ദിലീപിന് വീണ്ടും കുരുക്ക്? പുതിയ വെളിപ്പെടുത്തലിൽ തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ ക്രൈംബ്രാഞ്ച്, ഇതുവരെയുള്ള അന്വേഷണ വിവരങ്ങൾ മുദ്രവച്ച കവറിൽ കോടതിക്ക് കൈമാറി, ദിലീപടക്കമുള്ള പ്രതികളെ വീണ്ടും ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷൻ

കൊച്ചിയിൽ പ്രമുഖ നടിയെ ആക്രമിച്ച കേസില്‍ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലുള്ള തുടരന്വേഷണ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് എറണാകുളം പ്രത്യേക സി ബി ഐ കോടതിയില്‍ ഇന്ന് സമര്‍പ്പിക്കും. മാര്‍ച്ച് ഒന്ന് വരെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ക്രൈംബ്രാഞ്ചിന് വിചാരണാ കോടതി സമയം അനുവദിച്ചത്.
എന്നാല്‍ അന്തിമ റിപ്പോര്‍ട്ട് വൈകാനാണ് സാധ്യത. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ദിലീപ് കണ്ടുവെന്നും താൻ അതിന് സാക്ഷിയാണെന്നുമായിരുന്നു സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തൽ.ഇതിന്റെ അടിസ്ഥാനത്തിലാണ് നേരത്തെ ക്രൈംബ്രാഞ്ച് തുടരന്വേഷണം ആരംഭിച്ചത്.
അതേസമയം, പ്രധാന കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കോടതി ആറ് മാസത്തെ സാവകാശം കൂടി തേടിയിട്ടുണ്ട്.കേസിലെ തുടരന്വേഷണം പൂർത്തിയാക്കാൻ മൂന്ന് മാസം കൂടി വേണം. കേസിൽ വിശദമായ അന്വേഷണം ആവശ്യമാണെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഇതുവരെയുള്ള അന്വേഷണ വിവരങ്ങൾ മുദ്രവച്ച കവറിൽ കോടതിക്ക് കൈമാറി.
എന്നാൽ തുടരന്വേഷണത്തിന് ഇനി സമയം നീട്ടി നൽകരുതെന്നും, സമയപരിധി നീട്ടുകയല്ല അന്വേഷണം തടയുകയാണ് വേണ്ടതെന്നും ദിലീപ് കോടതിയോട് പറഞ്ഞു. കേസ് അന്വേഷണത്തിലെ പാളിച്ചകൾ ഇല്ലാതാക്കാനാണ് ഇപ്പോൾ തുടരന്വേഷണം. ഇതിന്റെ മറവിൽ തനിക്കെതിരെ വ്യാജ തെളിവുകൾ സൃഷ്ടിക്കാനാണ് ശ്രമമെന്നും ദിലീപ് ആരോപിച്ചു.തുടരന്വേഷണം അനന്തമായി നീട്ടാനാകില്ലെന്ന് കഴിഞ്ഞ ദിവസം ഹർജി പരിഗണിക്കവെ കോടതി വ്യക്തമാക്കിയിരുന്നു.
എന്നാൽ, അന്വേഷണം അവസാന ഘട്ടത്തിലാണെന്നും ചില ഡിജിറ്റൽ തെളിവുകൾ കൂടി പരിശോധിക്കാനുണ്ടെന്നുമാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിട്ടുള്ളത്. കൂടാതെ ഫോറൻസിക് പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ ദിലീപടക്കമുള്ള പ്രതികളെ വീണ്ടും ചോദ്യം ചെയ്യണമെന്ന കാര്യവും പ്രോസിക്യൂഷൻ വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























