മഹാത്മജിക്കുള്ള സമ്മാനമായി ഭാരമേറിയ ഒരു പെട്ടിയുമായി ഒരിക്കൽ ഒരാൾ ആശ്രമത്തിലേക്ക് വരികയുണ്ടായി; നിറയെ കീറയചെരുപ്പുകളായിരുന്നു; ഗാന്ധിജിയെ അവഹേളിക്കാൻ വേണ്ടി ചെയ്ത ഈ പ്രവൃത്തിയോട് പക്ഷെ അദ്ദേഹം വളരെ സൗമ്യമായാണ് പ്രതികരിച്ചത്; അവ ഒരു ആക്രിക്കടയിൽ കൊണ്ടുചെന്ന് വിൽക്കാൻ നിർദേശിച്ചു; പിന്നീട് ഈ ഉപഹാരം അയച്ച വ്യക്തി കൂടി ഉണ്ടായിരുന്ന ഒരു സദസിനോട് അദ്ദേഹം ഇത് പ്രഖ്യാപിച്ചപ്പോൾ സംഭവിച്ചത് മറ്റൊന്ന്; ആ സംഭവം വിവരിച്ച് കെ കെ ശൈലജ ടീച്ചർ

തുഷാർ ഗാന്ധിയോടൊപ്പം കെ കെ ശൈലജ ടീച്ചർ മട്ടന്നുർ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ ഗാന്ധിലയം എന്ന പേരിൽ മഹാത്മജിയുടെ പ്രതിമ അനാച്ഛാദനം ചെയ്തു. . അതിന് ശേഷം ടീച്ചർ ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; മട്ടന്നുർ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ ഗാന്ധിലയം എന്ന പേരിൽ മഹാത്മജിയുടെ പ്രതിമ അനാച്ഛാദനം ചെയ്തു.
മഹാത്മാഗാന്ധിയുടെ പൗത്രപുത്രൻ തുഷാർ അരുൺ ഗാന്ധിയാണ് പ്രതിമ അനാച്ഛാദനം ചെയ്തത്. തുഷാർ ഗാന്ധിയോടൊപ്പം വേദി പങ്കിടാൻ കഴിഞ്ഞതിൽ ഏറെ അഭിമാനമുണ്ട്. സൗമ്യവും ദീപ്തവുമായ പ്രസംഗമാണ് അദ്ദേഹം കാഴ്ചവച്ചത്. മഹാത്മജിയുടെ ആശയങ്ങൾ സമൂഹത്തിൽ പ്രചരിപ്പിക്കാൻ ഗാന്ധി ഫൗണ്ടേഷൻ്റെ ഭാഗമായി അദ്ദേഹം പ്രവർത്തിക്കുകയാണ്.
രാഷ്ട്രീയ പാർട്ടികളുടെ ഭാഗമായി പ്രവർത്തിക്കുന്നില്ലെങ്കിലും വർഗ്ഗീയതയ്ക്കും മതഭ്രാന്തിനുമെതിരായി നിരന്തരമായ പ്രതികരണങ്ങൾ തുഷാർ ഗാന്ധിയിൽ നിന്ന് ഉണ്ടാകാറുണ്ട്. മട്ടന്നൂരിൽ നടത്തിയ പ്രസംഗത്തിലും അദ്ദേഹം വളരെ വ്യക്തമായി രാജ്യത്തിൻ്റെ ഭാവിയെ കുറിച്ചുള്ള ഉത്കണ്ഠ പ്രകടിപ്പിച്ചു.
രാഷ്ട്രീയ പാർടി നേതാക്കൾ വ്യക്തിപരമായ ഔന്നത്യത്തിനുവേണ്ടി പ്രവർത്തിക്കുന്നത് ശരിയല്ലെന്നും സമുഹത്തിൽ മാറ്റങ്ങളുണ്ടാക്കാൻ കൂട്ടായി ഇടപെടുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മഹാത്മജിയെ കുറിച്ചുള്ള ഓർമകൾ അയവിറക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞ ചില കഥകൾ ഏറെ പ്രസക്തമാണ്. കോപം എന്ന വികാരം എങ്ങനെയാണ് സംഹാരപരമായി മാറുന്നതെന്നും അവയെ എങ്ങനെ ഗുണകരമായി മാറ്റുന്നതെന്നും ഗാന്ധിജി പറഞ്ഞു കൊടുത്ത ഒരു കഥയെ ആസ്പദമാക്കി അദ്ദേഹം പറഞ്ഞത് ഏറെ രസകരമായി.
