്‍ കയറി. ഇവര്‍ പോളണ്ട് അതിര്‍ത്തിയില്‍ ഉടന്‍ എത്തിച്ചേരുമെന്നാണ് വിവരം.
അതേസമയം, ട്രെയിനില്‍ കയറാന്‍ പല ഇന്ത്യക്കാര്‍ക്കും തടസം നേരിടുന്നുണ്ടെന്നു വിദ്യാര്‍ഥികള്‍ പറയുന്നു. യുക്രെയ്ന്‍ പൗരന്മാരെയാണ് ട്രെയിനില്‍ ആദ്യം പരിഗണിക്കുന്നത്. പല ട്രെയിനുകള്‍ കടന്നു പോയിട്ടും ഭൂരിപക്ഷം കുട്ടികളും സ്‌റ്റേഷനില്‍ തന്നെ തുടരുകയാണ്. കീവിലെ റെയില്‍വേ സ്‌റ്റേഷനില്‍ 650നു മുകളില്‍ ഇന്ത്യന്‍ കുട്ടികളുണ്ട്. ഇന്ത്യന്‍ ഹെല്‍പ് ഡെസ്‌ക് ലെവീവ് എന്ന സ്ഥലത്ത് ഉണ്ടെന്നാണ് കുട്ടികള്‍ക്ക് ലഭിച്ചിരിക്കുന്ന വിവരം. അവിടെ ഭക്ഷണം ലഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ലെവീവില്‍ നിന്ന് ടാക്‌സിയില്‍ വേണം പോളണ്ടിലേക്ക് പോകാന്‍. ഇവിടെ നിന്നാണ് ഓപ്പറേഷന്‍ ഗംഗ വിമാനങ്ങള്‍.
എന്നാല്‍, പ്രതീക്ഷയോടെ വന്നവര്‍ക്ക് ട്രെയിനിന്റെ അടുത്തു പോലും ചെല്ലാന്‍ കഴിയാത്ത സാഹചര്യമാണ്. ഓരോ ട്രെയിനിലും ഇന്ത്യക്കാരെ ഒഴിവാക്കുകയാണ്. സ്‌പെഷല്‍ ട്രെയിന്‍ ഒരു ദിവസത്തേക്കു മാത്രമാണോ എന്ന സംശയവും ഉണ്ട്. കര്‍ഫ്യുവില്‍ ഇളവു വരുത്തിയാണ് ഇന്ത്യന്‍ കുട്ടികളെ ഹോസ്റ്റലില്‍ നിന്നു പുറത്തിറക്കിയത്. പലര്‍ക്കും ടിക്കറ്റിന് പണം തികയാത്ത പ്രശ്‌നമുണ്ട്. ടിക്കറ്റ് എടുക്കാതെ ട്രെയിനില്‍ കയറുന്നവരുമുണ്ട്. കീവില്‍ നിന്ന് പോളണ്ട് അതിര്‍ത്തിയിലേക്ക് 500 രൂപയിലധികം ചെലവഴിക്കണം. പണം അക്കൗണ്ടിലുണ്ടെങ്കിലും കാര്‍ഡ് ഉപയോഗിച്ചു പണം എടുക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.
യുക്രെയ്‌നിലുള്ള ഇന്ത്യക്കാരെ സുരക്ഷിതമായി രാജ്യത്ത് എത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇതിനായി അവിടെയുള്ള 19,000ല്‍ അധികം ആളുകളുടെ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. എല്ലാവരെയും സൗജന്യമായി നാട്ടിലെത്തിക്കാനാണ് തീരുമാനമെന്നും കേന്ദ്രത്തിനു വേണ്ടി ഹാജരായ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു.
അഭിഭാഷക ദമ്പതികളുടെ മകളെ യുക്രെയ്‌നിലെ കീവില്‍ നിന്നു രക്ഷിക്കാന്‍ കോടതി ഇടപെടണം എന്ന ആവശ്യവുമായി ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് കേന്ദ്രം നിലപാടറിയിച്ചത്.
https://www.facebook.com/Malayalivartha