കോപം കഠിനമായ ഒരു മിന്നലിൻ്റെ പരിവേഷമാർജ്ജിച്ചാൽ മിന്നലും അതേൽക്കുന്ന വസ്തുവും നശിച്ചുപോവും എന്നാൽ അതേ മിന്നലിലെ വൈദ്യുതി ഒരു ബാറ്ററിയിൽ സംഭരിച്ചാൽ അതേ വൈദ്യുതി ഉപയോഗിച്ച് വിളക്കുകൾ പ്രകാശിപ്പിക്കാം. ശേഷിച്ച ഊർജം ബാറ്ററിയിൽ സംഭരിക്കപ്പെടുകയും പിന്നീടുള്ള ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്യാം. ഇതാണ് കോപം നിയന്ത്രിക്കേണ്ടതിൻ്റെയും അതിനെ ശരിയായ വഴിക്ക് തിരിച്ച് വിടേണ്ടതിൻ്റെയും ആവശ്യകതയെന്ന് ചെറുപ്പത്തിൽ തൻ്റെ അച്ഛനെ പഠിപ്പിക്കാൻ ഗാന്ധിജി പറഞ്ഞ കഥയായി അദ്ദേഹം അവതരിപ്പിച്ചത്.
മറ്റൊരു കഥ കൂടി അദ്ദേഹം പങ്കുവച്ചു. മഹാത്മജിക്കുള്ള സമ്മാനമായി ഭാരമേറിയ ഒരു പെട്ടിയുമായി ഒരിക്കൽ ഒരാൾ ആശ്രമത്തിലേക്ക് വരികയുണ്ടായി മഹാത്മജി ഒരു യോഗത്തിലായതിനാൽ നേരിട്ട് കൊടുക്കാൻ സാധിക്കാതെ അദ്ദേഹം അത് ആശ്രമത്തിൽ ഏൽപ്പിച്ചു. നിറയെ കീറയചെരുപ്പുകളായിരുന്നു. ഗാന്ധിജിയെ അവഹേളിക്കാൻ വേണ്ടി ചെയ്ത ഈ പ്രവൃത്തിയോട് പക്ഷെ അദ്ദേഹം വളരെ സൗമ്യമായാണ് പ്രതികരിച്ചത്.
എൻ്റെ വളരെ പ്രിയപ്പെട്ട സുഹൃത്താണ് ഈ ഉപകാരപ്രദമായ സമ്മാനം എനിക്ക് അയച്ചതെന്ന് പറഞ്ഞ അദ്ദേഹം അവ ഒരു ആക്രിക്കടയിൽ കൊണ്ടുചെന്ന് വിൽക്കാൻ നിർദേശിച്ചു. പ്രതിഫലമായി ലഭിച്ച മൂന്നേകാൽ രൂപ അദ്ദേഹം ഹരിജനോദ്ധാരണ ഫണ്ടിലേക്ക് നൽകി. പിന്നീട് ഈ ഉപഹാരം അയച്ച വ്യക്തി കൂടി ഉണ്ടായിരുന്ന ഒരു സദസിനോട് അദ്ദേഹം ഇത് പ്രഖ്യാപിച്ചപ്പോൾ കോപിഷ്ഠനായ അദ്ദേഹം താൻ ഈ ചെരിപ്പുകൾ പ്രതിഷേധ സൂചകമായാണ് അയച്ചതെന്ന് പ്രതികരിച്ചു.
സദസിൽ പ്രശ്നങ്ങളുണ്ടാക്കിയ അദ്ദേഹത്തെ സംഘാടകർ പുറത്തേക്ക് പറഞ്ഞയച്ചു. ഇതുപോലെ കോപം നിയന്ത്രിക്കാൻ കഴിയാത്ത ഒരു മതഭ്രാന്തനാണ് മഹാത്മജിയുടെയും ജീവനെടുത്തതെന്നും തുഷാർ ഗാന്ധി പറഞ്ഞു. മതഭ്രാന്ത് അവസാനിപ്പിച്ച് നമ്മുടെ നാട് സ്നേഹത്തോടെ ഒന്നാകുമ്പോൾ മാത്രമേ ഇന്ത്യ ഇന്ത്യയാവുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്നത്തെ കാലത്ത് ഏറെ ചിന്തിക്കേണ്ടുന്ന വാക്കുകളാണ് തുഷാർ ഗാന്ധി പങ്കുവച്ചത്. അദ്ദേഹത്തോടൊപ്പം വേദി പങ്കിടാൻ കഴിഞ്ഞത് ഏറെ സന്തോഷമുള്ള അനുഭവമായി. സമൂഹത്തിൽ വളർന്നു വരുന്ന മത വർഗ്ഗീയതയ്ക്കും ഉൻമൂലന സിദ്ധാന്തത്തിനുമെതിരെ ശക്തമായ പ്രതികരണങ്ങൾ ഉയർത്തിക്കൊണ്ടു വരാം.
https://www.facebook.com/Malayalivartha

























